പിറന്നാൾ ആഘോഷത്തിന്‍റെ ദൃശ്യങ്ങളെന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം
ലഖ്നോ: കൊലപാതക ശ്രമക്കേസ് പ്രതിയോടൊപ്പം കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന പൊലീസുകാരുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു. ഉത്തർപ്രദേശിലെ മീററ്റ് ജില്ലയിൽ കിത്തോർ പൊലീസ് സ്റ്റേഷനിലാണ് സംഭവം. കൊലപാതകശ്രമ കേസ് പ്രതിയായ നദീമിന്റെ സാന്നിധ്യത്തിൽ സർക്കിൾ ഇന്‍റസ്പെക്ടറായ നരേഷ് കുമാറാണ് തന്‍റെ പിറന്നാൾ ആഘോഷിച്ച് വിവാദത്തിലായത്.
ജൂലൈ അഞ്ചിനാണ് സംഭവം. ആഘോഷത്തിൽ നരേഷിനൊപ്പം മറ്റ് ആളുകളും ഉണ്ടായിരുന്നു. ആഘോഷത്തിനിടെ പൊലീസുകാർ ഉൾപ്പെടെ മദ്യം കഴിച്ചതായും പരാതിയുണ്ട്. കിത്തോർ എസ്.എച്ച്.ഒ ആയ അരവിന്ദ് മോഹൻ ശർമ്മ നിലവിൽ അവധിയിലാണ്. ഇദ്ദേഹത്തിന്റെ അഭാവത്തിലാണ് സൈഫാൻ പൊലീസ് പോസ്റ്റ് ഇൻചാർജ് നരേഷ് കുമാർ, കിത്തോർ സ്റ്റേഷനിൽ താൽകാലിക എസ്.എച്ച്.ഒ ആയി ചുമതലയേറ്റത്.
അതേസമയം, പിറന്നാൾ ആഘോഷത്തെ ന്യായീകരിച്ച് നരേഷ് കുമാർ രംഗത്ത് വന്നു. തങ്ങൾ കേക്ക് മുറിച്ചെങ്കിലും പരിപാടിയിൽ പ്രതി ഇല്ലായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.
'സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പ്രതിയായ ആൾ സ്വയം വന്നതാണോ അതോ ഇയാളെ ക്ഷണിച്ചതാണോ എന്ന് വ്യക്തമല്ല. ആരോപണങ്ങൾ എല്ലാം അന്വേഷിക്കുകയാണ്'- റൂറൽ എസ്.പി കേശവ് കുമാർ പറഞ്ഞു.
ഉത്തർപ്രദേശിൽ പൊലീസുകാരും ക്രിമിനലുകളും ആഘോഷങ്ങളിൽ പങ്കെടുക്കുന്ന നിരവധി സംഭവങ്ങൾ മുമ്പും പുറത്ത് വന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.