ചെന്നൈ: പതിനേഴാമത് തമിഴ്നാട് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഇന്ന്. രാവിലെ ഏഴ് മുതൽ വൈകീട്ട് ആറു വരെയാണ് പോളിങ്. 234 നിയമസഭ മണ്ഡലങ്ങളിൽ 4023 സ്ഥാനാർഥികൾ ജനവിധി തേടുന്നു. ഇതിൽ 443 വനിത സ്ഥാനാർഥികളും ഉൾപ്പെടും.മൊത്തം 5,73,43,291 വോട്ടർമാർ. ഇതിൽ 2,93,04,905 പേർ സ്ത്രീകൾ. 14.59 ലക്ഷം കന്നി വോട്ടർമാരാണ്. സംസ്ഥാനത്ത് ഇതിനകം 4.18 ലക്ഷം പേർ തപാൽ വോട്ടുകൾ ചെയ്തു.
75,064 ബൂത്തുകളിൽ 5949 എണ്ണം പ്രശ്നബാധിതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്തി. മൊത്തം 1,06,418 പോളിങ് യന്ത്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 3.60 ലക്ഷം സർക്കാർ ജീവനക്കാരെ നിയോഗിച്ചു. 300 കമ്പനി കേന്ദ്ര സേനാംഗങ്ങളെയും 1.20 ലക്ഷം തമിഴ്നാട് പൊലീസുകാരെയും സുരക്ഷ ഡ്യൂട്ടിക്ക് നിയമിച്ചിട്ടുണ്ട്. ബൂത്തുകളിൽ സി.സി.ടി.വി കാമറ നിരീക്ഷണം ഉണ്ടായിരിക്കും.
പെരുമാറ്റച്ചട്ടം ലംഘിച്ച് കടത്തിയ 500ൽപരം കോടി രൂപ പണമുൾപ്പെടെ 1262 കോടിരൂപയുടെ കറൻസി, സ്വർണം, മദ്യം തുടങ്ങിയവ പിടിച്ചെടുത്തു. വോട്ടെടുപ്പിന്റെ തലേ ദിവസങ്ങളിൽ വോട്ടർമാർക്ക് പണം നൽകിയതായി വ്യാപക പരാതികളുയർന്നു. മേയ് നാലിന് സംസ്ഥാനത്തെ 62 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ നടക്കുക. ഡി.എം.കെ സഖ്യം, എൻ.ഡി.എ, തമിഴക വെട്രി കഴകം, നാം തമിഴർ കക്ഷി എന്നിവ തമ്മിലാണ് മുഖ്യ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.