ന്യൂഡൽഹി: കരട് പൗരത്വപ്പട്ടികയിൽനിന്ന് പുറത്തായ അസമിലെ ഇന്ത്യൻ പൗരന്മാരുടെ പൗരത്വം പുനഃസ്ഥാപിച്ചുകിട്ടാൻ വിഷൻ 2026 പദ്ധതിക്ക് കീഴിൽ അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഒാഫ് സിവിൽ റൈറ്റ്സ് (എ.പി.സി.ആർ) അസം ചാപ്റ്റർ കർമപദ്ധതി ആവിഷ്കരിച്ചു. വെള്ളിയാഴ്ച മുതൽ കരട് പൗരത്വപ്പട്ടികയിൽനിന്ന് പുറത്തായത്തിെൻറ കാരണങ്ങൾ എൻ.ആർ.സി സേവാകേന്ദ്രങ്ങൾ അറിയിച്ചു തുടങ്ങിയ മുറക്ക് ദരിദ്രരും നിരക്ഷരരുമായ നിസ്സഹായരെ സഹായിക്കാൻ വീടുവീടാന്തരം കയറിയിറങ്ങാനും നിയമപരമായി പിന്തുണ നൽകാനുമാണ് മനുഷ്യാവകാശ സംഘടനയായ എ.പി.സി.ആർ തീരുമാനിച്ചിരിക്കുന്നത്.
അസമിലെ ഗുവാഹത്തിയിലും ബറാക് വാലിയിലും ചേർന്ന കൂടിയോലോചനായോഗത്തിനു ശേഷമാണ് എ.പി.സി.ആർ അസം ചാപ്റ്റർ ഇതിനുള്ള അന്തിമരൂപം നൽകിയതെന്ന് എ.പി.സി.ആർ ജനറൽ സെക്രട്ടറി ടി. ആരിഫലി അറിയിച്ചു. രണ്ടു മാസത്തെ ദൗത്യമാണ് എ.പി.സി.ആർ ഏറ്റെടുത്തിട്ടുള്ളത്. ദരിദ്രവും വിദ്യാഭ്യാസപരമായി പിന്നാക്കവുമായ 320 ഗ്രാമപഞ്ചായത്തുകളില്‍ കേന്ദ്രീകരിക്കാനാണ് ഇപ്പോഴെടുത്ത തീരുമാനം. ഇതിനായി അസമിൽനിന്നുതന്നെയുള്ള വളൻറിയര്‍മാരെ നിശ്ചയിക്കും. അതിനുശേഷം പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട പരിശീലനം നല്‍കും. മുഴുസമയ വളൻറിയര്‍മാരായി ഇവർ ജനങ്ങളെ സഹായിക്കാനുണ്ടാകും. പൗരത്വപ്പട്ടികയില്‍നിന്ന് പുറത്തായവരുടെ എല്ലാ വീടുകളിലും ഇവര്‍ കയറിയിറങ്ങും. ഓരോ ആഴ്ചയും ഗൃഹസമ്പര്ക്കത്തിെൻറ റിപ്പോര്‍ട്ട് ശേഖരിക്കും.
പൗരത്വപ്പട്ടികയില്‍നിന്ന് പുറത്തായതിനുള്ള കാരണം മനസ്സിലാക്കി ആവശ്യമായ രേഖകൾ തയാറാക്കാനും അവ സമർപ്പിക്കാനും സഹായം ചെയ്യും. സ്വയം സമർപ്പിക്കേണ്ടത് അങ്ങനെയും അഭിഭാഷകരെ ബന്ധപ്പെടുത്തേണ്ട കേസുകളിൽ അങ്ങനെയും ചെയ്യും. ബഹുമുഖ പരിപാടികളാണ് മുന്നിലുള്ളതെന്ന് ആരിഫലി പറഞ്ഞു. ഉദ്യോഗസ്ഥര്‍ പക്ഷപാതപരമായ തീരുമാനമെടുത്ത നിരവധി സംഭവങ്ങളുണ്ട്. ഇത്തരം സംഭവങ്ങളില്‍ രണ്ടാമത് രേഖകള്‍ സമര്‍പ്പിച്ചാലും അവര്‍ തിരുത്തിക്കൊള്ളണമെന്നില്ല. എന്നിട്ടും പൗരത്വപ്പട്ടികയില്‍ പേര് വരാതിരുന്നാല്‍ അവര്‍ക്കുവേണ്ടി നിയമപരമായ പോരാട്ടം നടത്തേണ്ടി വരും.
ഏതു സമുദായക്കാരനാണെങ്കിലും ഒരു ഇന്ത്യക്കാരന്‍പോലും പൗരത്വപ്പട്ടികയില്‍ നിന്ന് പുറത്തുപോകരുതെന്നാണ് തങ്ങളുടെ ആഗ്രഹം. ഒരു സംസ്ഥാനത്ത് സംശയത്തിെൻറ മുള്‍മുനയില്‍ നിര്‍ത്തിയിരുന്ന ആളുകള്‍ക്ക് അവ പരിഹരിക്കുന്നതിനുള്ള അവസരമാണ് സുപ്രീംകോടതി നല്‍കിയിരുന്നത്. ആ നിലക്ക് സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ നടന്നുകൊണ്ടിരിക്കുന്നത് വലിെയാരു ദൗത്യമായിരുന്നു. എന്നാൽ, ജനങ്ങള്‍ നിരക്ഷരരായതു കൊണ്ടും പരിശോധനക്ക് നിശ്ചയിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ പക്ഷപാതികളായതുകൊണ്ടും ചില സാങ്കേതിക പ്രശ്നങ്ങള്‍കൊണ്ടും അസമിലെ ഒരു പാട് പൗരന്മാര് പട്ടികയില്‍ വന്നിട്ടില്ല.
ഇന്ത്യക്കാരായ ആളുകള്‍ പൗരത്വപ്പട്ടികക്ക് പുറത്തുപോകണമെന്ന് സുപ്രീംകോടതി ആഗ്രഹിച്ചിട്ടില്ല. ഇന്ത്യക്കാരെല്ലാവരും പട്ടികയിലുണ്ടാകണമെന്നാണ് സുപ്രീംകോടതി ആഗ്രഹിക്കുന്നത്. ആ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ ഇതേക്കുറിച്ചറിവുള്ളവരുടെ സഹായം ദരിദ്രരും നിരക്ഷരരുമായ പൗരന്മാര്ക്ക് ആവശ്യമുണ്ട്. ആ സഹായം നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് ആരിഫലി പറഞ്ഞു.
അസമിലെ രണ്ടു മേഖലകളിലുള്ളവർക്കായാണ് ഗുവാഹത്തിയിലും ബറാക്വാലിയിലും എ.പി.സി.ആർ അസം ചാപ്റ്റർ പ്രത്യേകം കൂടിയാലോചനാ യോഗങ്ങൾ വിളിച്ചതെന്ന് ആരിഫലി പറഞ്ഞു. ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷൻ വൈസ് ചെയര്മാന് മമ്മുണ്ണി മൗലവി, എ.പി.സി.ആർ അസം ചാപ്റ്റർ ഭാരവാഹികൾ എന്നിവർ യോഗങ്ങളിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.