അബ്​ദുന്നാസർ മഅ്​ദനി ആശുപത്രിയിൽ; നാളെ അടിയന്തര​ ശസ്​ത്രക്രിയ

ബംഗളൂരു: വൃക്കസംബന്ധമായ അസുഖങ്ങള്‍ മൂർഛിച്ചതിനെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയക്കായി പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ ബംഗളൂരുവിലെ അല്‍സഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറെ ദിവസമായി രകതസമ്മർദ്ദം, രക്തത്തിലെ ക്രിയാറ്റിന്‍റെ അളവ് തുടങ്ങിയവ ഉയര്‍ന്ന അവസ്ഥയിലായിരുന്നു. മൂത്രതടസ്സവും അനുബന്ധമായ മറ്റ് രോഗങ്ങളും അലട്ടുന്നുണ്ടായിരുന്നു.

നേരത്തെ തന്നെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യം ഉണ്ടായെങ്കിലും കോവിഡിന്‍റെ പ്രത്യേക സഹചര്യത്തില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ആശുപത്രിവാസം നീട്ടിവെക്കുകയായിരുന്നു. തുടര്‍ന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം താമസസ്ഥത്ത് ചികിത്സ തുടർന്നു. മുമ്പും നിരവധി പ്രാവശ്യം വിവിധ അസുഖങ്ങളെ തുടര്‍ന്ന് ബാംഗളൂരുവിലെ വിവിധ ആശുത്രികളില്‍ പ്രവേശിപ്പിക്കുകയും ചികിത്സക്ക് വിധേയനാക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം വിചാരണ കോടതിയില്‍ വെച്ച് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെതുടര്‍ന്ന് ബോധരഹിതനായതിനെ തുടര്‍ന്ന്​ ആശുത്രിയില്‍ പ്രവേശിപ്പിക്കുകയും ദീര്‍ഘകാലം അവിടെ തുടരുകയും ചെയ്തിരുന്നു. മരുന്നുകള്‍ ഉപയോഗിച്ചിട്ടും രക്​തസമ്മർദ്ദവും കിഡ്‌നിയുടെ പ്രവർത്തനക്ഷമത നിർണയിക്കുന്ന ക്രിയാറ്റിന്‍റെ അളവും വലിയ തോതില്‍ വർധിക്കുകയും നിയന്ത്രണ വിധേയമല്ലാത്ത സാഹചര്യം ഉണ്ടാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയമാക്കുന്നത്.

വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മഅ്ദനിക്ക് വിവിധ രക്തപരിശോധനകള്‍, ശരീരത്തിലെ വിവധ അവയവങ്ങളുടെ സ്‌കാനിങ്ങുകൾ തുടങ്ങിയവക്ക് വിധേയമാക്കി. വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ പരിശോധനകള്‍ തുടരുകയാണ്​. നിലവില്‍ രക്തസമര്‍ദ്ദം ഉയര്‍ന്ന അവസ്ഥയിലാണ്.

വെള്ളിയാഴ്ച ശാസ്ത്രക്രിയ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ശാസ്ത്രക്രിയ വിജയകരമാകാനും ആരോഗ്യവസ്ഥ പൂർണമായി വീണ്ടെടുക്കാനും പള്ളികളിലുള്‍പ്പടെ പ്രത്യേകം പ്രാര്‍ഥന നടത്തണമെന്ന്​ ആശുപത്രിയില്‍നിന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചതായി പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.