ആപ് എം.പിമാരെ അയോഗ്യരാക്കാനാകും -കപിൽ സിബൽ

ന്യൂഡൽഹി: ആളുകളെ എങ്ങനെ കൈക്കൂലി കൊടുത്ത് വശത്താക്കണം എന്നും എങ്ങനെ വിലക്കെടുക്കണം എന്നും ബി.ജെ.പിക്ക് നന്നായി അറിയാമെന്ന് സുപ്രീംകോടതി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ. അതേസമയം, ഭരണഘടനയെക്കുറിച്ച് ഇവർക്കോ പാർട്ടി വിട്ട ഏഴ് എം.പിമാർക്കോ വലിയ ധാരണയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ലയനം എന്ന വാക്കിന്റെ കൃത്യമായ അർഥം പോലും ഇവർക്ക് അറിയില്ലെന്ന് അദ്ദേഹം പരിഹസിച്ചു.

ഭരണഘടനാപരമായി ശരിയാണോ തെറ്റാണോ എന്ന് പരിശോധിക്കാൻപോലും നിൽക്കാതെ, കേവലം പ്രലോഭനങ്ങളിൽ വീണാണ് ഇത്തരമൊരു നടപടി ഉണ്ടായിരിക്കുന്നത്. ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം വെറുതെ കുറച്ച് അംഗങ്ങൾ മറ്റൊരു പാർട്ടിയിൽ ചേർന്നാൽ അത് നിയമപരമാകില്ല. രാഷ്ട്രീയ പാർട്ടികൾ തമ്മിലാണ് ലയനം നടക്കേണ്ടത്. ആദ്യം ആം ആദ്മി പാർട്ടി ഔദ്യോഗികമായി ബി.ജെ.പിയിൽ ലയിക്കാൻ തീരുമാനമെടുക്കണം.

അതിനുശേഷം മാത്രമേ സഭയിലെ അംഗങ്ങളുടെ ലയനത്തിന് നിയമസാധുത ലഭിക്കൂ. പാർട്ടി ലയിക്കാതെ കുറച്ച് അംഗങ്ങൾ മാത്രം ഒരുമിച്ച് മറ്റൊരു പാർട്ടിയിൽ ചേരുന്നത് ഭരണഘടനാ വിരുദ്ധമാണ്.

1985ൽ കൂറുമാറ്റ നിരോധന നിയമം വന്നപ്പോൾ പാർട്ടിയിലെ പിളർപ്പും ലയനവും സംബന്ധിച്ച് വ്യക്തമായ വ്യവസ്ഥകളുണ്ടായിരുന്നു. മുമ്പ് മൂന്നിലൊന്ന് അംഗങ്ങൾ മാറിയാൽ മതിയായിരുന്നു. എന്നാൽ, ഇത് ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ആ വ്യവസ്ഥ നീക്കം ചെയ്തു. ഇപ്പോൾ ലയനം മാത്രമാണ് ഏക പോംവഴി. ആം ആദ്മി പാർട്ടി എന്ന രാഷ്ട്രീയ പാർട്ടി ബി.ജെ.പിയിൽ ലയിച്ചതായി പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ, ബി.ജെ.പിയിലേക്ക് മാറിയ ഏഴ് എം.പിമാരെയും സഭയിൽനിന്ന് അയോഗ്യരാക്കാൻ സാധിക്കുമെന്ന് കപിൽ സിബൽ ചൂണ്ടിക്കാട്ടി.

Tags:    
News Summary - AAP MPs can be disqualified - Kapil Sibal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.