അഹ്മദാബാദ്: പ്രമുഖ കോൺഗ്രസ് നേതാവും സോണിയ ഗാന്ധിയുടെ പ്രധാന ഉപദേഷ്ടാവുമായിരുന്ന അന്തരിച്ച അഹമ്മദ് പട്ടേലിന്റെ മകൻ ഫൈസൽ പട്ടേൽ കോൺഗ്രസ് വിട്ടു. രാഷ്ട്രീയജീവിതത്തിലെ വ്യക്തിപരമായ വേദനയും നിരാശയും കാരണമാണ് പാർട്ടി പ്രവർത്തനം നിർത്തുന്നതെന്ന് അദ്ദേഹം ട്വീറ്റിൽ വെളിപ്പെടുത്തി. ഹാർവാഡ് ബിസിനസ് സ്കൂൾ പൂർവ വിദ്യാർഥിയായ ഫൈസൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ് ഡാറ്റ എന്നിവ കേന്ദ്രീകരിച്ചുള്ള സംരംഭകനാണ്. ഒപ്പം, പിതാവ് സ്ഥാപിച്ച ട്രസ്റ്റുകളിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്.
‘ഇന്ത്യൻ നാഷനൽ കോൺഗ്രസിനുവേണ്ടി പ്രവർത്തിക്കുന്നത് നിർത്താൻ ഏറെ വേദനയോടെ ഞാൻ തീരുമാനിച്ചു. വർഷങ്ങളായി ദുഷ്‌കരമായ യാത്രയായിരുന്നു. പരേതനായ പിതാവ് അഹമ്മദ് പട്ടേൽ തന്റെ ജീവിതം മുഴുവൻ രാജ്യത്തിനും പാർട്ടിക്കും ഗാന്ധി കുടുംബത്തിനും വേണ്ടി പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ കാലടി പിന്തുടരാൻ ഞാൻ ശ്രമിച്ചു, പക്ഷേ വഴിനീളെ എനിക്ക് മുന്നിൽ തടസ്സങ്ങളായിരുന്നു. മനുഷ്യരാശിക്കുവേണ്ടി പ്രവർത്തിക്കുന്നത് സാധ്യമായ എല്ലാ വിധത്തിലും ഞാൻ തുടരും. എന്നത്തേയും പോലെ കോൺഗ്രസ് എന്റെ കുടുംബമായി തുടരും’ -എക്സിൽ പങ്കുവെച്ച കുറിപ്പിൽ ഫൈസൽ പട്ടേൽ വ്യക്തമാക്കി.
അതേസമയം, അദ്ദേഹത്തിന്റെ സഹോദരിയും കോൺഗ്രസ് ദേശീയ വക്താവും എ.ഐ.സി.സി പ്രതിനിധിയുമായ മുംതാസ് പട്ടേൽ ഗുജറാത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പാർട്ടിയുടെ മുൻനിര പ്രവർത്തകയാണ്. ബറൂച്ചിലെ പാണ്ട്‌വൈ താലൂക്ക് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ ഇവർ കർമനിരതയായിരുന്നു. സാന്ത്രംപൂർ നഗരസഭ ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പുകളിലും പാർട്ടിക്കുവേണ്ടി ഇവർ സജീവമായി പ്രചാരണം നടത്തുന്നുണ്ട്.
