ചെങ്കോട്ട
ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ ദേശീയ ഗീതമായ 'വന്ദേമാതരം' ചെങ്കോട്ടയിൽ പൂർണ്ണമായി ആലപിക്കും. വന്ദേമാതരം രചിക്കപ്പെട്ടതിന്റെ 150-ാം വാർഷികവും, 2047ഓടെ 'വികസിത ഭാരതം' എന്ന ലക്ഷ്യത്തിലേക്കുള്ള ഇന്ത്യൻ യുവാക്കളുടെ പങ്കാളിത്തവും മുൻനിർത്തിയാണ് ഇത്തവണത്തെ ആഘോഷങ്ങൾ ക്രമീകരിച്ചിരിക്കുന്നതെന്ന് പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ് വ്യക്തമാക്കി.
ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഏതാണ്ട് 27,000ത്തോളം വിശിഷ്ടാതിഥികളാണ് ചെങ്കോട്ടയിലെത്തുന്നത്. സ്റ്റാർട്ടപ്പ് സംരംഭകർ, വിവിധ കേന്ദ്ര പദ്ധതികളിലെ മികച്ച ഇന്റേണുകൾ, വിദ്യാർഥികൾ എന്നിവർക്ക് ഇത്തവണ പ്രത്യേക ക്ഷണമുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ എത്തുമ്പോൾ തന്നെ വന്ദേമാതരം പൂർണ്ണമായി ആലപിക്കും. തുടർന്ന് അദ്ദേഹം ദേശീയ പതാക ഉയർത്തുകയും രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്യും. ആഘോഷത്തിൽ പങ്കെടുക്കുന്നവർക്ക് ഒപ്പം പാടാനായി പ്രതിരോധ മന്ത്രാലയം അയച്ച ക്ഷണക്കത്തുകളിൽ വന്ദേമാതരത്തിന്റെ വരികളും ഉൾപ്പെടുത്തിയിട്ടുണ്ട്.
‘വന്ദേമാതരത്തിന്റെ 150 വർഷങ്ങൾ’, ‘വികസിത ഭാരതം @2047നായുള്ള യുവശക്തി’ എന്നീ രണ്ട് പ്രധാന പ്രമേയങ്ങളെ അടിസ്ഥാനമാക്കിയാണ് ഇത്തവണത്തെ പരിപാടികൾ സംഘടിപ്പിക്കുന്നത്. ജന്തർ മന്തറിലുണ്ടായ സമീപകാല സംഭവവികാസങ്ങളിൽ നിന്ന് സ്വതന്ത്രമായാണ് 'യുവശക്തി' എന്ന പ്രമേയം തീരുമാനിച്ചതെന്ന് പ്രതിരോധ സെക്രട്ടറി വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ ഇന്റേൺഷിപ്പ് സ്‌കീം, കൗശൽ വികാസ് യോജന, സ്റ്റാർട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് തുടങ്ങിയ വിവിധ പദ്ധതികളിലൂടെ കഴിവ് തെളിയിച്ച യുവാക്കൾ ഇത്തവണത്തെ ആഘോഷങ്ങളിൽ പങ്കെടുക്കും. കൂടാതെ, 2026ലെ അന്താരാഷ്ട്ര ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്കൽ ഒളിമ്പ്യാഡുകളിൽ മെഡലുകൾ നേടിയ 19 ഇന്ത്യൻ വിദ്യാർഥികളും ചടങ്ങിൽ അതിഥികളായി പങ്കെടുക്കും.
വന്ദേമാതരം എന്ന പ്രമേയം ആഘോഷവേദിയുടെ അലങ്കാരങ്ങളിലും പ്രകടമായിരിക്കും. ഗ്യാൻപഥിൽ എൻ.സി.സി കേഡറ്റുകളും 'മൈ ഭാരത്' വോളന്റിയർമാരുമടങ്ങുന്ന 2,500 ഓളം കുട്ടികൾ വന്ദേമാതരം എന്ന അക്ഷരരൂപത്തിൽ അണിനിരക്കും. വ്യോമസേനയുടെ മി-17 (Mi-17) ഹെലികോപ്റ്റർ വന്ദേമാതരത്തിന്റെ 150-ാം വാർഷിക സന്ദേശമടങ്ങിയ ബാനറുമായി ചെങ്കോട്ടക്ക് മുകളിലൂടെ പറക്കുകയും ജനങ്ങൾക്ക് മേൽ പുഷ്പവൃഷ്ടി നടത്തുകയും ചെയ്യും.
കൂടാതെ, ആണവ-ബഹിരാകാശ സാങ്കേതികവിദ്യകളിൽ ഇന്ത്യ കൈവരിച്ച വൻ മുന്നേറ്റങ്ങൾ പശ്ചാത്തല ദൃശ്യങ്ങളിലൂടെ പ്രദർശിപ്പിക്കും. ഗാർഡ് ഓഫ് ഓണർ ഏരിയയിലെ പുഷ്പാലങ്കാരങ്ങൾ 2047ലേക്കുള്ള ഇന്ത്യയുടെ വികസന കുതിപ്പിനെ ആവിഷ്കരിക്കുന്നതായിരിക്കും.
ദേശീയ ഗാനത്തിന് അതിന്റെ 150-ാം വാർഷിക വേളയിൽ കേന്ദ്ര സർക്കാർ വൻ പ്രാധാന്യമാണ് നൽകുന്നത്. ഫെബ്രുവരിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച പുതിയ മാർഗ്ഗനിർദേശങ്ങൾ പ്രകാരം ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരത്തിന്റെ ആറ് ചരണങ്ങളും ആലപിക്കാൻ നിർദേശമുണ്ടായിരുന്നു.
മാത്രമല്ല, വന്ദേമാതരത്തെ ദേശീയ ഗാനത്തിന് തുല്യമായ പദവിയിലേക്ക് ഉയർത്തുന്ന ഭേദഗതി ബിൽ അടുത്തിടെ പാർലമെന്റ് പാസാക്കുകയും ചെയ്തു. 'നാഷണൽ ഓണർ ഇൻസൾട്ട് പ്രിവൻഷൻ ബിൽ 2026' പ്രകാരം വന്ദേമാതരത്തെ അപമാനിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുന്നത് മൂന്ന് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.