തൊഴിലുറപ്പ് പദ്ധതി; പ്രശ്നം പേരുമാറ്റം മാത്രമോ?; തൊഴിലവകാശങ്ങൾക്ക് മേൽ കടന്നുകയറുന്ന കേന്ദ്രം

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്ന പേരുമാറ്റം മാത്രമാണോ ഇന്നത്തെ യഥാർത്ഥ പ്രശ്നം എന്ന ചോദ്യത്തിന് ഉത്തരം വ്യക്തമാണ് –അല്ല. പേരുമാറ്റം ഒരു പ്രതീകാത്മക നീക്കം മാത്രമാണ്. യഥാർത്ഥത്തിൽ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ സർക്കാർ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹ്യ സുരക്ഷാ പദ്ധതികളിലൊന്നിനെ ക്രമാതീതമായി അട്ടിമറിക്കുകയും ശ്വാസം മുട്ടിക്കുകയും ജനവിരുദ്ധമായി മാറ്റുകയും ചെയ്യുകയാണിവിടെ.

ഗ്രാമീണ ഇന്ത്യയിലെ ദരിദ്രർക്കുള്ള നിയമപരമായ തൊഴിൽ അവകാശം എന്ന നിലയിലാണ് ഒന്നാം യു.പി.എ സർക്കാർ തൊഴിലുറപ്പ് പദ്ധതി രൂപകൽപ്പന ചെയ്തത്. ദാരിദ്ര്യം, തൊഴിലില്ലായ്മ, നിർബന്ധിത കുടിയേറ്റം എന്നിവയ്ക്കെതിരെ ഒരു സാമൂഹ്യ സുരക്ഷാ കവചമായിരുന്നു ഇത്. എന്നാൽ എൻ.ഡി.എ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം, “ഭിക്ഷാ പദ്ധതി” എന്ന് പരിഹസിച്ചവർ തന്നെ പിന്നീട് അതിന്റെ ആത്മാവിനെ തന്നെ ഇല്ലാതാക്കുന്ന നയങ്ങൾ നടപ്പിലാക്കുകയും ചെയ്തു.

യു.പി.എയുടെ ചരിത്രപരമായ സംഭാവന

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി യാദൃശ്ചികമായി രൂപം കൊണ്ടതല്ല. യു.പി.എ ചെയർപേഴ്സൺ സോണിയ ഗാന്ധിയുടെ സ്വപ്ന പദ്ധതിയായിരുന്നു രാജ്യ വ്യാപകമായ ഒരു തൊഴിലുറപ്പ് നിയമം. ഒന്നാം യു.പി.എ സർക്കാരിന്റെ കാലത്ത് ഡോ. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്ന സമയത്താണ് ഈ പദ്ധതി പാർലമെന്റിൽ അവതരിപ്പിക്കപ്പെടുകയും നിയമമായി പാസാക്കുകയും ചെയ്തത്. ദാരിദ്ര്യത്തിനെതിരായ പോരാട്ടം, തൊഴിലിന്റെ മാന്യത, സാമൂഹ്യ നീതി എന്നിവ ലക്ഷ്യമിട്ട് രൂപപ്പെടുത്തിയ ഈ നിയമം ഭരണഘടനാപരമായ അവകാശമായി തൊഴിലിനെ അംഗീകരിച്ച ഒരു നാഴികക്കല്ലായി മാറി.

പേരുമാറ്റവും രാഷ്ട്രീയ വൈരാഗ്യവും

മഹാത്മാഗാന്ധിയുടെ പേര് പദ്ധതിയിൽ നിന്ന് ഒഴിവാക്കിയത് ഒരു ഭരണപരിഷ്‌കാരമായി കാണാൻ കഴിയില്ല. മറിച്ച് ഭരണഘടനാ മൂല്യങ്ങളോടും ദരിദ്രപക്ഷ നയങ്ങളോടും ഉള്ള ആശയപരമായ വൈരാഗ്യത്തിന്റെ പ്രകടനമാണ്. പദ്ധതിയിൽ നിന്ന് ഗാന്ധിജിയുടെ പേര് നീക്കം ചെയ്യുന്നത് തൊഴിൽ മാന്യതയെയും സാമൂഹ്യ നീതിയെയും ദുർബലപ്പെടുത്തുന്ന ഒരു പ്രത്യയശാസ്ത്ര നടപടിയായി വേണം മനസിലാക്കാൻ.

