മുംബൈ: 2008 ലെ മാലേഗാവ് സ്ഫോടന കേസിൽ മുൻ ഭോപാൽ ബി.ജെ.പി എം.പി സന്യാസിനി പ്രജ്ഞാ സിങ് ഠാക്കൂർ, ലഫ്. കേണൽ പ്രസാദ് പുരോഹിത് അടക്കം ഏഴ് പ്രതികളെയും പ്രത്യേക എൻ.ഐ.എ കോടതി വെറുതെ വിട്ടു.
പ്രജ്ഞ സിങ് ഠാക്കൂർ, സൈനിക ഇന്റലിജൻസ് ഉദ്യോഗസ്ഥനായിരുന്ന ലഫ്. കേണൽ പ്രസാദ് പുരോഹിത്, റിട്ട. മേജർ രമേശ് ഉപാധ്യായ്, അജയ് രാഹികർ, സുധാകർ ദ്വിവേദി, സുധാകർ ചതുർവേദി, സമീർ കുൽകർണി എന്നിവരെയാണ് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വെറുതെ വിട്ടത്. കേസിൽ രാമചന്ദ്ര കൽസങ്കര അടക്കം രണ്ടുപേർ പിടികിട്ടാപ്പുള്ളികളാണ്.
2008 സെപ്റ്റംബർ 29ന് രാത്രിയിൽ ബിക്കുചൗക്കിലാണ് സ്ഫോടനമുണ്ടായത്. ചെറിയ പെരുന്നാൾ തലേന്ന് മാർക്കറ്റിൽ തിരക്കുള്ള സമയത്താണ് എൽ.എം.എൽ ഫ്രീഡം മോട്ടാർസൈക്കിളിൽ സ്ഥാപിച്ച ബോംമ്പ് പൊട്ടിത്തെറിച്ചത്. ആറുപേർ മരിക്കുകയും 100 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഫോടനത്തിന് ഉപയോഗിച്ച എൽ എം എൽ ഫ്രീഡം ബൈക്ക് പ്രജ്ഞാ സിംഗിന്റേതാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. സ്ഫോടനത്തിന് ആർ.ഡി.എക്സ് അടക്കമുള്ള സ്ഫോടക വസ്തുക്കൾ തരപ്പെടുത്തിയത് പുരോഹിതാണെന്നും തെളിയിക്കാൻ കഴിഞ്ഞില്ല. പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയതും യോഗ്യമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
മുംബൈ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട ഹേമന്ത് കർക്കരെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന ആണ് മാലേഗാവ് സ്ഫോടന കേസ് പ്രതികളെ പിടികൂടിയത്. സ്ഫോടനത്തിന് ഉപയോഗിച്ച ബൈക്കാണ് പ്രജ്ഞസിങ്ങിലേക്ക് നയിച്ചത്. മുസ്ലിംകളോട് പ്രതികാരം ചെയ്യാനും ഹിന്ദുരാഷ്ട്രത്തിന് വഴിയൊരുക്കാനും രൂപംകൊണ്ട അഭിനവ് ഭാരത് സംഘടനയുമായി ബന്ധപ്പെട്ടവരാണ് അറസ്റ്റിലായവരെന്നായിരുന്നു കുറ്റപത്രം. 11 പേരെയാണ് എ.ടി.എസ് അറസ്റ്റ് ചെയ്തത്.
2011 എൻ.ഐ.എ കേസേറ്റെടുത്തതോടെ, നാലുപേരെ ഒഴിവാക്കുകയും കേസിൽ മകോക നിയമം പിൻവലിക്കുകയും ചെയ്തു. പ്രജ്ഞ സിങ്ങിനെയും കേസിൽ നിന്ന് ഒഴിവാക്കാൻ എൻ.ഐ.എ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. പിന്നീട് പ്രജ്ഞ സിങ്ങിനെ ബി.ജെ.പി 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടി ടിക്കറ്റിൽ ഭോപാൽ സീറ്റിൽ മത്സരിപ്പിച്ച് എം.പിയാക്കിയിരുന്നു.
323 സാക്ഷികളിൽ 30 ഓളം പേർ വിചാരണക്കുമുമ്പ് മരിച്ചു. ശേഷിച്ചവരിൽ 37 പേർ വിചാരണക്കിടെ, കൂറുമാറുകയും ചെയ്തു. ഇന്ത്യൻ ശിക്ഷ നിയമം, യു.എ.പി.എ, സ്ഫോടന വസ്തു നിയമങ്ങൾ പ്രകാരമാണ് വിചാരണ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.