kfc
ഗാസിയാബാദ്: കെ.എഫ്.സി ഔട്ട്ലറ്റിൽ അതിക്രമം നടത്തിയ സംഘപരിവാർ അനുഭാവികളായ അക്രമിസംഘം നടത്തിപ്പുകാരെക്കൊണ്ട് വെജിറ്റേറിയൻ ബോർഡ് വെപ്പിച്ചു. മറ്റൊരു ഹോട്ടലിലും അതിക്രമം നടത്തി. ഇരപതിയഞ്ചോളം ക്രിമിനൽ കേസുകളിൽ പ്രതിയായ നേതാവ് നയിച്ച പത്തംഗ സംഘമാണ് കെ.എഫ്.സിയിലും നസീർ ഹോട്ടലിലും അതിക്രമം നടത്തിയത്.
കൻവാർ യാത്ര നടക്കുന്നതിന്റെ ഭാഗമായാണ് ഗവൺമെന്റ് നിർദ്ദേശങ്ങളൊന്നുമില്ലാതിരിക്കെ അക്രമിസംഘം തന്നിഷ്ടപ്രകാരം ഫുഡ് പൊലീസിങ് നടപ്പാക്കിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. വസുന്ധരാ നഗറിലുള്ള കെന്റക്കി ഫ്രൈഡ് ചിക്കൻ ഔട്ട്ലെറ്റിലും നഗരത്തിലെ പ്രശസ്തമായ നസീർ ഹോട്ടിലുമാണ് അക്രമി സംഘം ഭീഷണിപ്പെടുത്തി ‘വെജിറ്റേറിയൻ മാത്രം’ എന്ന ബോർഡ് വെപ്പിച്ചത്.
രാവിലെ അക്രമമുണ്ടായപ്പോൾ ഔട്ട്ലെറ്റ് അടച്ചിട്ടു. വൈകീട്ട് നാലുമണിയോടെ തുറന്നപ്പോഴാണ് ‘വെജിറ്റേറിയൻ മാത്രം’ എന്ന ബോർഡ് കെ.എഫ്.സി സ്ഥാപിച്ചത്. ഇത് തങ്ങളുടെ കച്ചവടം ഏതാണ്ട് പൂർണമായും ഇല്ലാതാക്കിയതായി നടത്തിപ്പുകാരനായ പിങ്കി ചൗധരി പറയുന്നു.
കൻവാർ യാത്ര കഴിയുന്നതുവരെ നോൺവെജിറ്റേറിയൻ വിൽക്കാൻ അനുവദിക്കില്ലെന്നും തുറക്കണമെങ്കിൽ വെജിറ്റേറിയൻ ബോർഡ് വെക്കണമെന്നുമായിരുന്നു സംഘത്തിന്റെ ഭീഷണി. ഹോട്ടലിൽ ചിക്കൻ കഴിക്കാനെത്തിയ പലരും സംഭവമറിഞ്ഞത് പിന്നീടാണ്.
നോൺ വെജിറ്റേറിയൻ ഭക്ഷണം മാത്രം കഴിക്കാനാണ് തങ്ങളുടെ ഹോട്ടലിൽ ആളുകളെത്തുന്നതെന്നും ഇതോടെ ഹാട്ടൽ പൂട്ടേണ്ട അവസ്ഥയിലാണെന്നും നസീർ ഹോട്ടൽ നടത്തിപ്പുകാരനായ മഹേഷ്‍കുമാർ ബാഗേൽ പറയുന്നു.
നൂറോളം പേർ ഇരച്ചുകയറി ഹോട്ടലിലെത്തിയെന്നും അവർ ജീവനക്കാരെയും എല്ലാവരെയും ഭീഷണിപ്പെടുത്തിയതായും അധിക്ഷേപ വാക്കുകൾപറഞ്ഞതായും ബാഗേൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.