വിജയ്, നയിം മൂസ
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിക്ക് സർക്കാർ നൽകുന്ന അതീവ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരിക്കെ, സ്വകാര്യ വ്യക്തിയെ സുരക്ഷാ ഉദ്യോഗസ്ഥനായി കൂടെക്കൂട്ടുന്നതിനെതിരെ എ.ഡി.എം.കെ നേതാവ് ഐ.എസ്. ഇൻബാദുരൈ രംഗത്ത്. മുഖ്യമന്ത്രിയുടെ സുരക്ഷാ ക്രമീകരണങ്ങളിൽ പൂർണ്ണ വിശ്വാസമില്ലാത്തതുകൊണ്ടാണോ സ്വകാര്യ ബോഡിഗാർഡിനെ ആശ്രയിക്കുന്നതെന്ന് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ ചോദ്യമുന്നയിച്ചു.
മുഖ്യമന്ത്രിക്ക് പ്രത്യേക 'കോർ സെൽ' ഉൾപ്പെടെയുള്ള ബഹുതല സുരക്ഷാ സംവിധാനങ്ങളാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. എന്നിട്ടും, സർക്കാർ സുരക്ഷാ സംവിധാനത്തിന്റെ ഭാഗമല്ലാത്ത നയിം മൂസ എന്ന സ്വകാര്യ വ്യക്തി മുഖ്യമന്ത്രിയെ നിഴൽ പോലെ പിന്തുടരുന്നത് സുരക്ഷാ ചട്ടങ്ങളുടെ ലംഘനമാണെന്നാണ് ഇൻബാദുരൈയുടെ വാദം.
രണ്ടു വർഷം മുമ്പ് രൂപവത്കരിച്ച തമിഴക വെട്രി കഴകം (ടി.വി.കെ) എന്ന പാർട്ടി കുറഞ്ഞനാളുകൾകൊണ്ട് തമിഴ്നാടിന്റെ ഭരണം പിടിച്ച് അധികാരത്തിലേറുമ്പോൾ ഈ ജൈത്രയാത്രയിൽ വിജയിയുടെ ഇടവും വലവുമായി മാഹിക്കാരൻ നയീം മൂസയെന്ന മലയാളി സ്വകാര്യ അംഗരക്ഷകനുണ്ട്. പതിനായിരത്തോളം ആരാധകർ ഒഴുകിയെത്തുന്ന റാലികളിലും, ജനക്കൂട്ടം നിറഞ്ഞ സമ്മേളനങ്ങളിലും, തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലുമെല്ലാം വിജയിയുടെ മുഖ്യ ബോഡി ഗാർഡായി സുരക്ഷയൊരുക്കിയ നയീം ഇന്ന് തമിഴ്നാട്ടിൽ ആരാധകരേറെയുള്ള താരമായി വളർന്നുകഴിഞ്ഞു.
കഴിഞ്ഞ മൂന്ന് വർഷമായി വിജയിയുടെ വിശ്വസ്തനായ ബോഡിഗാർഡാണ് നയിം മൂസ. കേരളത്തോട് ചേർന്നുള്ള പുതുച്ചേരിയുടെ ഭാഗമായ മാഹി സ്വദേശിയായ ഇദ്ദേഹം, ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ജെന്റൂർ സെക്യൂരിറ്റി' എന്ന സുരക്ഷാ ഏജൻസിയുടെ തലവനാണ്. കഴിഞ്ഞ 22 വർഷമായി മധ്യപൂർവേഷ്യയിലും മലേഷ്യയിലും ഇന്ത്യയിലുമായി വി.ഐ.പി സുരക്ഷയിലും ക്രൗഡ് മാനേജ്‌മെന്റിലും പ്രാവീണ്യമുള്ള വ്യക്തിയാണ് നയിം. വിജയ് സിനിമാ താരമായിരുന്ന കാലം മുതൽ അദ്ദേഹത്തിന്റെ എല്ലാ യാത്രകളിലും വേദികളിലും വിശ്വസ്ത സഹായിയായി നയിം കൂടെയുണ്ട്.
മുഖ്യമന്ത്രിയായതിന് ശേഷവും വിജയിയുടെ സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയുമില്ല. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ പോയപ്പോൾ 55 അംഗ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് മുഖ്യമന്ത്രി എത്തിയത്. ഇസഡ് പ്ലസ് (Z+) സുരക്ഷാ സംവിധാനങ്ങൾ, അത്യാധുനിക ആയുധങ്ങൾ, കമാൻഡോകൾ എന്നിവ ഉൾക്കൊള്ളുന്ന അതീവ സുരക്ഷാ വലയത്തിനുള്ളിലാണ് മുഖ്യമന്ത്രി. എന്നിട്ടും, ഈ ഔദ്യോഗിക സുരക്ഷാ വലയം കടന്ന് മുഖ്യമന്ത്രിയുടെ അടുത്തേക്ക് നയിം മൂസക്ക് എങ്ങനെ എത്താൻ കഴിയുന്നു എന്നതാണ് പ്രധാന ചോദ്യം.
മുഖ്യമന്ത്രിയുടെ അതീവ സുരക്ഷാ മേഖലയിലേക്ക് ഔദ്യോഗിക സുരക്ഷാ ഉദ്യോഗസ്ഥരല്ലാത്തവർക്ക് എങ്ങനെയാണ് പ്രവേശനം ലഭിക്കുന്നത്? സ്വകാര്യ വ്യക്തിയുടെ സാന്നിധ്യം വിവര സുരക്ഷയെക്കൂടി ബാധിക്കുന്ന വിഷയമാണെന്ന് ഇൻബാദുരൈ മുന്നറിയിപ്പ് നൽകുന്നു. ഈ വിഷയത്തിൽ തമിഴ്‌നാട് സർക്കാർ മൗനം വെടിഞ്ഞ് ഔദ്യോഗിക വിശദീകരണം നൽകണമെന്ന് എ.ഐ.എ.ഡി.എം.കെ ആവശ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.