പ്രതീകാത്മക ചിത്രം


അനന്ത് അംബാനിയുടെ വൻതാര സുവോളജിക്കൽ സെന്ററിന് സുപ്രീംകോടതിയുടെ ക്ലീൻ ചിറ്റ്; നിയമങ്ങൾ പൂർണമായും പാലിക്കുന്നുണ്ടെന്ന് റിപ്പോർട്ട്

 ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസിന്റെ കീഴിൽ ഗുജറാത്തിലെ ജാംനഗറിൽ സ്ഥിതി ചെയ്യുന്ന അനന്ത് അംബാനിയുടെ വന്യജീവി പുനരധിവാസ കേന്ദ്രമായ വൻതാരക്ക് സുപ്രീം കോടതി രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം ക്ലീൻ ചിറ്റ് നൽകി.

വൻതാരയിലെ നിയമപാലനത്തിലും നിയന്ത്രണ നടപടികളിലും പ്രത്യേക അന്വേഷണ സംഘം ഉദ്യോഗസ്ഥർ സംതൃപ്തി പ്രകടിപ്പിച്ചു. ജസ്റ്റിസ് പങ്കജ് മിത്തലും ജസ്റ്റിസ് പി.ബി. വരാലെയും അടങ്ങിയ സു​പ്രീം കോടതി ബെഞ്ച് റിപ്പോർട്ട് വിലയിരുത്തി. വൻതാരയുടെ പ്രവർത്തനത്തിലും മൃഗപരിപാലന വിഷയത്തിലും ഉദ്യോഗസ്ഥർ സംതൃപ്തി പ്രകടിപ്പിച്ചു.

വൻതാരയിൽ അനധികൃതമായി മൃഗങ്ങളെ വാങ്ങിയതായും വന്യജീവി സംരക്ഷണത്തിന്റെയും പുനരധിവാസത്തിന്റെയും പേരിൽ ആനകളെയും പക്ഷികളെയും മറ്റ് സംരക്ഷിത ജീവജാലങ്ങളെയും വൻതാരയിലേക്ക് കടത്തുന്നതായും ആരോപിച്ചായിരുന്നു സുപ്രീം കോടതിയിൽ ഹരജി നൽകിയിരുന്നത്.

വെള്ളിയാഴ്ച കോടതി മുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. റിപ്പോർട്ട് പഠിച്ച ശേഷം വിശദമായ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. വൻതാരയിൽ നിയമങ്ങൾ പാലിക്കുന്നില്ലെന്നും വിദേശ രാജ്യങ്ങളിൽനിന്ന് മൃഗങ്ങളെ, പ്രത്യേകിച്ച് ആനകളെ, വാങ്ങിയതായും ആരോപിച്ച് രണ്ട് പൊതുതാൽപര്യ ഹരജികൾ സുപ്രീംകോടതിയിൽ സമർപ്പിച്ചിരുന്നു .

ഈ ഹരജികൾ കേൾക്കുന്നതിനിടയിലും വിവിധ മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും, ആരോപണങ്ങൾ അന്വേഷിക്കാൻ സുപ്രീം കോടതി ആഗസ്റ്റ് 25 ന് ഒരു പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കുകയും ജസ്റ്റിസ് ജെ. ചെലമേശ്വറിനെ ഈ അന്വേഷണ സംഘത്തിന്റെ തലവനാക്കുകയും ചെയ്യുകയായിരുന്നു. പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) മൂന്ന് ദിവസത്തേക്ക് വൻതാര സന്ദർശിച്ചിരുന്നു.

ഈ സമയത്ത്, മറ്റ് നിരവധി അന്വേഷണ ഏജൻസികളും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. അന്വേഷണത്തിൽ സഹായിക്കാൻ വിവിധ സംസ്ഥാനങ്ങളിലെ വനം വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയിരുന്നു. ഈ സന്ദർശന വേളയിൽ, വൻതാരയുടെ നേതൃത്വ സംഘത്തിലെ മുതിർന്ന അംഗങ്ങളെ ദീർഘനേരം ചോദ്യം ചെയ്തിരുന്നു. എല്ലാ അന്താരാഷ്ട്ര സഹകാരികളെയും ചോദ്യം ചെയ്തതായും അറിയുന്നു.

Tags:    
News Summary - Anant Ambani's Vantara Zoological Center gets clean chit from Supreme Court - Report says it is fully compliant with rules

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.