നരേഷ് പാൽ ഗാങ്‍വാർ
ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്തേക്ക് നിയമിച്ച് ദിവസങ്ങൾക്കകം നരേഷ് പാൽ ഗാങ്‍വാറിനെ മാറ്റി കേന്ദ്രസർക്കാർ. 1993 ബാച്ച് മധ്യപ്രദേശ് കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥയായ ദീപ്തി ഗൗർ മുഖർജിയാണ് പുതിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി. നേരത്തെ കോർപറേറ്റ് അഫയേഴ്സ് സെക്രട്ടറിയായിരുന്നു ദീപ്തി ഗൗർ മുഖർജി.
ജൂലൈ 23നാണ് വിനീത് ജോഷിക്ക് പകരം നരേഷ് പാൽ ഗാങ്‍വാറിനെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചത്. നീറ്റ് ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകളിൽ ജന്തർ മന്തറിൽ ഉൾപ്പെടെ കോക്രോച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ വിദ്യാർഥികളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലായിരുന്നു അന്നത്തെ നിയമനം.
വിനീത് ജോഷിയെ പഞ്ചായത്തി രാജ് മന്ത്രാലയ സെക്രട്ടറിയായി നിയമിച്ചിരുന്നെങ്കിലും അദ്ദേഹം ആ സ്ഥാനത്തേക്ക് മാറിയിരുന്നില്ല. ജൂലൈ 31ന് പഞ്ചായത്ത് രാജ് സെക്രട്ടറി വിവേക് ഭരദ്വാജ് വിരമിച്ചതിന് ശേഷമാണ് വിനീത് ജോഷി ചുമതലയേൽക്കേണ്ടിയിരുന്നത്. എന്നാൽ അദ്ദേഹം ഉന്നത വിദ്യാഭ്യാസ വകുപ്പിൽ തന്നെ തുടരുകയായിരുന്നു. തുടർന്ന് ഗാങ്‍വാർ മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പിന്റെ സെക്രട്ടറിയായി തുടരുകയും ചെയ്തു. ഇപ്പോൾ മുൻ ഉത്തരവിൽ ഭാഗിക ഭേദഗതി വരുത്തിയാണ് ദീപ്തി ഗൗർ മുഖർജിയെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്. അപ്പോയിന്റ്മെന്റ്സ് കമ്മിറ്റി ഓഫ് ദ കാബിനറ്റാണ് നിയമനത്തിന് അംഗീകാരം നൽകിയത്.
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ തലപ്പത്ത് സാമ്പത്തിക തട്ടിപ്പിൽ ആരോപണ വിധേയനായ ഐ.എ.എസ് ഉദ്യോഗസ്ഥനായ നരേഷ് പാൽ ഗാങ്‍വാറിനെ കേന്ദ്രസർക്കാർ നിയമിച്ചത് വിവാദമായിരുന്നു. കേന്ദ്ര കാർഷിക മന്ത്രാലയത്തിന് കീഴിലുള്ള നാഷനൽ ഹോർട്ടികൾചർ ബോർഡിന്റെ കർഷക ക്ഷേമപദ്ധതി അട്ടിമറിച്ച് കോടിക്കണക്കിന് രൂപ സബ്‌സിഡി ഇനത്തിൽ കൈക്കലാക്കിയെന്നാണ് നരേഷ് ഗാങ്‍വാറിനെതിരായ ആരോപണം. നാഷനൽ ഹോർട്ടികൾചർ ബോർഡിന്റെ കർഷക ക്ഷേമപദ്ധതി അട്ടിമറിച്ച് ഗാങ്‌വാറിന്റെ അമ്മ, ഭാര്യ, മകൻ എന്നിവരുടെ പേരുകളിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 1.16 കോടി രൂപ സബ്‌സിഡി ഇനത്തിൽ കൈക്കലാക്കിയതായാണ് നരേഷിനെതിരായ ആരോപണം. ജയ്പുരിലെ ഭാസിങ്പുര ഗ്രാമത്തിലുള്ള ഇവരുടെ കൃഷിയിടത്തിന്റെ പേരിലാണ് കർഷകർക്ക് ലഭിക്കേണ്ട ആനുകൂല്യ തുക ഉന്നത സ്വാധീനം ഉപയോഗിച്ച് സ്വന്തമാക്കിയത്.
നീറ്റ് ഉൾപ്പെടെ ദേശീയ പ്രവേശന പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാർഥികളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിലെ തുടർച്ചയായ ഉദ്യോഗസ്ഥ മാറ്റങ്ങൾ. പരീക്ഷാ ചോദ്യ പേപ്പർ ചോർച്ച, ഒ.എം.ആർ പൊരുത്തക്കേട്, പരീക്ഷാ നടത്തിപ്പിലെ സുതാര്യത തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർഥികളും പ്രതിപക്ഷ പാർട്ടികളും കേന്ദ്രസർക്കാരിനെതിരെ വിമർശനം ഉയർത്തിയിരുന്നു.
ഇതിനൊപ്പം കേന്ദ്രസർക്കാർ നിരവധി മുതിർന്ന ഉദ്യോഗസ്ഥരുടെ ചുമതലകളിലും മാറ്റം വരുത്തി. വി.കെ. കാന്ത റാവുവിനെ ആഭ്യന്തര മന്ത്രാലയത്തിലെ ഔദ്യോഗിക ഭാഷാ വകുപ്പിൽ സെക്രട്ടറി റാങ്കിലുള്ള ഒ.എസ്.ഡിയായി നിയമിച്ചു. നിലവിൽ ജലശക്തി മന്ത്രാലയത്തിലെ ജലവിഭവ വകുപ്പ് സെക്രട്ടറിയായ കാന്ത റാവു നിലവിലെ ഉദ്യോഗസ്ഥ അൻസുലി ആര്യ സെപ്റ്റംബർ 30ന് വിരമിച്ചതിന് ശേഷമായിരിക്കും പുതിയ ചുമതല ഏറ്റെടുക്കുക. അസം-മേഘാലയ കേഡറിൽ നിന്നുള്ള 1995 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയായ അർച്ചന വർമ്മ ജലവിഭവ വകുപ്പ് സെക്രട്ടറിയായി കാന്ത റാവുവിന് പകരം ചുമതലയേൽക്കും. യുവജനകാര്യ സെക്രട്ടറി പല്ലവി ജെയിൻ ഗോവിലിനെ കോർപറേറ്റ് അഫയേഴ്സ് സെക്രട്ടറിയായും സുശീൽ കുമാർ ലോഹാനിലെ ഇൻലാൻഡ് വാട്ടർവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ ചെയർമാനായും നിയമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.