ആന്ധ്രാപ്രദേശ് അപകടം; മരിച്ചവരുടെ ആശ്രിതർക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ‍്യാപിച്ച് പ്രധാനമന്ത്രി

അമരാവതി: ആന്ധ്രാപ്രദേശിലെ മർക്കപുരം ജില്ലയിൽ സ്വകാര്യബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 2 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. അപകടത്തിൽ പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും. സംഭവത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.  `ആന്ധ്രാപ്രദേശിലുണ്ടായ അപകടം അത്യന്തം ദാരുണമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (പി.എം.എന്‍.ആർ.എഫ്) നിന്ന് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും' പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ എക്സ് പോസ്റ്റിൽ വ്യക്തമാക്കി.

ഇന്ന് പുലർച്ചെയുണ്ടായ അപകടത്തിൽ 14 പേരാണ് മരിച്ചത്. സ്വകാര്യ ട്രാവൽസ് ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് തീപിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരിൽ പലരും ബസിനുള്ളിൽ കുടുങ്ങി വെന്തുമരിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. വ്യാഴാഴ്ച പുലർച്ചെ ഏകദേശം ആറ് മണിയോടെ മർക്കപുരം ജില്ലയിലെ റായവരം മേഖലയിലാണ് സംഭവം. തെലങ്കാനയിലെ നിർമലിൽ നിന്ന് ആന്ധ്രയിലെ നെല്ലൂരിലേക്ക് പോവുകയായിരുന്ന ഹരികൃഷ്ണ ട്രാവൽസ് എന്ന സ്വകാര്യ ബസാണ് ലോറിയുമായി കൂട്ടിയിടിച്ചത്. അമിതവേഗതയിലെത്തിയ ടിപ്പർ ലോറി ബസുമായി കൂട്ടിയിടിച്ചതിനെത്തുടർന്ന് രണ്ട് വാഹനങ്ങൾക്കും തീപിടിക്കുകയായിരുന്നു.

കൂട്ടിയിടിയുടെ ആഘാതത്തിൽ ബസിന്റെ ഡീസൽ ടാങ്ക് പൊട്ടിത്തെറിച്ചതാണ് തീ അതിവേഗം പടരാൻ കാരണമായതെന്ന് കരുതപ്പെടുന്നു. പുലർച്ചെ ആറ് മണിയോടെ നടന്ന അപകടമായതിനാൽ ബസിലെ ഭൂരിഭാഗം യാത്രക്കാരും ഉറക്കത്തിലായിരുന്നു. പെട്ടെന്നുണ്ടായ തീപിടിത്തവും പുകയും കാരണം പലർക്കും പുറത്തുകടക്കാൻ സാധിച്ചില്ല. ബസിന്റെ എമർജൻസി എക്സിറ്റ് വഴിയാണ് കുറച്ചുപേരെ നാട്ടുകാരും പൊലീസും ചേർന്ന് രക്ഷപ്പെടുത്തിയത്. അപകടത്തിൽപ്പെട്ട 18 ഓളം പേരെ രക്ഷപ്പെടുത്തി സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരുടെയും നില ഗുരുതരമാണെന്ന് മർക്കപുരം ഡി.എ.സ്പി നാഗരാജു മാധ്യമങ്ങളോട് പറഞ്ഞു.

അതേ സമയം ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പരിക്കേറ്റവരുടെ ചികിത്സയെക്കുറിച്ച് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ഏകദേശം 20 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി ജില്ലാ പൊലീസ് അദ്ദേഹത്തെ അറിയിച്ചു. അപകടത്തിന്റെ കാരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താനും വിശദമായ റിപ്പോർട്ട് നൽകാനും അദ്ദേഹം നിർദ്ദേശിച്ചു. സംഭവത്തിൽ ഉപമുഖ്യമന്ത്രി പവൻ കല്യാൺ ദുഃഖം രേഖപ്പെടുത്തി. `മർക്കാപുരം ജില്ലയിലെ രായവരത്തിന് സമീപമുണ്ടായ അപകടത്തിൽ 14 പേർ വെന്തുമരിച്ചുവെന്ന വാർത്ത എന്നെ ഞെട്ടിച്ചു. അപകടകാരണങ്ങളെക്കുറിച്ച് ജില്ലാ ഭരണകൂടത്തിൽ നിന്ന് ഞാൻ വിവരങ്ങൾ തേടിയിട്ടുണ്ട്. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്' അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.

Tags:    
News Summary - Andhra Pradesh accident: PM announces Rs 2 lakh compensation for kin of deceased

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.