ഗുജറാത്ത് വിഷമദ്യ ദുരന്തം; 8 മരണം, 10 പേരുടെ നില ഗുരുതരം

ഭാവ്നഗർ: ഗുജറാത്തിലെ ഭാവ്നഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ചതിനെ തുടർന്നുണ്ടായ ദുരന്തത്തിൽ ഇതുവരെ 61 പേരെ ബാധിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. സംഭവത്തിൽ എട്ട് പേർ മരിക്കുകയും ചികിത്സയിൽ കഴിയുന്ന 25 പേരിൽ 10 പേരുടെ നില ഗുരുതരവുമാണ്.

മെഥനോൾ അടങ്ങിയ മദ്യമാണ് ഇവർ കഴിച്ചതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഗുജറാത്തിൽ മദ്യത്തിന്റെ ഉൽപ്പാദനം, വിൽപ്പന, ഉപയോഗം എന്നിവക്ക് നിയമപരമായ നിരോധനമുള്ള സാഹചര്യത്തിലാണ് വൻതോതിൽ വിഷമദ്യം വിതരണം ചെയ്ത സംഭവം ഉണ്ടായത്.

സംഭവവുമായി ബന്ധപ്പെട്ട് വർത്തേജ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ 13 പേരെ അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെയും ഗുജറാത്ത് പ്രൊഹിബിഷൻ ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. കൊലപാതകമല്ലാത്ത കുറ്റകരമായ നരഹത്യ, മായം ചേർക്കൽ, വിഷബാധ വരുത്തൽ തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

ആഗസ്റ്റ് 16-ന് രാത്രി വർത്തേജിൽ മൂന്ന് സുഹൃത്തുക്കൾ വ്യാജമദ്യം കഴിച്ചതോടെയാണ് സംഭവത്തിന്റെ തുടക്കം. മദ്യം കഴിച്ചതിന് പിന്നാലെ മൂവർക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായി. ഇവരിൽ ഒരാൾ മരിക്കുകയും ചെയ്തു.ഇവരുടെ രക്തസാമ്പിൾ പരിശോധിച്ചപ്പോൾ മെഥനോളിന്റെ സാന്നിധ്യം കണ്ടെത്തി. തുടർന്ന് കൂടുതൽ ആളുകൾ ഗുരുതരാവസ്ഥയിൽ ആശുപത്രികളിൽ എത്തുകയായിരുന്നു.

ഭാവ്നഗർ, മധ്യപ്രദേശ് സ്വദേശികൾ ചേർന്നാണ് വ്യാജമദ്യ വിൽപന നടത്തിയിരുന്നതെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. വ്യാജമദ്യം ഉൽപാദിപ്പിച്ച് വിലകൂടിയ ബ്രാൻഡുകളുടെ കുപ്പികളിൽ നിറച്ചാണ് ഇവർ വിപണനം നടത്തിയിരുന്നത്. ഫോറൻസിക് വിഭാഗം നടത്തിയ പരിശോധനയിൽ മദ്യത്തിൽ 38.59 ശതമാനം മെഥനോളും 0.94 ശതമാനം എഥനോളുമാണെന്നും കണ്ടെത്തിയിട്ടുണ്ട്.

വ്യാജമദ്യം നിറച്ച കുപ്പികളിൽ ഭൂരിഭാഗവും പിടിച്ചെടുത്തിട്ടുണ്ട്. കുപ്പികൾ സീൽ ചെയ്യാൻ ഉപയോഗിച്ച ഉപകരണങ്ങൾ എവിടെ നിന്നാണ് ലഭിച്ചതെന്നും ആരാണ് വിതരണം ചെയ്തതെന്നും അന്വേഷിച്ചുവരികയാണ്. തെളിവുകൾ നശിപ്പിക്കാൻ പ്രതികൾ ശ്രമിച്ചതായും അതിന് അവരുടെ ബന്ധുക്കളുടെ സഹായം ലഭിച്ചതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

Tags:    
News Summary - Gujarat illicit liquor tragedy: 8 dead, 10 in critical condition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.