അവകാശം ദാനമായി മാറുമ്പോൾ

പുതിയ നയങ്ങളിലൂടെ തൊഴിലുറപ്പ് പദ്ധതി നിയമപരമായി ആവശ്യപ്പെട്ടാൽ നൽകേണ്ട അവകാശത്തിൽ നിന്ന്, കേന്ദ്രസർക്കാരിന്റെ ബജറ്റ് പരിധിയിലും നിയന്ത്രണത്തിലും ഉള്ള ഒരു പദ്ധതിയായി മാറ്റപ്പെടുന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്. തൊഴിലാളിയെ അവകാശധാരിയിൽ നിന്ന് അപേക്ഷകനാക്കി താഴ്ത്തുന്ന ഈ സമീപനം ജനാധിപത്യത്തിന്റെ ആത്മാവിനെ തന്നെ ചോദ്യം ചെയ്യുന്നതാണ്.

ഫണ്ട് വെട്ടിക്കുറച്ച് അട്ടിമറി

കഴിഞ്ഞ കുറച്ച് വർഷങ്ങളായി തൊഴിലുറപ്പ് പദ്ധതിക്കുള്ള കേന്ദ്രവിഹിതം ആവശ്യങ്ങൾക്കനുസരിച്ച് വർധിപ്പിച്ചിട്ടില്ല. പല സംസ്ഥാനങ്ങളിലും മാസങ്ങളോളം വേതന കുടിശ്ശിക തുടരുകയാണ്. ജോലി ചെയ്തിട്ടും വേതനം ലഭിക്കാത്ത അവസ്ഥ ഭരണഘടനാപരമായ അവകാശങ്ങളുടെ തുറന്ന ലംഘനമാണ്. ബജറ്റ് പരിധി എന്ന പേരിൽ നഷ്ടപരിഹാരം പോലും നിഷേധിക്കുന്നത് സർക്കാരിന്റെ ഉറപ്പുകളുടെ പൊള്ളത്തരം തുറന്നുകാട്ടുന്നു.

100 (125) ദിവസത്തെ തൊഴിൽ: പേപ്പറിൽ മാത്രം

തൊഴിൽ ദിനങ്ങൾ വർധിപ്പിക്കുന്നുവെന്ന സർക്കാർ അവകാശവാദങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ആവശ്യത്തെ അടിസ്ഥാനമാക്കിയല്ല മറിച്ച് കേന്ദ്രം അനുവദിക്കുന്ന വിഹിതത്തെ ആശ്രയിച്ചായിരിക്കും ഇനി തൊഴിൽ ദിനങ്ങൾ അനുവദിക്കുക. ജോലി ആവശ്യപ്പെട്ടാലും അനുവദിക്കാത്തതും, തൊഴിൽ നിഷേധിച്ചതിന് നൽകേണ്ട ബേറോസ്ഗാരി ഭത്ത അപ്രസക്തമാക്കിയതും ഇതിന്‍റെ ഭാഗമായാണ്.

ഡിജിറ്റലൈസേഷൻ: ഒഴിവാക്കലിന്റെ ഉപാധി

ആധാർ നിർബന്ധിതമാക്കൽ, എൻ.എം.എം.എസ് ആപ്പ്, റിയൽ-ടൈം ഹാജർ, ബാങ്ക്–ടെക്‌നിക്കൽ തടസ്സങ്ങൾ എന്നിവ തൊഴിലാളികൾക്ക് ഗുണകരമല്ല. മറിച്ച് പദ്ധതിയിൽ നിന്ന് അവരെ പുറത്താക്കാനുള്ള ഉപാധികളായി മാറുകയാണ്. സ്മാർട്ട്‌ഫോൺ ഇല്ലാത്തവർക്കും നെറ്റ്‌വർക്ക് ലഭ്യമല്ലാത്ത പ്രദേശങ്ങളിലുള്ളവർക്കും തൊഴിൽ നഷ്ടപ്പെടുന്നത് ഡിജിറ്റൽ വിവേചനത്തിന്റെ വ്യക്തമായ ഉദാഹരണമാണ്.

മനുഷ്യവിരുദ്ധ സീസണൽ നിയന്ത്രണങ്ങൾ

വിതയ്ക്കൽ–വിളവെടുപ്പ് സീസണുകളിൽ തൊഴിൽ നിർത്തിവയ്ക്കുന്ന വ്യവസ്ഥകൾ ദാരിദ്ര്യത്തിന്റെ യാഥാർത്ഥ്യം മനസ്സിലാക്കാത്ത ഭരണകൂട മനോഭാവമാണ് പ്രകടമാക്കുന്നത്. ദാരിദ്ര്യവും വിശപ്പും സീസണൽ അവധി എടുക്കുന്നില്ല എന്നോർക്കണം. ഈ നയങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഭൂരഹിത തൊഴിലാളികൾ, സ്ത്രീകൾ, എസ്‌സി/എസ്ടി സമൂഹങ്ങൾ എന്നിവരെയാണ്.

