റാഞ്ചി: ജാർഖണ്ഡിൽ 2024-ൽ സ്റ്റാഫ് സെലക്ഷൻ കമ്മിറ്റി-കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ (ജെ.എസ്.എസ്.സി-സി.ജി.എൽ) പരീക്ഷയിൽ 120 ചോദ്യങ്ങൾ ചോർന്നതായി റിപ്പോർട്ട്. സർക്കാർ ക്ലീൻ ചിറ്റ് നൽകി അന്വേഷണം അവസാനിപ്പിച്ച കേസിലെ സി.ഐ.ഡി റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. റിക്രൂട്ട്മെന്റ് പരീക്ഷകളിൽ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ട് റാഞ്ചിയിൽ വൻ പ്രക്ഷോഭങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് 2024-ലെ ജെ.എസ്.എസ്.സി ചോർച്ചയെക്കുറിച്ചുള്ള സംസ്ഥാന സി.ഐ.ഡിയുടെ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
ജെ.എസ്.എസ്.സി പേപ്പറുകൾ ചോരുകയും വാട്‌സാപ്പ് വഴി പ്രചരിക്കുകയും ചെയ്തുവെന്ന് റിപ്പോർട്ടിൽ പറയുന്നു. 150 ചോദ്യങ്ങളിൽ 120-ഉം വാട്‌സാപ്പ് വഴി ചോർന്നു. ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ (ജെ.പി.എസ്.സി) പരീക്ഷയ്ക്കിടെ സമാനമായ രീതിയിൽ ചോദ്യപേപ്പർ ചോർച്ചയുണ്ടായതോടെ വിഷയം കൂടുതൽ വഷളാകുകയും സംസ്ഥാന വ്യാപകമായി വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെടുകയും ചെയ്തു.
2024 ജനുവരിയിൽ നടന്ന പരീക്ഷയിൽ ചോദ്യപേപ്പർ ചോർന്നതിനെത്തുടർന്ന് പരീക്ഷ റദ്ദാക്കിയിരുന്നു. തുടർന്ന് സെപ്റ്റംബർ 21, 22 തീയതികളിലാണ് ജെ.എസ്.എസ്.സി പുനഃപരീക്ഷ നടത്തിയത്. ചോദ്യപേപ്പർ ചോരുമെന്ന ഭയത്താൽ ജാർഖണ്ഡ് മുഴുവൻ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയിരുന്നു. എങ്കിലും ലാൻഡ്‌ലൈൻ ഫോണുകൾ വഴിയും ഉത്തരങ്ങൾ പറഞ്ഞുകൊടുത്തും അവ ലഭ്യമാക്കിയതായി ഒരു ഉദ്യോഗാർഥി പറഞ്ഞു. പരീക്ഷയുടെ അന്ന് രാവിലെ 7:23 വരെ ഇത്തരത്തിൽ ഉത്തരങ്ങൾ ലഭിച്ചുകൊണ്ടിരുന്നു.
2025 മാർച്ചിൽ സി.ഐ.ഡി അന്വേഷണം പൂർത്തിയാക്കുകയും 150 ചോദ്യങ്ങളിൽ 120 എണ്ണവും ചോർന്നതായി കണ്ടെത്തുകയും ചെയ്തതായി പ്രാരംഭ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ റിപ്പോർട്ട് മാറ്റിവെച്ച സർക്കാർ രണ്ടാമതൊരു പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) രൂപീകരിച്ചു. ഈ അന്വേഷണത്തിൽ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തള്ളപ്പെട്ടു. ഉദ്യോഗാർഥികൾ പ്രതിഷേധിച്ചെങ്കിലും സർക്കാർ അവഗണിക്കുകയായിരുന്നു. ഇതിനിടെയാണ് ജെ.പി.എസ്.സി പരീക്ഷയിലും സമാനമായ ചോർച്ച റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ രോഷം ആളിക്കത്തിയത്.
വിദ്യാർഥി നേതാവ് ദേവേന്ദ്ര നാഥ് മഹ്തോയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭം റാഞ്ചിയിലെ ജയ്പാൽ സിംഗ് മുണ്ട സ്റ്റേഡിയത്തിൽ 16-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സർക്കാരും വിദ്യാർഥി പ്രതിനിധികളും തമ്മിൽ നടത്തിയ പലവട്ട ചർച്ചകളിലും ഇതുവരെയും ഒരു പരിഹാരവും കണ്ടെത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.