ജയ്​ ശ്രീറാം വിളിക്കാത്തതിന്​ മർദനം: മന്ത്രത്തകിട്​ പൊലീസ്​ സൃഷ്​ടിയെന്ന്​ വൃദ്ധന്‍റെ കുടുംബം

ഗാസിയാബാദ്​: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ മുസ്​ലിം വയോധികനെ സംഘം ചേർന്ന്​ മർദിക്കുകയും താടി മുറിക്കുകയും ചെയ്​ത സംഭവം പൊലീസ്​ വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നതായി കുടുംബം. മന്ത്രത്തകിട്​ വിൽപനയെ ചൊല്ലിയാണ്​ മർദനമെന്ന വാദം പൊലീസ്​ സൃഷ്​ടിയാണെന്ന്​ വൃദ്ധന്‍റെ മക്കൾ മാധ്യമങ്ങളോട്​ പറഞ്ഞു. സംഭവത്തെ കുറിച്ച്​ അഭിപ്രായം പ്രകടിപ്പിച്ച കോൺഗ്രസ്​ നേതാക്കളും മാധ്യമപ്രവർത്തകരും ഉൾപ്പെടെ ഒമ്പതുപേർക്കെ​തിരെ ​കേസെടുത്തതിന്​ തൊട്ടുപിന്നാലെയാണ്​ കുടുംബത്തിന്‍റെ വെളിപ്പെടുത്തൽ.

ജൂൺ അഞ്ചിനാണ്​ അബ്​ദുസ്സമദ്​ എന്ന വയോധികനെ ഒരുസംഘം മർദിച്ചത്​. കഴിഞ്ഞദിവസമാണ്​ ഇതിന്‍റെ വിഡിയോ പുറത്തായത്​. തന്നെ ഏതാനും പേർ തട്ടിക്കൊണ്ടുപോയി ജയ്​ ശ്രീറാം, വന്ദേ മാതരം എന്നിവ വിളിക്കാൻ ആവശ്യപ്പെട്ട്​ മർദിക്കുകയായിരുന്നുവെന്ന്​ അബ്​ദുസ്സമദ്​ പറഞ്ഞിരുന്നു. എന്നാൽ, പ്രവർത്തനരഹിതമായ മന്ത്രത്തകിട്​ വിറ്റതിനാണ്​ പ്രതികൾ ഇയാളെ മർദിച്ചതെന്നായിരുന്നു​ പൊലീസ്​ വാദം. കേസിൽ സാമുദായിക വിവേചനം ഒന്നുമില്ലെന്നും പ്രതികളിൽ ഹിന്ദുക്കളും മുസ്​ലിംകളും അടക്കം ആറുപേരുണ്ടെന്നും പൊലീസ്​ പറഞ്ഞിരുന്നു.

എന്നാൽ, ഈ ആരോപണം പച്ചക്കള്ളമാണന്ന്​ അബ്ദുസ്സമദിന്‍റെ മകൻ ബബ്‌ലൂ സെയ്ഫി എൻ‌.ഡി‌.ടി‌.വിയോട് പറഞ്ഞു. "എൻെറ പിതാവ് മന്ത്രത്തകിട്​വിൽക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞത്​ തെറ്റാണ്. ഞങ്ങളുടെ കുടുംബത്തിൽ ആരും ഈ ബിസിനസ്സ് നടത്തുന്നില്ല. ഞങ്ങൾ എല്ലാവരും മരപ്പണിക്കാരാണ്. പൊലീസ് പറയുന്നതൊന്നും ശരിയല്ല. സത്യം എന്താണെന്ന്​ അന്വേഷിച്ച് ക​ണ്ടെത്തട്ടെ. നാല് മണിക്കൂർ പിതാവ്​ പീഡിപ്പിക്കപ്പെട്ടു''-അദ്ദേഹം പറഞ്ഞു.

പിതാവ്​ അക്രമിക്കപ്പെട്ടതിന്‍റെ തൊട്ടടുത്ത ദിവസം, ജൂൺ 6 ന് തന്നെ ലോണി പൊലീസ് സ്റ്റേഷനിൽ ഇവർ പരാതി നൽകിയിരുന്നു. അതിൽ നടന്ന സംഭവങ്ങൾ അതുപോലെ വിശദീകരിച്ചിരുന്നതായും മകൻ പറഞ്ഞു. അക്രമത്തെ കുറിച്ച്​ സമദ്​ പറയുന്നതിങ്ങനെ: 'സംഭവ ദിവസം പള്ളിയിൽ പോകു​േമ്പാൾ ഒരാൾ ഓ​ട്ടോറിക്ഷയുമായി വന്ന്​ ലിഫ്​റ്റ്​ നൽകി. പിന്നീട്​ രണ്ടുപേർ കൂടി അതിൽ കയറി. എന്നിട്ട് അവർ ഒരു വീട്ടിലേക്ക്​ കൊണ്ടുപോയി തല്ലി. ജയ്​ ശ്രീറാം, വന്ദേമാതരം എന്നിവ വിളിക്കാൻ അവർ നിർബന്ധിച്ചു. അവർ എൻെറ മൊബൈൽ എടുത്തു. കത്തിയെടുത്ത്​ താടി മുറിച്ചു. മറ്റു മുസ്‌ലിംകൾ ആക്രമിക്കപ്പെടുന്നതിന്‍റെ ഒരു വീഡിയോ എനിക്ക് കാണിച്ചുതന്നു. ഇതിനുമുമ്പ് നിരവധി മുസ്‌ലിംകളെ കൊന്നതായി അവർ പറയുന്നുണ്ടായിരുന്നു''.

സംഭവത്തിന്​ മനപ്പൂർവം സാമുദായിക മുഖം നൽകാൻ ശ്രമിച്ചുവെന്ന്​ ആരോപിച്ചാണ്​ യു.പി പൊലീസ്​ ഒമ്പതുപേർക്കെതിരെ കേസെടുത്തത്​. ന്യൂസ്​ പോർട്ടലായ ദ വയർ, മാധ്യമപ്രവർത്തകരായ റാണ അയ്യൂബ്​, സാബ നഖ്​വി, മുഹമ്മദ്​ സുബൈർ, കോൺഗ്രസ്​ നേതാക്കളായ​ ഡോ. ഷമ മുഹമ്മദ്​, സൽമാൻ നിസാമി, അലിഗഢ്​ മുസ്​ലിം യൂണിവേഴ്​സിറ്റി മുൻ വിദ്യാർഥി യൂനിയൻ പ്രസിഡൻറ്​ മസ്​കൂർ ഉസ്​മാനി എന്നിവർ വസ്​തുതകൾ പരിശോധിക്കാതെ സംഭവത്തിന്​ വർഗീയ മുഖം നൽകിയെന്നാണ്​ യു.പി പൊലീസ്​ ആരോപണം. വൈകാതെ ട്വിറ്ററിലൂടെ സമുദായങ്ങൾക്കിടയിൽ വിദ്വേഷ പ്രചാരണവും ആരംഭിച്ചുവെന്നും പൊലീസ്​ ആരോപിക്കുന്നു. വയോധികനെ ആക്രമിക്കുന്ന വിഡിയോ പ്രചരിക്കുന്നത്​ തടയാത്തതിനാണ്​ ട്വിറ്ററിനെതിരെ കേസെടുത്തത്​.

Tags:    
News Summary - After Police Case Over Ghaziabad Attack, Victim's Family Rejects Claims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.