മക്കളെ സന്ദർശിക്കുന്ന മുൻ ജീവിതപങ്കാളിയെ അതിഥിയായി പരിഗണിക്കണം

ചെന്നൈ: വിവാഹബന്ധം വേർപ്പെടുത്തിയതിനുശേഷം മക്കളെ കാണാനെത്തുന്ന മുൻ ജീവിതപങ്കാളിയെ അതിഥിയായി കണക്കാക്കണമെന്ന് മദ്രാസ് ഹൈകോടതി. അമ്മയോടൊപ്പം താമസിക്കുന്ന പ്രായപൂർത്തിയാകാത്ത കുട്ടിയെ സന്ദർശിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുൻ ഭർത്താവ് സമർപ്പിച്ച അപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.

ചെന്നൈയിലെ ഒരേ അപ്പാർട്മെന്‍റിൽ ഒരു ഭാഗത്ത് ഭർത്താവും മറ്റൊരു ഫ്ലാറ്റിൽ ബാങ്കുദ്യോഗസ്ഥയായ അമ്മയും മകളും താമസിക്കുന്നു. മകളെ ആഴ്ചയിൽ രണ്ടുദിവസം കാണാൻ അനുമതി നൽകണമെന്ന മുൻ ഭർത്താവിന്‍റെ ആവശ്യം അംഗീകരിച്ചാണ് കോടതി ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയത്. വേർപിരിഞ്ഞാലും മക്കളുടെ മുന്നിൽ ഇരുവരും പരസ്പരം തുല്യ ബഹുമാനത്തോടെയും സ്നേഹത്തോടെയും പെരുമാറണം. 'അതിഥി ദേവോ ഭവ' എന്ന ഭാരതീയ സങ്കൽപമനുസരിച്ച് മകളെ കാണാനെത്തുന്ന മുൻ ജീവിതപങ്കാളിയെ അതിഥിയായി കണക്കാക്കി സൽക്കരിക്കണം. മുൻ ഭർത്താവ് സന്ദർശിക്കുമ്പോഴെല്ലാം ആതിഥ്യമര്യാദ കാണിക്കാനും ലഘുഭക്ഷണം നൽകാനും ഒരുമിച്ച് അത്താഴം കഴിക്കാനും കോടതി യുവതിയോട് നിർദേശിച്ചു.

പലപ്പോഴും വേർപിരിഞ്ഞ ദമ്പതികൾ കുട്ടികളുടെ മുന്നിൽവെച്ച് മോശമായി പെരുമാറുകയും വഴക്കിടുകയുമാണ് ചെയ്യുന്നതെന്നും ഇത് മക്കളോടുള്ള ക്രൂരതയായി കണക്കാക്കുമെന്നും ജസ്റ്റിസ് കൃഷ്ണൻ രാമസാമി അഭിപ്രായപ്പെട്ടു. ബഹുഭൂരിപക്ഷം കുട്ടികൾക്കും വിദ്വേഷം സ്വാഭാവികമായി ഉണ്ടാവുന്ന വികാരമല്ലെന്നും ഇത് കുട്ടികളിൽ അടിച്ചേൽപിക്കപ്പെടുകയാണെന്നും മാതാപിതാക്കൾ തമ്മിലുള്ള സ്നേഹപൂർവമായ ബന്ധം മക്കളുടെ അവകാശമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Tags:    
News Summary - An ex-spouse visiting children should be treated as a guest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.