കെജ്‌രിവാളിന് ഒരുവർഷം ആതിഥ്യമരുളി; വീടുവിട്ട് 24 മണിക്കൂറിനകം പാർട്ടിവിട്ടു; കൂറുമാറ്റത്തിൽ യൂദാസിന്‍റെ റോളിൽ അശോക് മിത്തൽ

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ നിന്ന് എം.പിമാർ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് കൂറുമാറിയപ്പോൾ പാർട്ടി മേധാവി അരവിന്ദ് കെജ്‌രിവാളിന്‍റെ വിശ്വസ്തതനായിരുന്ന അശോക് മിത്തൽ യൂദാസിന്‍റെ റോളിൽ. കഴിഞ്ഞ ഒരു വർഷമായി അശോക് മിത്തലിന്‍റെ വസതിയിലായിരുന്നു കെജ്‌രിവാളും കുടുംബവും താമസിച്ചിരുന്നത്. അദ്ദേഹം അവിടെ നിന്ന് താമസം മാറി 24 മണിക്കൂറിനകമാണ് അശോക് മിത്തൽ കെജ്‌രിവാളിനെ തിരിഞ്ഞുകുത്തി പാർട്ടിവിട്ട് ബി.ജെ.പിക്കൊപ്പം ചേർന്നത്.

മദ്യനയ കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ 2024-ൽ കെജ് രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് തൊട്ടുപിന്നാലെ, ഡൽഹിയിലെ മണ്ടി ഹൗസിനടുത്തുള്ള 5 ഫിറോസ്ഷാ റോഡിലുള്ള തന്റെ ഔദ്യോഗിക വസതിയിൽ കെജ്‌രിവാളിനും കുടുംബത്തിനും ആതിഥ്യമരുളുകയായിരുന്നു അശോക് മിത്തൽ. രാജ്യസഭാ എം.പിയായതിനാൽ മിത്തലിന് ലഭിച്ച ബംഗ്ലാവായിരുന്നു ഇത്.

ഏപ്രിൽ 24 ന്, കെജ്‌രിവാൾ മിത്തലിന്റെ വീട്ടിൽ നിന്ന് മാറി ലോധി എസ്റ്റേറ്റിലെ ടൈപ്പ്-സവൻ സർക്കാർ ബംഗ്ലാവിലേക്ക് താമസം മാറി. മണിക്കൂറുകൾക്ക് ശേഷം, മിത്തൽ തന്റെ പാർട്ടിയിൽ നിന്ന് രാജിവച്ച് എതിരാളിയായ ബി.ജെ.പിയിൽ ചേർന്നപ്പോൾ കെജ്‌രിവാളിന് കനത്ത തിരിച്ചടിയായി. വിശ്വസ്തനായ അശോക് മിത്തലിന്‍റെ വഞ്ചനാ നീക്കങ്ങൾ കെജ്‌രിവാളിന് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നാണ് വിലയിരുത്തൽ

രാഘവ് ഛദ്ദ, അശോക് മിത്തൽ, സ്വാതി മാലിവാൾ, ഹർഭജൻ സിങ്, സന്ദീപ് പഥക്, രജീന്ദർ ഗുപ്ത, വിക്രം സാഹ്നി എന്നിവരും ആം ആദ്മി പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നു.വിവിധ വിഷയങ്ങളിൽ പാർട്ടിക്കുള്ളിൽ അഭിപ്രായവ്യത്യാസങ്ങൾ വർധിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് പാർട്ടിയെ പ്രതിസന്ധിയിലാക്കി ഏഴ് എം.പിമാർ ബി.ജെ.പിയിലേക്ക് കൂറുമാറിയത്.

രാഖവ് ഛദ്ദയെ രാജ്യസഭയിലെ പാർട്ടിയുടെ ഉപനേതാവ് സ്ഥാനത്ത് നിന്ന് പുറത്താക്കുകയും പകരം മിത്തലിനെ നിയമിക്കുകയും ചെയ്തതോടെ പാർട്ടിയിൽ പിരിമുറുക്കം തുടങ്ങിയത്. പാർട്ടി അദ്ദേഹത്തെ 'നിശബ്ദനാക്കാൻ' ശ്രമിക്കുന്നതായി ആരോപണം ഉയർന്നിരുന്നു. ഛദ്ദ തനിച്ച് രാജിവച്ചിരുന്നെങ്കിൽ, കൂറുമാറ്റ നിരോധന നിയമപ്രകാരം അദ്ദേഹത്തിന് രാജ്യസഭാംഗത്വം നഷ്ടപ്പെടുമായിരുന്നു. ഭരണഘടന അനുസരിച്ച്, പാർട്ടി പ്രതിനിധികളിൽ മൂന്നിൽ രണ്ട് അംഗങ്ങൾ മറ്റൊരു പാർട്ടിയുമായി ലയിച്ചാൽ രാജ്യസഭാംഗത്വ അയോഗ്യതയിൽ നിന്ന് സംരക്ഷണം ലഭിക്കും.

പാർട്ടിയുമായി അകന്നുനിൽക്കുന്ന മലിവാളിന്‍റെ രാജി നേതൃത്വത്തിന് അപ്രതീക്ഷിതമായിരുന്നില്ല. എന്നാൽ മിത്തൽ അടക്കമുള്ളവരുടെ രാജി പാർട്ടിക്ക് കനത്ത തിരിച്ചടിയായി. സംഭവവികാസങ്ങൾ അറിഞ്ഞതിന് ഷേഷം കെജ്‌രിവാൾ അനുനയത്തിന് ശ്രമിച്ചിരുന്നെങ്കിലും എം.പി മാർ തള്ളുകയായിരുന്നു. പാർട്ടി വിടാനൊരുങ്ങിയ അഞ്ചു പേർക്ക് അടുത്ത ടേമിൽ മത്സരിക്കാൻ പാർട്ടി ടിക്കറ്റ് അടക്കം കെജ്‌രിവാൾ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ എം.പിമാർ കെജ്‌രിവാളിനെ കാണാൻ പോലും തയ്യാറാവാതെ ബി.ജെ.പിയിൽ ചേർന്നതായി പ്രഖ്യാപിക്കുകയായിരുന്നു.

Tags:    
News Summary - AAP MP Hosted Arvind Kejriwal For A Year, Quit Party Hours After He Moved Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.