പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ധാതുവിഭവങ്ങളുള്ള ഭൂമിയിലും നികുതികളിലും കേന്ദ്ര സർക്കാറിന്റെ അധികാരം കൂടുതൽ ശക്തമാക്കുന്നു. പ്രതിപക്ഷ ബഹളത്തിനിടെ, ധാതുക്കള്‍ കണ്ടെത്തുന്ന ഏതൊരു ഭൂമിയും കേന്ദ്ര സര്‍ക്കാറിന്റെ പൂര്‍ണ നിയന്ത്രണത്തില്‍ കൊണ്ടുവരാനും ഭൂമിയിലെ ഖനനം സംബന്ധിച്ച് എന്തു തീരുമാനവുമെടുക്കാനും കേന്ദ്രത്തെ അധികാരപ്പെടുത്തുന്ന മൈൻസ് ആൻഡ് മിനറൽസ് ഭേദഗതി ബിൽ, 2026 കേന്ദ്ര സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചു.
കേന്ദ്ര സർക്കാർ നിശ്ചയിക്കുന്ന വ്യവസ്ഥകൾക്കനുസൃതമായിട്ടല്ലാതെ ധാതുക്കളുടെ അളവ്, വില, റോയൽറ്റി അല്ലെങ്കിൽ മറ്റ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാറുകൾ ധാതു അവകാശങ്ങൾക്കുമേലോ ധാതുഭൂമികൾക്കുമേലോ യാതൊരുവിധ നികുതിയോ സെസോ മറ്റ് ലെവികളോ ചുമത്താൻ പാടില്ലെന്ന് ബില്ല് വ്യവസ്ഥ ചെയ്യുന്നു.
ഭേദഗതി നിയമം നിലവിൽ വരുന്നതിനുമുമ്പ് സംസ്ഥാന സർക്കാർ ഈടാക്കുകയോ അല്ലെങ്കിൽ ഈടാക്കാൻ ബാക്കിയുണ്ടായിരുന്നതോ ആയ ഇത്തരം നികുതികളും സെസുകളും അസാധുവാകും. രാജ്യത്തെ ഫെഡറല്‍ വ്യവസ്ഥിതിക്കെതിരെ ഉയര്‍ത്തുന്ന കനത്ത വെല്ലുവിളിയാണ് മൈൻസ് ആൻഡ് മിനറൽസ് ഭേദഗതി ബില്ലെന്ന് എൻ.കെ. പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി. തീരദേശമെന്നോ വനഭൂമിയെന്നോ വ്യത്യാസമില്ലാതെ ധാതുക്കളുടെ സാന്നിധ്യം കണ്ടെത്തുന്ന ഭൂമിയിന്മേല് കേന്ദ്രത്തിന്റെ സർവാധികാരം സ്ഥാപിക്കുന്നതിനുള്ള നീക്കം അപകടകരവും പ്രതിഷേധാര്‍ഹവുമാണ്.
അപൂർവ ധാതുക്കളുടെ കലവറയായ കേരളത്തിലെ ചവറ ഉള്‍പ്പെടെയുള്ള പ്രദേശത്ത് ഖനനപാട്ടം നല്‍കുന്നതിന് നിലവിലെ നിയമം അനുസരിച്ച് അധികാരമുള്ളത് സംസ്ഥാന സര്‍ക്കാറിനാണ്. സംസ്ഥാന സര്‍ക്കാറിന്റെ അധികാരം കവര്‍ന്നെടുക്കാനും ധാതുക്കളടങ്ങിയ ഭൂമിയില്‍ കേന്ദ്രത്തിന്റെ അധികാരം ഉറപ്പിക്കാനും നിയമഭേദഗതിക്ക് സാധിക്കും.
ഖനികളെ സംബന്ധിച്ച് കേന്ദ്രത്തിനുള്ള നിയമനിർമാണാധികാരം ഉപയോഗിച്ച് സംസ്ഥാനത്തിന്റെ പൂർണമായ നിയമനിർമാണാധികാരമുള്ള ഭൂമിയിന്മേല് കേന്ദ്രത്തിന് തീരുമാനമെടുക്കാന്‍ അധികാരപ്പെടുത്തുന്ന ഭേദഗതി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും എം.പി പറഞ്ഞു. ഒമ്പതംഗ സുപ്രീം കോടതി വിധിപോലും മാനിക്കാതെയും സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെയുമാണ് സംസ്ഥാനങ്ങളുടെ അധികാരങ്ങളെ പൂർണമായും നിഷ്പ്രഭമാക്കി നിയമ ഭേദഗതി ബില്‍ കൊണ്ടുവന്നിരിക്കുന്നതെന്ന വിമർശനം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.