അഫ്ഗാൻ വിദേശകാര്യ മന്ത്രിയുടെ താജ്മഹൽ സന്ദർശനം റദ്ദാക്കി

ന്യൂഡൽഹി: അഫ്ഗാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയുടെ ആഗ്രയിലെ താജ്മഹൽ സന്ദർശനം റദ്ദാക്കിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ജില്ലാ ഭരണകൂടത്തിന്റെ പ്രോട്ടോക്കോൾ വകുപ്പ് റദ്ദാക്കൽ സ്ഥിരീകരിച്ചു. എന്നാൽ, റദ്ദാക്കിയതിന്റെ കാരണമൊന്നും ആഗ്രയിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കിയില്ല. മുത്തഖിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന് വനിതാ മാധ്യമ പ്രവർത്തകരെ മാറ്റി നിർത്തിയ നടപടി പ്രതിപക്ഷം വലിയ വിവാദമാക്കിയതിനു പിന്നാലെയാണ് ഈ വാർത്ത.

അഫ്ഗാൻ വിദേശകാര്യ മന്ത്രി താജ്മഹൽ കാണാൻ ആഗ്രയിലേക്ക് ഞായറാഴ്ച തിരിക്കേണ്ടതായിരുന്നു. ഡൽഹിയിലേക്ക് മടങ്ങുന്നതിനു മുമ്പ് മുത്തഖി അവിടെ ഒന്നര മണിക്കൂർ ചെലവഴിക്കാനും തീരുമാനിച്ചിരുന്നു. അതേസമയം, ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള ഇസ്‍ലാമിക സ്ഥാപനങ്ങളിൽ ഒന്നായ സഹാറൻപൂരിലെ ദാറുൽ ഉലൂം ദയൂബന്ദ് അഫ്ഗാൻ വിദേശകാര്യ മന്ത്രി സന്ദർശിച്ചു.

ആറു ദിവസത്തെ സന്ദർശനത്തിനായി വ്യാഴാഴ്ച ഡൽഹിയിൽ എത്തിയ മുത്തഖി, നാലു വർഷം മുമ്പ് താലിബാൻ അധികാരം പിടിച്ചെടുത്തതിനുശേഷം ഇന്ത്യ സന്ദർശിക്കുന്ന ആദ്യത്തെ മുതിർന്ന താലിബാൻ മന്ത്രിയാണ്. താലിബാൻ രൂപീകരണത്തെ ഇന്ത്യ ഇതുവരെ അംഗീകരിച്ചിട്ടില്ല.

അതിർത്തി കടന്നുള്ള ഭീകരത ഉൾപ്പെടെയുള്ള നിരവധി വിഷയങ്ങളിൽ ഇന്ത്യയും അഫ്ഗാനിസ്ഥാനും പാകിസ്താനുമായി അസ്ഥിരമായ ബന്ധം പുലർത്തുന്ന വേളയിലാണ് അഫ്ഗാൻ വിദേശകാര്യ മന്ത്രിയുടെ ഇന്ത്യാ സന്ദർശനം.

Tags:    
News Summary - Afghan FM Muttaqi cancels Agra visit to Taj Mahal amid tight India tour schedule

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.