സഹോദരന്റെ നീക്കത്തെക്കുറിച്ച് ചോദിച്ചപ്പോൾ, അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണെന്നായിരുന്നു മുംതാസിന്റെ പ്രതികരണം. രാഷ്ട്രീയത്തിൽ വഴിപിരിഞ്ഞെങ്കിലും പിതാവിന്റെ പാരമ്പര്യം പ്രതിബദ്ധതയോടെ കാത്തുസൂക്ഷിക്കുമെന്ന് അവർ ഊന്നിപ്പറഞ്ഞു.‘ഫൈസലും ഞാനും തമ്മിൽ ഒരു അഭിപ്രായ വ്യത്യാസവുമില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെയുണ്ടായ വിയോജിപ്പ് താൽക്കാലികമായിരുന്നു. ഞാൻ പാർട്ടി പാതയിൽ അടിയുറച്ച് നിൽക്കും. ഞങ്ങളുടെ കുടുംബം ഒറ്റക്കെട്ടാണ്. പിതാവ് അഹമ്മദ് പട്ടേലിന്റെ പാരമ്പര്യം ഞങ്ങൾ ഞങ്ങളുടേതായ രീതിയിൽ മുന്നോട്ട് കൊണ്ടുപോകും. ഫൈസൽ സാമൂഹിക പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും, ഞാൻ എന്റെ പിതാവ് ചെയ്തതുപോലെ രാഷ്ട്രീയത്തിലും’ -അവർ പറഞ്ഞു.
അതിനിടെ, ഫൈസലിന്റെ ഞെട്ടിക്കുന്ന തീരുമാനത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ചും ഏത് പാർട്ടിയിൽ ചേരുമെന്നത് സംബന്ധിച്ചും നിരവധി ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. എന്നാൽ, മറ്റൊരു പാർട്ടിയിൽ ചേരാൻ പദ്ധതിയില്ലെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം പാർട്ടിയിൽ സജീവമല്ലാത്ത ഫൈസലിന്റെ പ്രഖ്യാപനത്തെ കോൺഗ്രസ് നേതാക്കൾ സംശയത്തോടെയാണ് കാണുന്നത്. ഫൈസൽ പട്ടേൽ നിലവിൽ പാർട്ടിയുടെ പ്രാഥമിക അംഗം പോലുമല്ലെന്നും അദ്ദേഹത്തിന്റെ പ്രഖ്യാപനം അപ്രസക്തമാണെന്നും ഗുജറാത്തിലെ മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു.
ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബറൂച്ച് ലോക്‌സഭാ സീറ്റ് ആം ആദ്മി പാർട്ടിക്ക് നൽകാനുള്ള കോൺഗ്രസ് തീരുമാനം പട്ടേൽ കുടുംബത്തിൽ അസ്വാരസ്യം സൃഷ്ടിച്ചിരുന്നു. എന്നാൽ, താൻ ഒരിക്കലും ഈ സീറ്റ് ആവശ്യപ്പെട്ടിരുന്നില്ലെന്ന് മുംതാസ് വ്യക്തമാക്കി. ബറൂച്ചിൽ സജീവമാകാൻ കോൺഗ്രസ് തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും എ.എ.പിയുമായി സഖ്യമുണ്ടാക്കാനുള്ള തീരുമാനത്തിൽ നിരാശ തോന്നിയിരുന്നെങ്കിലും പാർട്ടി തീരുമാനത്തിന് ഒപ്പം നിലകൊണ്ടുവെന്നും അവർ പറഞ്ഞു.
മുംതാസ് പാർട്ടി കാര്യങ്ങളിൽ സജീവമായ പങ്ക് വഹിക്കുന്നത് തുടരുന്നതിനാൽ ഫൈസലിന്റെ തീരുമാനം പാർട്ടിയുമായുള്ള പട്ടേൽ കുടുംബത്തിന്റെ ബന്ധത്തെ ബാധിക്കില്ലെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. ‘ഫൈസൽ ജിയും മുംതാസ് ജിയും അഹമ്മദ് പട്ടേലിന്റെ കുടുംബമാണ്. അവർ എപ്പോഴും കോൺഗ്രസ് കുടുംബത്തിന്റെ ഭാഗമായിരിക്കും. മുംതാസ് പാർട്ടിയുടെ സജീവ നേതാവാണ്, സാമൂഹിക സേവനത്തിൽ ഫൈസലിന്റെ ഇടപെടൽ അഹമ്മദ് പട്ടേലിന്റെ പാരമ്പര്യത്തിന്റെ തുടർച്ചയാണ്, അത് കോൺഗ്രസിന് പ്രധാനമാണ്” -സംസ്ഥാന കോൺഗ്രസ് വക്താവ് മനീഷ് ദോഷി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.