ചെന്നൈ: കാവേരി നദിയിൽ മേകേദാട്ടു അണക്കെട്ട് നിർമിക്കാനുള്ള കർണാടകയുടെ പദ്ധതിക്കെതിരായി തമിഴ്നാട് നിയമസഭ പാസാക്കിയ പ്രമേയത്തെ ചൊല്ലി സംസ്ഥാനത്ത് പുതിയ വിവാദം. പ്രമേയം പാസാക്കുന്നതിനിടെ സഭാ നടപടിക്രമങ്ങൾ ലംഘിച്ചെന്നാണ് പ്രതിപക്ഷമായ അണ്ണാ ഡി.എം.കെയുടെ ആരോപണം. ഇതേ തുടർന്ന് പാർട്ടി അംഗങ്ങൾ നിയമസഭയിൽ പ്രതിഷേധം നടത്തി.
നിയമനിർമാണ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നും ശരിയായ ചർച്ച കൂടാതെ പ്രമേയം പാസാക്കിയെന്നും തിടുക്കത്തിൽ അശ്രദ്ധമായി വിജയ് സർക്കാർ നടത്തിയ നീക്കമാണെന്നുമാണ് അണ്ണാ ഡി.എം.കെയുടെ ആരോപണം. കാവേരി നദിയിൽ കർണാടകയുടെ മേകേദാട്ടു അണക്കെട്ടും ജലസംഭരണിയും നിർമിക്കാനുള്ള പദ്ധതിയെചൊല്ലി ഇരുസംസ്ഥാനങ്ങളും ദീർഘകാലമായി തർക്കം തുടരുകയാണ്. ഇത് തമിഴ്നാടിന്റെ ജലലഭ്യതയെ ബാധിക്കുമെന്നും കർഷകരെ ദുരിതത്തിലാക്കുമെന്നുമാണ് തമിഴ്നാടിന്റെ വാദം. തുടർന്ന് നിരന്തരം തമിഴ്നാട് പദ്ധതിയെ എതിർത്തിരുന്നു.
വിജയ് സർക്കാർ അധികാരമെത്തിയതിന് പിന്നാലെ തമിഴ്നാട് നിയമസഭ പദ്ധതിക്കെതിരെ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. മുഖ്യമന്ത്രി സി. ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയത്തെ കോൺഗ്രസ് ഉൾപ്പെടെയുള്ള സഖ്യകക്ഷികളും ഡി.എം.കെയും അണ്ണാ ഡി.എം.കെയും ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളും പിന്തുണച്ചിരുന്നു.
കേന്ദ്ര സർക്കാർ പദ്ധതിക്ക് സാങ്കേതിക, പരിസ്ഥിതി അനുമതികൾ നൽകരുതെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടിരുന്നു. കൂടാതെ ജലവിവാദം പരിഹരിക്കാൻ പ്രത്യേക ട്രൈബ്യൂണൽ രൂപീകരിക്കണമെന്ന ആവശ്യവും ഉൾപ്പെടുത്തിയിരുന്നു. പ്രതിപക്ഷ നേതാവ് ഉദയനിധി സ്‍റ്റാലിന്റെ നിർദേശം അംഗീകരിച്ചാണ് കാവേരി നദീജല തർക്കം കൈകാര്യം ചെയ്യുന്നതിന് പ്രത്യേക ട്രൈബ്യൂണൽ രൂപവത്കരിക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്ന ഭേദഗതി പ്രമേയത്തിൽ വരുത്തിയത്.
എന്നാൽ പ്രമേയത്തിൽ പിന്നീട് ഉൾപ്പെടുത്തിയ ഭേദഗതികൾ സഭയിൽ വേണ്ടവിധം അവതരിപ്പിച്ചില്ലെന്നും പ്രതിപക്ഷത്തിന് അഭിപ്രായം രേഖപ്പെടുത്താൻ അവസരം നൽകിയില്ലെന്നും അണ്ണാ ഡി.എം.കെ നേതാവ് എടപ്പാടി കെ. പളനിസാമി ആരോപിച്ചു. വിഷയം സഭയിൽ ഉന്നയിക്കാൻ സ്പീക്കർ അനുമതി നിഷേധിച്ചതിനെ തുടർന്ന് അണ്ണാ ഡി.എം.കെ അംഗങ്ങൾ ഇറങ്ങിപ്പോകുകയും ചെയ്തു.
അതേസമയം, മേകേദാട്ടു പദ്ധതിക്കെതിരായ തമിഴ്നാട്ടിന്റെ നിലപാടിൽ മാറ്റമില്ലെന്നും പ്രമേയം സംസ്ഥാനത്തിന്റെ ജലാവകാശങ്ങൾ സംരക്ഷിക്കുന്നതിനായാണെന്നും ഭരണപക്ഷം വ്യക്തമാക്കി. കാവേരി ജലവിഹിതത്തെ ബാധിക്കുമെന്ന ആശങ്ക ചൂണ്ടിക്കാട്ടി തമിഴ്നാട് തുടർച്ചയായി പദ്ധതിയെ എതിർത്തുവരികയാണ്.
കാവേരി നദിയിൽ രാമനഗര ജില്ലയിൽപ്പെടുന്ന കനകപുരയിൽ അണക്കെട്ട് നിർമിക്കാനാണ് കർണാടകയുടെ പദ്ധതി. 14,000 കോടി രൂപ ചെലവുവരുന്ന മേകേദാട്ടു പദ്ധതിവഴി ബംഗളൂരു നഗരത്തിലും മറ്റ് പ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കുകയാണ് ലക്ഷ്യം. 400 മെഗാവാട്ടിന്റെ ജലവൈദ്യുത നിലയവും പദ്ധതിയിൽ ഉൾപ്പെടും. അണകെട്ടി നദിയിലെ ഒഴുക്ക് തടയുമ്പോൾ തങ്ങൾക്ക് ലഭിക്കുന്ന വെള്ളത്തിന്റെ അളവ് കുറയുമെന്നാണ് തമിഴ്നാടിന്റെ ആശങ്ക. കർണാടകയുടെ അണക്കെട്ട് നിർമിക്കാനുള്ള നീക്കത്തിനെതിരെ കർഷകരും പ്രതിഷേധത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.