വിമാനദുരന്തം: പൈലറ്റുമാരെ കുറ്റപ്പെടുത്തുന്നതിനെതിരെ കൂടുതൽ സംഘടനകൾ

ന്യൂഡൽഹി: അഹ്മദാബാദ് വിമാനദുരന്തത്തിൽ പൈലറ്റുമാരെ കുറ്റപ്പെടുത്തിയുള്ള ചർച്ചകൾ സജീവമായതോടെ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി) റിപ്പോർട്ടിനെതിരെ കൂടുതൽ പൈലറ്റുമാരുടെ സംഘടനകൾ.

പറന്നുയർന്നതിന് പിന്നാലെ വിമാനത്തിന്റെ രണ്ട് എൻജിനുകളിലേക്ക് ഇന്ധന വിതരണം നിയന്ത്രിക്കുന്ന സ്വിച്ചുകൾ ഓഫ് ആയത് ദുരന്തത്തിന് കാരണമായെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഇന്ധന സ്വിച്ചുകൾ വിമാനം പറന്നുയർന്ന് മൂന്ന് സെക്കൻഡുകൾക്കുള്ളിൽ ഒന്നിന് പിന്നാലെ മറ്റൊന്ന് ഓഫായതും എന്തിനാണ് സ്വിച്ച് ഓഫാക്കിയതെന്ന പൈലറ്റുമാരിൽ ഒരാളുടെ ചോദ്യവും അന്വേഷണ റിപ്പോർട്ടിൽ പ്രത്യേകം ചൂണ്ടിക്കാട്ടിയിരുന്നു. ഇതാണ് വിദേശ മാധ്യമങ്ങളടക്കം പൈലറ്റുമാരെ പ്രതിക്കൂട്ടിലാക്കി ചർച്ചകൾക്ക് തുടക്കമിട്ടത്.

വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ പൈലറ്റുമാർ അവരുടെ പരിശീലനത്തിനും ഉത്തരവാദിത്തങ്ങൾക്കും അനുസൃതമായി പ്രവർത്തിച്ചുവെന്നും അനുമാനങ്ങളുടെ അടിസ്ഥാനത്തിൽ പൈലറ്റുമാരെ അധിക്ഷേപിക്കരുതെന്നും ഇന്ത്യൻ കമേഴ്‌സ്യൽ പൈലറ്റ്‌സ് അസോസിയേഷൻ (ഐ.സി.പി.എ) അഭ്യർഥിച്ചു. ദുരന്തത്തിന്റെ ഉത്തരവാദിത്തം പൈലറ്റുമാരുടെ മേൽ ചാരാനുള്ള നീക്കമാണ് നടക്കുന്നത്. ന്യായവും വസ്തുതാധിഷ്ഠിതവുമായ അന്വേഷണം വേണമെന്ന് എയർലൈൻ പൈലറ്റ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എ.എൽ.പി.എ) കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലുകൾ അപകടത്തിന്റെ കൃത്യമായ കാരണം നിർണയിക്കാൻ പര്യാപ്തമല്ലെന്നും പൈലറ്റുമാരെ കേന്ദ്രീകരിച്ചുള്ള ചർച്ചകൾ ബാലിശമാണെന്നും എ.എ.ഐ.ബി മുൻ തലവൻ അരവിന്ദോ ഹണ്ട പറഞ്ഞു.

വിമാനത്തിന് സാങ്കേതിക പ്രശ്നങ്ങളോ വൈദ്യുതി വിതരണ പ്രശ്‌നങ്ങളോ ഉണ്ടെങ്കിൽ ഇന്ധന സ്വിച്ചുകൾ റൺ മോഡിൽനിന്ന് കട്ട് ഓഫ് മോഡിലേക്ക് മാറാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.

Tags:    
News Summary - ahmedabad plane crash: "Air India Crash Report Unclear On Who Made Decisions": Pilots' Federation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.