ശ്രീനഗർ: ജമ്മു-കശ്മീരിൽ ഏറ്റുമുട്ടലിൽ മേജർ ഉൾപ്പെടെ രണ്ടുസൈനികരും രണ്ടു തീവ്രവാദികളും കൊല്ലപ്പെട്ടു. ഷോപിയാൻ ജില്ലയിലെ സൈനപുരയിൽ തീവ്രവാദികൾ പതിയിരുന്ന് നടത്തിയ ആക്രമണത്തിലാണ് സൈനികർക്ക് ജീവഹാനിയുണ്ടായത്. കുൽഗാം ജില്ലയിലെ ഗോപാൽപുരയിലാണ് അഞ്ച് പൊലീസുകാരെ കൊന്നത് ഉൾപ്പെടെ നിരവധി ആക്രമണക്കേസുകളിൽ പ്രതികളായ ഹിസ്ബുൽ മുജാഹിദീൻ ഭീകരർ കൊല്ലപ്പെട്ടതെന്ന്് പൊലീസ് പറഞ്ഞു.
തീവ്രവാദികൾ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെതുടർന്ന് സൈനപുരയിൽ വീടുകൾതോറും പരിശോധന നടത്തുന്നതിനിടെയുണ്ടായ ആക്രമണത്തിൽ മേജർ കമലേഷ് പാണ്ഡെ, സിപായി തൻസീൻ ചുൽതിം എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കുകളോടെ 92 ബേസ് സൈനികആശുപത്രിയിൽ എത്തിച്ച ഇവരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവത്തിൽ സിപായി കൃപാൽ സിങ്ങിന് പരിക്കേറ്റു. ആക്രമണം നടത്തിയവർ രക്ഷപ്പെട്ടു.
ഇൗ വർഷം മേയിൽ ബാങ്കിലേക്ക് പണവുമായി പോയ വാൻ ആക്രമിച്ചത് ഉൾപ്പെടെയുള്ള കേസുകളിൽ പ്രതികളായ ആഖിബ് ഹുസൈൻ ഇത്തു, സുഹൈൽ അഹ്മദ് റാത്തർ എന്നിവരാണ് ഗോപാൽപുരയിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. മേയ് ഒന്നിലെ സംഭവത്തിൽ അഞ്ച് പൊലീസുകാരും രണ്ടു ബാങ്ക് ജീവനക്കാരും മരിച്ചിരുന്നു. ഇതിനുപുറമെ, കുൽഗാമിലെ യാറിപുരയിൽ പൊലീസ് കോൺസ്റ്റബിളിനെ വധിച്ച സംഭവത്തിലും ആഖിബ് ഹുസൈൻ പ്രതിയാണ്.
മേജർ കമലേഷ് പാണ്ഡെ ഉത്തരാഖണ്ഡിലെ അൽമോറ സ്വദേശിയാണ്. 2012 ജൂണിലാണ് സൈന്യത്തിൽ ചേർന്നത്. ഹിമാചൽ പ്രദേശുകാരനായ തൻസീൻ ചുൽതിം 2012 സെപ്റ്റംബർ മുതൽ സൈന്യത്തിൽ സേവനമനുഷ്ഠിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.