ഛത്തീസ്ഗഢ് ചീഫ് ജസ്റ്റിസിന്റെ ചിത്രം വെച്ച് ദുർമന്ത്രവാദം

ബന്ധുവിന് ജാമ്യം ലഭിക്കാൻ ഛത്തീസ്ഗഢ് ചീഫ് ജസ്റ്റിസിന്റെ ചിത്രം വെച്ച് ദുർമന്ത്രവാദം; യുവാവ് പിടിയിൽ

ബിലാസ്പൂർ: ബന്ധുവിന് ജാമ്യം ലഭിക്കുന്നതിനായി ഛത്തീസ്ഗഢ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ചിത്രം വെച്ച് ശ്മശാനത്തിൽ ദുർമന്ത്രവാദം നടത്തിയ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബിലാസ്പൂരിലെ സിപത് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ദേവ്‌രി ഗ്രാമത്തിലെ ശ്മശാനത്തിലാണ് സംഭവം. ഋഷികേശ് കുമാർ എന്നയാളെയാണ് നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചത്.

വെള്ളിയാഴ്ച അർധരാത്രിയോടെ ശ്മശാനത്തിൽ സംശയസാഹചര്യത്തിൽ നാലംഗ സംഘത്തെ ഗ്രാമീണർ കാണുകയായിരുന്നു. തുടർന്ന് നാട്ടുകാർ സംഘത്തെ തടഞ്ഞുവെക്കാൻ ശ്രമിച്ചെങ്കിലും മൂന്നുപേർ ഓടി രക്ഷപ്പെട്ടു. പിടിയിലായ ഋഷികേശ് കുമാറിനെ പിന്നീട് പോലീസിന് കൈമാറി.

സംഭവസ്ഥലത്തുനിന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രമേഷ് സിൻഹയുടെ ചിത്രത്തിന് പുറമെ മത്സ്യം, നാരങ്ങ, കുങ്കുമം, കേസിൽ ഉൾപ്പെട്ട ഇരയുടെയും പ്രതിയുടെയും ചിത്രങ്ങളും പോലീസ് കണ്ടെടുത്തു.

കുത്ത് കേസിൽ അറസ്റ്റിലായ ബന്ധു പ്രിയാൻഷു ബോലെ എന്നയാൾക്ക് ജാമ്യം ലഭിക്കാനാണ് ദുർമന്ത്രവാദം നടത്തിയതെന്ന് ചോദ്യം ചെയ്യലിൽ ഋഷികേശ് കുമാർ സമ്മതിച്ചു. സോഷ്യൽ മീഡിയയിൽ കണ്ട് പഠിച്ച മന്ത്രവാദ രീതി പിന്തുടർന്നാണ് സുഹൃത്തുക്കൾക്കൊപ്പം ശ്മശാനത്തിലെത്തിയതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.

അന്ധവിശ്വാസപരമായ ഇത്തരം പ്രവൃത്തികളിലൂടെ കോടതിയിൽ നിന്ന് ജാമ്യം ലഭിക്കില്ലെന്നും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ സ്വയം തിരുത്താൻ തയ്യാറാകണമെന്നും ബിലാസ്പൂർ എസ്.പി രജ്നേഷ് സിങ് മുന്നറിയിപ്പ് നൽകി. സംഭവത്തിൽ പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    
News Summary - ബന്ധുവിന് ജാമ്യം ലഭിക്കാൻ ഛത്തീസ്ഗഢ് ചീഫ് ജസ്റ്റിസിന്റെ ചിത്രം വെച്ച് ദുർമന്ത്രവാദം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.