പട്ന: ആർ.ജെ.ഡി നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ വീട്ടിൽ കലഹം രൂക്ഷം. സ്ഫോടനാത്മക വെളിപ്പെടുത്തലുകളുമായി രോഹിണി ആചാര്യ വീട് വിട്ടതിന് പിന്നാലെ ലാലുവിന്റെ മൂന്നു പെൺമക്കൾ കൂടി കുട്ടികളുമായി അവരുടെ പട്നയിലുള്ള താമസസ്ഥലം വിട്ടു. ഡൽഹിയിലേക്ക് ഇവർ പോയത്. ബിഹാറിലെ ഏറ്റവും സ്വാധീനമുള്ള രാഷ്ട്രീയ കുടുംബത്തിലെ വിള്ളൽ വലുതാകുന്നതിന്റെ സൂചനയാണിതെന്നാണ് റിപ്പോർട്ട്.
ആർ.ജെ.ഡിക്കുള്ളിൽ ഒരാഴ്ചയായി നിലനിൽക്കുന്ന രാഷ്ട്രീയവും വ്യക്തിപരവുമായ കോളിളക്കങ്ങൾക്കിടയിലാണ് പുതിയ സംഭവം.
രാജലക്ഷ്മി, രാഗിണി, ചന്ദ എന്നിവരാണ് തിങ്കളാഴ്ച പുലർച്ചെ ലാലുവിന്റെയും റാബ്റി ദേവിയുടെയും വസതിയായ 10 സർക്കുലർ റോഡിൽ നിന്ന് പടിയിറങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിൽ വീട്ടിലുണ്ടായ സംഭവവികാസങ്ങളിൽ ഇവർ അസ്വസ്ഥരാണെന്നാണ് കുടുംബവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. ഇപ്പോൾ ആ വീട്ടിൽ ലാലുവും റാബ്റിയും മിസ ഭാരതിയും മാത്രമേയുള്ളൂ.
ഏഴു പെൺമക്കളും രണ്ട് ആൺമക്കളുമാണ് ലാലുവിനും റാബ്റിക്കും. ഇവരുടെ മക്കളിൽ മിസ ഭാരതിയാണ് ഏറ്റവും മൂത്തയാൾ, രോഹിണി, ചന്ദ സിങ്, രാഗിണി യാദവ്, ഹേമ യാദവ്, അനുഷ്‍ക റാവു, രാജലക്ഷ്മി സിങ് യാദവ് എന്നിങ്ങനെയാണ് മറ്റുപെൺമക്കൾ. ആൺമക്കളായ തേജ് പ്രതാപും തേജസ്വി യാദവും ബിഹാർ രാഷ്ട്രീയത്തിൽ സജീവമാന്.
ബിഹാറിലെ ഏറ്റവും രാഷ്ട്രീയ സ്വാധീനമുള്ള കുടുംബമാണിത്. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ദയനീയമായ പ്രകടനമാണ് ആർ.ജെ.ഡി ഇക്കുറി കാഴ്ചവെച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 75 സീറ്റുണ്ടായിരുന്ന ആർ.ജെ.ഡിയുടെ നേട്ടം ഇത്തവണ 25 സീറ്റുകളിലൊതുങ്ങി.
രോഹിണിയാണ് രാഷ്ട്രീയം വിടുകയാണെന്നും കുടുംബം ഉപേക്ഷിക്കുകയാണെന്നും പറഞ്ഞ് ആദ്യം വീടുവിട്ടിറങ്ങിയത്. പിന്നാലെ സമൂഹ മാധ്യമത്തിൽ പോസ്റ്റിടുകയും ചെയ്തു. 2022ൽ വൃക്കരോഗം ബാധിച്ച ലാലുവിന് വൃക്ക ദാനമായി നൽകിയത് രോഹിണിയായിരുന്നു. മോശം കിഡ്നി ദാനം ചെയ്ത് തെരഞ്ഞെടുപ്പ് ടിക്കറ്റ് ഉറപ്പിച്ചുവെന്നായിരുന്നു കുടുംബാംഗങ്ങളിലൊരാൾ തനിക്കെതിരെ ആരോപണമുന്നയിച്ചുവെന്നും 46കാരിയായ രോഹിണി എക്സിൽ കുറിച്ചു.
''ഇന്നലെ എനിക്കെതിരെ ശാപവാക്കുകൾ ചൊരിഞ്ഞുകൊണ്ട് ഒരാൾ പറഞ്ഞത് പിതാവിന് ഏറ്റവും വൃത്തികെട്ട വൃക്ക കൊടുത്ത് ഞാൻ കോടിക്കണക്കിന് രൂപ കൈപ്പറ്റിയെന്നും ലോക്സഭ ടിക്കറ്റ് വാങ്ങിയെന്നുമാണ്. എന്റെ മൂന്ന് കുട്ടികളും ഭർത്താവുമടങ്ങുന്ന കുടുംബത്തിന്റെ അനുവാദം വാങ്ങാതെ വൃക്കം ദാനം ചെയ്തത് വലിയ തെറ്റായിപ്പോയെന്ന് ഇപ്പോൾ മനസിലാക്കുന്നു. ദൈവത്തെ പോലെ കരുതുന്ന എന്റെ പിതാവിന് രക്ഷിക്കാൻ വേണ്ടിയായിരുന്നു അങ്ങനെ ചെയ്തത്. അത് വൃത്തികെട്ട പണിയായിരുന്നു എന്നാണ് ഇപ്പോൾ ഞാൻ കേട്ടുകൊണ്ടിരിക്കുന്ന ആക്ഷേപം. നിങ്ങളിൽ ആരും മേലിൽ ഇതുപോലൊരു തെറ്റുചെയ്യാതിരിക്കട്ടെ. ഒരു കുടുംബത്തിലും രോഹിണിയെ പോലുള്ള ഒരു മകൾ ഇനി ഉണ്ടാകാതിരിക്കട്ടെ''-എന്നായിരുന്നു രോഹിണി ആചാര്യയുടെ വൈകാരിക എക്സ് പോസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.