മണിപ്പൂരിലെ വംശീയകലാപത്തിൽ പരിക്കേറ്റ ബി.ജെ.പി എം.എൽ.എ അന്തരിച്ചു

ഇംഫാൽ:  മണിപ്പൂരിലെ വംശീയ കലാപത്തിൽ പരിക്കേറ്റ ബി.ജെപി എം.എൽ.എ വുങ്‌സാഗിൻ വാൽട്ടെ അന്തരിച്ചു. ഹരിയാനയിലെ ഗുരുഗ്രാമത്തിലുള്ള ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്ഥാന തലസ്ഥാനമായ ഇംഫാലിൽ  2023 മെയ് മാസത്തിൽ മെയ്തി-കുക്കി വംശീയ സംഘർഷങ്ങൾ ആരംഭിച്ചപ്പോൾ പ്രതിഷേധക്കാരുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. 

സോമി ഗോത്രത്തിൽ നിന്നുള്ള വാൽട്ടെ ചികിത്സക്കായി ഡൽഹിയിൽ ഏകദേശം രണ്ട് വർഷത്തോളമാണ് ചെലവഴിച്ചത്.  മണിപ്പൂരിലേക്ക് മടങ്ങിയതിനുശേഷവും ആരോഗ്യനില വഷളായതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ആക്രമണത്തിലെ പരിക്കുകൾ മൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങൾ കാരണം വീൽചെയറിലായിരുന്നു . തലക്ക് സാരമായ പരിക്കേറ്റിരുന്നതിനാൽ സംസാരിക്കാൻ ബുദ്ധിമുട്ടനുഭവപ്പെട്ടിരുന്നു. പരസഹായമില്ലാതെ സാധാരണ ശാരീരിക ചലനങ്ങൾ നടത്താനും കഴിയുമായിരുന്നില്ല.

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞ്  ഇംഫാലിലെ ഔദ്യോഗിക വസതിയിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം നടന്നത്. മെയ്തി വിഭാഗത്തിലെ  അരംബായ് ടെങ്കോൾ  അംഗങ്ങൾ വാൾട്ടെയെ ക്രൂരമായി ആക്രമിച്ചതായും അതിൽ ഗുരുതരമായി പരിക്കേറ്റതായും അദ്ദേഹത്തിന്റെ കുടുംബം നേരത്തെ  ആരോപിച്ചിരുന്നു.

ചുരാചന്ദ്പൂരിലെ തൻലോൺ നിയമസഭാ മണ്ഡലത്തിലെ ജനപ്രതിനിധിയായിരുന്നു അദ്ദേഹം. മൂന്ന് തവണ എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മുൻപ് മണിപ്പൂരിലെ ഗോത്രവർഗ്ഗ ക്ഷേമ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Tags:    
News Summary - BJP MLA injured in Manipur communal riots Passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.