ഇന്ത്യൻ സൈന്യം തിരിച്ചടിക്കുന്നു; രണ്ട് പാക് സൈനികർ കൊല്ലപ്പെട്ടു

ജമ്മു: വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്താന്‍ സൈന്യത്തിന്‍െറ കടന്നാക്രമണം തുടരുന്നു. ചൊവ്വാഴ്ച രാവിലെ തുടങ്ങിയ വെടിവെപ്പിലും മോര്‍ട്ടാര്‍ ആക്രമണത്തിലും എട്ട് സിവിലിയന്മാര്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സാംബ, ജമ്മു, പൂഞ്ച്, രജൗരി ജില്ലകളിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണരേഖയിലുമാണ് പാക് സൈന്യം ആക്രമണം തുടരുന്നത്. 

അതേസമയം, രജൗരി ജില്ലയിലെ നൗഷേറ സെക്ടറില്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ രണ്ട് പാക് സൈനികരെ വധിച്ചതായി കരസേനാ വൃത്തങ്ങള്‍ പറഞ്ഞു. രജൗരി, ജമ്മു, പൂഞ്ച് ജില്ലകളില്‍ 82-120 എം.എം ബോംബുകള്‍ പതിച്ചാണ് രണ്ട് സ്ത്രീകള്‍ കൊല്ലപ്പെടുകയും 13പേര്‍ക്ക് പരിക്കേല്‍ക്കുകയും  ചെയ്തത്. സാംബ ജില്ലയിലെ രാംഗഡ് സെക്ടറിലുണ്ടായ ഷെല്‍വര്‍ഷത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടതിനൊപ്പം ഒമ്പതുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സാംബ ഡെപ്യൂട്ടി കമീഷണര്‍ ശീതള്‍ നന്ദ പറഞ്ഞു. ഇതേ സ്ഥലത്ത് ഷെല്‍ പതിച്ചപ്പോഴുണ്ടായ ആഘാതത്തിലാണ് മറ്റൊരാള്‍ മരിച്ചത്.  പരിക്കേറ്റ മൂന്നുപേരെ രാംഗഡ് ആശുപത്രിയിലും മറ്റുള്ളവരെ ജമ്മു ജി.എം.സി ആശുപത്രിയിലും പ്രവേശിപ്പിച്ചു. നൗഷേര സെക്ടറില്‍ ഷെല്‍പതിച്ച് മൂന്ന് സൈനിക പോര്‍ട്ടര്‍മാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.  അതിനിടെ, ബന്ദിപ്പൊരയിലെ അജാറില്‍ സുരക്ഷാസേനയും ഭീകരരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. 
 

പരിക്കേറ്റ ഇന്ത്യൻ ഗ്രാമീണൻ ജമ്മുവിലെ ആശുപത്രിയിൽ
 

രാവിലെ ആറുമണി മുതലാണ് ഇടവിട്ടുള്ള ആക്രമണമുണ്ടായതെന്ന് ബി.എസ്.എഫ് ഡി.ഐ.ജി ധര്‍മേന്ദ്ര പരീക് പറഞ്ഞു. സേന കനത്ത പ്രത്യാക്രമണം നടത്തിയെന്നും പാക് ഭാഗത്തെ 14 സൈനിക പോസ്റ്റുകള്‍ തകര്‍ത്തതായും ഡി.ഐ.ജി പറഞ്ഞു. രാംഗഡില്‍ കുടിലിനുനേരെയുണ്ടായ ഷെല്ലാക്രമണത്തിലാണ് 22കാരിയും മറ്റൊരു സിവിലിയനും കൊല്ലപ്പെട്ടത്. ഇതേ മേഖലയില്‍ രണ്ടു കുട്ടികളും മരിച്ചു. പണിയാറി ഗ്രാമത്തിലുണ്ടായ ഷെല്ലാക്രമണത്തിലും  രണ്ട് സ്ത്രീകള്‍ മരിച്ചു. നൗഷേരയില്‍ 19കാരിയാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 7.10ന് ആര്‍ണിയ സെക്ടറിലെ പിണ്ഡി ഗ്രാമാതിര്‍ത്തിയില്‍ മൂന്ന് മോര്‍ട്ടാര്‍ ഷെല്ലുകള്‍ പതിച്ച് നാലുപേര്‍ക്ക് പരിക്കേറ്റു. ബോദ്രാജ് (44), നിക്കി, ധാരണദേവി, ചഞ്ചല ദേവി (49) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഒരു പ്രകോപനവുമില്ലാതെ പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിക്കുകയായിരുന്നുവെന്ന് ഡിഫന്‍സ് പി.ആര്‍.ഒ ലഫ്റ്റനന്‍റ് കേണല്‍ മനീഷ് മത്തേ അറിയിച്ചു. 

സെപ്റ്റംബര്‍ 29ന് പാക് അധീന കശ്മീരിലെ ഭീകരതാവളങ്ങളില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയ ശേഷം അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണ രേഖക്കുകുറുകെയും പാകിസ്താന്‍െറ 60ഓളം വെടിനിര്‍ത്തല്‍ ലംഘനങ്ങളുണ്ടായെന്നും സേനാ വക്താവ് അറിയിച്ചു. 12 സിവിലിയന്മാരടക്കം 18 പേര്‍ മരിക്കുകയും 80 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 

Tags:    
News Summary - 7 Civilians Killed, 20 Injured in Firing by Pakistani Rangers in Ramgarh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.