'അയോധ്യക്കായി എല്ലാവരും അണ്ണാന്മാരാവുക'; പുതിയ ആഹ്വാനവുമായി അക്ഷയ്​ കുമാർ

മുംബൈ: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനായി എല്ലാവരും 'അണ്ണാന്മാരെപ്പോലെ' ആകണമെന്ന്​ ബോളിവുഡ്​ നടൻ അക്ഷയ്​കുമാർ. തന്‍റെ സമൂഹമാധ്യമ അകൗണ്ടുകളിലൂടെയാണ്​ നടൻ പുതിയ ആഹ്വാനം നടത്തിയത്​. രാമസേതു നിർമാണ സമയത്തെ കഥ പങ്കുവച്ചുകൊണ്ടാണ്​ അക്ഷയ്​ ആവശ്യം ഉന്നയിക്കുന്നത്​. രാമസേതു നിർമാണത്തിൽ ഒരു അണ്ണാൻ തനിക്ക്​ കഴിയുന്നവിധത്തിൽ സഹകരിച്ചു എന്നും അതുപോലെ രാമക്ഷേത്രനിർമാണത്തിന്​ എല്ലാവരും പണം നൽകണമെന്നും അക്ഷയ്​കുമാർ പറഞ്ഞു.


താൻ തനിക്ക്​ കഴിയുന്ന ഒരു സംഖ്യ സംഭാവന ചെയ്​തതായും നടൻ പറയുന്നുണ്ട്​. 'അയോധ്യയിൽ ശ്രീരാമന്‍റെ മഹാക്ഷേത്രത്തിന്‍റെ നിർമാണം ആരംഭിച്ചതിൽ വളരെയധികം സന്തോഷമുണ്ട്. ഇപ്പോൾ സംഭാവന നൽകാനുള്ള ഞങ്ങളുടെ അവസരമാണ്. ഞാൻ നൽകി. നിങ്ങളും എന്നോടൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നു'-അക്ഷയ്​ പറഞ്ഞു. വരും തലമുറക്ക്​ മാതൃകയാകുന്ന തരത്തിൽ ക്ഷേത്രം നിർമാണം പൂർത്തിയാക്കാൻ എല്ലാവരുടേയും സഹകരണം ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലങ്കയിലേക്ക്​ ശ്രീരാമൻ വാനരന്മാരുടെ സഹായത്താൽ പാലം നിർമിക്കു​േമ്പാൾ ഒരു അണ്ണാനും അതിൽ പങ്കാളിയായതായി പുരാണങ്ങളിൽ പരാമർശമുണ്ട്​. തന്‍റെ ശരീരം കടൽ ജലത്തിൽ നനച്ചശേഷം മണലിൽ ഉരുളുകയും പിന്നീട്​ രാമസേതുവിന്‍റെ വിടവുകളിൽ അവ കുടഞ്ഞിടുകയും ചെയ്​തതായാണ്​ കഥകളിൽ പറയുന്നത്​. ഇതുകണ്ട രാമൻ ഏറെ സന്തുഷ്​ടനായെന്നും കഥകൾ പറയുന്നു.

ബഹുജന സമ്പർക്ക പരിപാടിയിലൂടെ സ്വരൂപിക്കുന്ന ആഭ്യന്തര ഫണ്ട് മാത്രം ഉപയോഗിച്ച് അയോധ്യയിലെ രാമക്ഷേത്രം നിർമിക്കുമെന്ന് ശ്രീരാം ജന്മഭൂമി തീർത്ത് ഷെത്ര ട്രസ്റ്റ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ക്ഷേത്ര നിർമാണത്തിനായി രാജ്യത്തുടനീളം ബഹുജന സമ്പർക്കവും സംഭാവനയും നൽകുമെന്ന് ട്രസ്റ്റ് ആരംഭിക്കുമെന്ന് ട്രസ്റ്റ്​ ജനറൽ സെക്രട്ടറി സമ്പത് റായിയും പറയുന്നു. വിദേശത്ത് നിന്ന് സംഭാവന സ്വീകരിക്കുന്നതിന് ആവശ്യമായ അനുമതി ട്രസ്റ്റിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.