സാമൂഹ്യ ഓഡിറ്റ് ദുർബലപ്പെടുത്തൽ

പദ്ധതിയുടെ സുതാര്യത ഉറപ്പാക്കിയ സാമൂഹ്യ ഓഡിറ്റ് സംവിധാനങ്ങൾ ദുർബലപ്പെടുത്തി, തൊഴിലാളികളുടെ പരാതികൾ കേൾക്കപ്പെടാത്ത അവസ്ഥ സൃഷ്ടിക്കപ്പെട്ടു. ഇത് അഴിമതിക്കെതിരായ പോരാട്ടമല്ല മറിച്ച് തൊഴിലാളികളുടെ ശബ്ദം മൂടിക്കെട്ടലാണ്.

കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാരുടെ ശക്തമായ പാർലമെന്ററി ഇടപെടൽ

പുതിയ ബിൽ പാർലമെന്റിൽ അവതരിപ്പിച്ച വേളയിൽ തന്നെ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാർ ഈ ജനവിരുദ്ധ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തി. ലോക്സഭയിൽ കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എംപി, ബെന്നി ബഹനാൻ എംപി, എം. കെ. രാഘവൻ എംപി, വി.കെ. ശ്രീകണ്ഠൻ എംപി എന്നിവർ ബില്ലിനെ എതിർത്ത് വിശദമായി സംസാരിച്ചു.

ഗ്രാമീണ തൊഴിലാളികളുടെ നിയമപരമായ തൊഴിൽ അവകാശം കവർന്നെടുക്കുന്ന ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട അവർ, ഇത് ഫെഡറൽ സംവിധാനത്തെയും സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെയും ദുർബലപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. കേരളം പോലുള്ള തൊഴിലുറപ്പ് പദ്ധതിയെ ഫലപ്രദമായി ഉപയോഗിക്കുന്ന സംസ്ഥാനങ്ങൾക്ക് ഈ ബിൽ ഗുരുതരമായ തിരിച്ചടിയുണ്ടാക്കുമെന്നും എംപിമാർ മുന്നറിയിപ്പ് നൽകി.

ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുരുതര തിരിച്ചടി

തൊഴിലുറപ്പ് പദ്ധതി ഗ്രാമീണ മേഖലയിൽ പണ വിനിമയം സുഗമമാക്കുകയും ചെറുകിട സമ്പദ്‌വ്യവസ്ഥ നിലനിർത്തുകയും ചെയ്തിരുന്നു. പദ്ധതി ദുർബലമായതോടെ ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ, കടബാധ്യത, കുടിയേറ്റം എന്നിവ കുത്തനെ വർധിച്ചു. കോവിഡ്-19 പോലുള്ള പ്രതിസന്ധികളിൽ ഗ്രാമീണ ഇന്ത്യയെ നിലനിറുത്തിയ ജീവദായകമായിരുന്നു ഈ പദ്ധതി എന്ന സത്യം ഭരണകൂടം അവഗണിക്കുകയാണ്.

ഇവിടെ പ്രശ്നം പേരുമാറ്റം മാത്രമല്ല. പദ്ധതിയുടെ ആത്മാവിനെ തന്നെ ഇല്ലാതാക്കുന്ന എൻ.ഡി.എ സർക്കാരിന്റെ നയങ്ങൾ ഉയർത്തുന്ന ഭീഷണി കൂടിയാണ്. ദരിദ്രവിരുദ്ധവും തൊഴിലാളിവിരുദ്ധവും ഫെഡറൽ ഘടന തകർക്കുന്നതുമായ ഈ സമീപനം ജനാധിപത്യ ഇന്ത്യയ്ക്ക് അപമാനമാണ്.

മഹാത്മാഗാന്ധിയുടെ പേര് മായ്ക്കാൻ കഴിയുമെങ്കിലും, തൊഴിലുറപ്പ് പദ്ധതിയിലൂടെ അദ്ദേഹം ഉയർത്തിപ്പിടിച്ച മാനവികത, തൊഴിൽ മര്യാദ, സാമൂഹ്യനീതി എന്നീ മൂല്യങ്ങൾ ഇന്ത്യൻ ജനതയുടെ മനസ്സിൽ നിന്ന് മായ്ക്കാൻ കഴിയില്ല. ഈ ജനവിരുദ്ധ അട്ടിമറിക്കെതിരെ ശക്തമായ രാഷ്ട്രീയവും സാമൂഹികവുമായ പ്രതിരോധം ഉയരേണ്ടതുണ്ട്.

Tags:    
News Summary - Actual intention behind the name change of MNREGP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.