ന്യൂഡൽഹി: ഡൽഹിയിൽ പഞ്ചനക്ഷത്രഹോട്ടൽ മുറികളുടെ നിരക്ക് കുത്തനെ കൂട്ടി. ഫെബ്രുവരി 16 മുതൽ 20 വരെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന `2026 ഇന്ത‍്യ എ.ഐ ഇംപാക്ട്' ഉച്ചകോടിയോടനുബന്ധിച്ചാണ് നിരക്ക് കൂട്ടിയത്. ഉച്ചകോടിയിൽ വിദേശ പ്രതിനിധികളും, പ്രഭാഷകരും, സാങ്കേതിക വിദഗ്ദരും പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.
ഈ ദിവസങ്ങളിൽ ഹോട്ടൽമുറികൾക്ക് ആവശ‍്യക്കാരേറിയതോടെയാണ് വില വർധിപ്പിച്ചത്. സാധാരണയായി ഒരു രാത്രിക്ക് 20,000 മുതൽ 40,000 രൂപ വരെ നിരക്കുള്ള മുറികൾക്ക് വളരെ ഉയർന്ന വിലയാണ് ഈടാക്കുന്നത്. ഫെബ്രുവരി 19, 20 ദിവസങ്ങളിൽ ഇത് ഒരു ലക്ഷത്തിലേറെ ഉയരുമെന്ന് ചില യാത്രാ വെബ് സൈറ്റുകൾ സൂചിപ്പിച്ചിട്ടുണ്ട്. ആഡംബര ഹോട്ടലുകളിൽ ഒരു രാത്രിക്ക് നാല് മുതൽ അഞ്ച് ലക്ഷം വരെയാകും നിരക്ക്.
ഡൽഹിയിലെ മുന്‍ നിര ഹോട്ടലുകളായ ലീല പാലസ്, ഐ.ടി.സി മൗര്യ, താജ് പാലസിലൊക്കെ മുറികളുടെ വില വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇംപീരിയൽ, ഷാങ്രി-ലാ അറോസ്, ദി പാർക്ക് തുടങ്ങിയവയിൽ ഇതിനോടകം ബുക്കിങ് തീർന്നതായാണ് റിപ്പോർട്ട്. ഇംപീരിയലിൽ രാത്രിക്ക് 2.4 ലക്ഷം രൂപയാണ് വില ഈടാക്കുന്നത്. അതേസമയം ഡൽഹിയിലെ ഹോട്ടൽമുറികളുടെ വില ഒരു ലക്ഷം കടന്നുവെന്ന് ഇക്സിഗോ സി.ഇ.ഒ അലക്സ് ഭാജ്പായ് എക്സിലൂടെ അറിയിച്ചു.
‘ഇന്ത‍്യ എ.ഐ ഇംപാക്ട് ഉച്ചകോടി തീർച്ചയായും ഹോട്ടൽ നിരക്കുകളെ സ്വാധീനിച്ചിട്ടുണ്ട്. ഫെബ്രുവരി 16 മുതൽ 20 വരെ നിരവധി പഞ്ചനക്ഷത്ര ഹോട്ടൽ മുറികൾ രാത്രിക്ക് ഒരു ലക്ഷം രൂപയിൽ കൂടുതൽ നൽകിയാണ് വാങ്ങുന്നത്’ ഭാജ്പായ് എക്സിൽ കുറിച്ചു. ഇതുവരെ സംഘടിപ്പിച്ച എ.ഐ ഉച്ചകോടികളിൽ ഏറ്റവും വലുതാണ് ഇന്ത‍്യ എ.ഐ ഇംപാക്ട് ഉച്ചകോടി. സർക്കാർ പ്രതിനിധികൾ, മന്ത്രിമാർ, ആഗോള പ്രതിനിധികൾ, വിവിധ ഇന്ത‍്യന്‍ കമ്പനി പ്രതിനിധികൾ തുടങ്ങി നിരവധി പേരാണ് പരിപാടിയിൽ പങ്കെടുക്കുക. ദക്ഷിണേന്ത‍്യയിൽ നടക്കുന്ന ആദ്യത്തെ ആഗോള ഉച്ചകോടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.