പാരിസ്: ഭീകരതക്കെതിരായ പോരാട്ടം നടത്തുന്ന സമാധാനത്തിന്റെ വിളക്കുമാടമാണ് ഇന്ത്യയെന്ന സന്ദേശം ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ വിദേശ ഇന്ത്യക്കാർ ശ്രമിക്കണമെന്ന് ബി.ജെ.പി എം.പി രവിശങ്കർ പ്രസാദ് പറഞ്ഞു. ഫ്രാൻസിലെ ഇന്ത്യൻ സമൂഹവുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
പഹൽഗാം ആക്രമണശേഷമുണ്ടായ യുദ്ധത്തിന് പിന്നാലെ, ഭീകരതയിൽ പാകിസ്താന്റെ പങ്ക് വിശദീകരിക്കാനായി ഇന്ത്യയിൽനിന്ന് പുറപ്പെട്ട സർവകക്ഷി സംഘങ്ങളുടെ ഭാഗമാണ് രവിശങ്കർ പ്രസാദിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പും. ഓപറേഷൻ സിന്ദൂർ കൃത്യമായതും പാക് പിന്തുണയുള്ള ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നുവെന്ന് അദ്ദേഹം തുടർന്നു.
കശ്മീരിന്റെ ടൂറിസം വളർച്ച അട്ടിമറിക്കാനാണ് ഭീകരർ ലക്ഷ്യമിട്ടതെന്ന് കശ്മീരിൽനിന്നുള്ള രാജ്യസഭ എം.പി ഗുലാം അലി ഖത്താന പറഞ്ഞു. പാകിസ്താന്റെ ഇത്തരം നടപടികൾ യുദ്ധനടപടിയായി കണക്കാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്താന് ഭീകരത രാജ്യനയം തന്നെയാണെന്ന് മുൻ കേന്ദ്രമന്ത്രി എം.ജെ. അക്ബർ പറഞ്ഞു. ഫ്രാൻസിലെ കൂടിക്കാഴ്ചകൾക്കുശേഷം ഇറ്റലിയിലേക്ക് തിരിക്കുന്ന സംഘം പിന്നീട് ഡെൻമാർക്ക്, യു.കെ, ബെൽജിയം, ജർമനി എന്നിവിടങ്ങൾ സന്ദർശിക്കും.
ജനതദൾ (യു) രാജ്യസഭാംഗം സഞ്ജയ് കുമാർ ഝായുടെ നേതൃത്വത്തിലുള്ള സംഘം ദക്ഷിണ കൊറിയൻ സന്ദർശനം പൂർത്തിയാക്കി സിംഗപ്പൂരിലെത്തി. തുടർന്ന് സിംഗപ്പൂർ വിദേശകാര്യ സഹമന്ത്രി സിം ആന്നിനോട് ഇന്ത്യയിലെ സാഹചര്യങ്ങളും പഹൽഗാം ആക്രമണവും വിശദീകരിച്ചു.
ശിവസേന എം.പി ശ്രീകാന്ത് ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സംഘം ആഫ്രിക്കൻ രാജ്യമായ കോംഗോയിലെത്തി വിവിധ നേതാക്കളെ കണ്ടു. ഉപപ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി, അസംബ്ലി സ്പീക്കർ തുടങ്ങിയവരെയാണ് സംഘം കണ്ടത്. തങ്ങൾ അംഗമായ എല്ലാ രാജ്യാന്തരവേദികളിലും ഇന്ത്യയുടെ ഭീകരവിരുദ്ധ സന്ദേശം പ്രതിഫലിപ്പിക്കുമെന്ന് കോംഗോ നേതൃത്വം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.