ജുഡീഷ്യറിയിലെ അഴിമതി, കെട്ടിക്കിടക്കുന്ന കേസുകൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യുന്ന ഒരു പാഠഭാഗം പ്രസിദ്ധീകരിച്ചതിൽ എൻ.സി.ഇ.ആർ.ടി പരസ്യമായി മാപ്പ് പറഞ്ഞു. എട്ടാം ക്ലാസ് സാമൂഹിക ശാസ്ത്ര പാഠപുസ്തകമായ എക്സ്‌പ്ലോറിങ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട്" (ഭാഗം II) എന്ന പുസ്തകത്തിലെ നാലാം അധ്യായമായ 'ദി റോൾ ഓഫ് ജുഡീഷ്യറി ഇൻ ഔവർ സൊസൈറ്റി' എന്ന ഭാഗത്തിനെതിരെയാണ് കോടതി രൂക്ഷമായ വിമർശനം ഉന്നയിച്ചത്.
‘ഈ വിഷയത്തിൽ എൻ.സി.ഇ.ആർ.ടി ഡയറക്ടറും അംഗങ്ങളും നിരുപാധികമായി മാപ്പ് ചോദിക്കുന്നു. പാഠപുസ്തകം പൂർണ്ണമായും പിൻവലിച്ചിട്ടുണ്ട്, ഇനി അത് ലഭ്യമായിരിക്കില്ല’ അധികൃതർ വ്യക്തമാക്കി. ജുഡീഷ്യറിക്കെതിരായ പരാമർശങ്ങളെ ആഴത്തിൽ വേരോടിയതും ആസൂത്രിതവുമായ ഗൂഢാലോചന എന്നാണ് സുപ്രീംകോടതി വിശേഷിപ്പിച്ചത്.
എൻ.സി.ഇ.ആർ.ടി ഡയറക്ടർക്കും സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറിക്കും കോടതി കാരണം കാണിക്കൽ നോട്ടീസ് അയക്കുകയും ഇവർക്കെതിരെ എന്തുകൊണ്ട് നടപടിയെടുക്കരുത് എന്ന് വിശദീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. വിവാദമായ പാഠഭാഗം ഉൾപ്പെട്ട പാഠപുസ്തകത്തിന്റെ എല്ലാ ഹാർഡ് കോപ്പിയും ഡിജിറ്റൽ പകർപ്പുകളും പിടിച്ചെടുക്കാൻ ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വിപുൽ എം പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
സ്റ്റോറേജുകളിലും, റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉള്ള എല്ലാ പകർപ്പുകളും പിടിച്ചെടുത്ത് പൊതുജനങ്ങൾക്ക് ലഭ്യമാകാത്ത രീതിയിൽ നീക്കം ചെയ്യാൻ കേന്ദ്ര-സംസ്ഥാന വിദ്യാഭ്യാസ വകുപ്പുകൾക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്. ഈ പുസ്തകം എത്തിച്ചേർന്ന എല്ലാ സ്കൂളുകളിലെയും പ്രിൻസിപ്പൽമാർക്കും എൻ.സി.ഇ.ആർ.ടി ഡയറക്ടർക്കും ഇതിന്റെ പൂർണ്ണ ഉത്തരവാദിത്തമുണ്ടെന്നും, അടിയന്തരമായി അവ സീൽ ചെയ്ത് റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.
ഈ പാഠപുസ്തകത്തെ അടിസ്ഥാനമാക്കി കുട്ടികൾക്ക് യാതൊരുവിധ ക്ലാസുകളും എടുക്കുന്നില്ലെന്ന് എല്ലാ സംസ്ഥാനങ്ങളിലെയും പ്രിൻസിപ്പൽ സെക്രട്ടറിമാർ ഉറപ്പുവരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. ഭരണഘടനാ സ്ഥാപനങ്ങളെ സംബന്ധിച്ച കാര്യങ്ങളിൽ പാഠപുസ്തകങ്ങൾ തയാറാക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തണമെന്ന് എൻ.സി.ഇ.ആർ.ടിക്ക് നൽകിയ കർശനമായ താക്കീത് കൂടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.