ന്യൂഡൽഹി: പഞ്ചാബിലെ ലഹരി ഉപയോഗത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളെന്ന തരത്തിൽ ബി.ജെ.പി രാജ്യസഭാ എം.പിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ ഹർഭജൻ സിങ് പങ്കുവെച്ച ‘സോംബി ഡ്രഗ്’ വീഡിയോ വിവാദത്തിൽ. പഞ്ചാബിലെ ലഹരി ഉപയോഗത്തിന്റെ ദൃശ്യങ്ങളെന്ന രീതിയിൽ ഹർഭജൻ പങ്കുവെച്ച വീഡിയോ ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ നിന്നുള്ളതാണെന്നാണ് സ്ഥിരീകരണം.
റോഡരികിൽ തലപ്പാവ് ധരിച്ച രണ്ട് യുവാക്കൾ അസ്വാഭാവികമായി പെരുമാറുന്നതാണ് വീഡിയോയിൽ. ലഹരി ഉപയോഗിക്കുന്നവരാണെന്ന തരത്തിൽ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പഞ്ചാബിലെ യുവാക്കളുടെ അവസ്ഥയിൽ വേദന രേഖപ്പെടുത്തി, പഞ്ചാബ് സർക്കാറിനെ കുറ്റപ്പെടുത്തി ഹർഭജൻ സിങ് വീഡിയോ എക്സിൽ പങ്കുവെക്കുകയായിരുന്നു. ലഹരിക്കെതിരെ അടിയന്തര നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ വീഡിയോ പഞ്ചാബിൽ നിന്നുള്ളതല്ലെന്ന് വ്യക്തമാക്കി പൊലീസും അധികൃതരും രംഗത്തെത്തി. രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്ന് പഞ്ചാബ് പൊലീസ് വ്യക്തമാക്കി. പഞ്ചാബി ഓഡിയോ ഉപയോഗിച്ചതുകൊണ്ട് മാത്രം ഒരു സംഭവം പഞ്ചാബിലേതാകില്ലെന്നും സമൂഹമാധ്യമങ്ങളിൽ ഉള്ളടക്കം പങ്കുവെക്കുന്നതിന് മുമ്പ് വസ്തുതകളും സ്ഥലവും പരിശോധിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. ‘പ്രചരിക്കുന്ന വീഡിയോ പഞ്ചാബിലെയല്ല. രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ നിന്നുള്ളതാണ്. പഞ്ചാബ് പൊലീസുമായി ഇതിന് യാതൊരു ബന്ധവുമില്ല. പഞ്ചാബി ഓഡിയോ ട്രാക്ക് ഒരു സംഭവത്തെ പഞ്ചാബ് സംഭവമാക്കി മാറ്റുന്നില്ല’ പഞ്ചാബ് പൊലീസ് എക്‌സിൽ കുറിച്ചു.
അതേസമയം, സംഭവം രാഷ്ട്രീയ വിവാദത്തിനും വഴിവെച്ചു. പഞ്ചാബ് സർക്കാരിൽ നിന്നും സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ നിന്നും കടുത്ത പ്രതിഷേധവും ഉയർന്നു. പഞ്ചാബിന്റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. പഞ്ചാബിനെ മോശമായി ചിത്രീകരിക്കാൻ ബി.ജെ.പി എം.പി മറ്റൊരു സംസ്ഥാനത്ത് നിന്നുള്ള ദൃശ്യങ്ങൾ മനഃപൂർവ്വം പങ്കുവെച്ചതായി കാബിനറ്റ് മന്ത്രി ബൽജിത് കൗർ ആരോപിച്ചു. അതേസമയം, വിഡിയോയിൽ കാണുന്ന യുവാക്കൾ ഏതെങ്കിലും പ്രത്യേക ‘സോംബി ഡ്രഗ്’ ഉപയോഗിച്ചിരുന്നുവെന്ന് സ്ഥിരീകരിക്കുന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.