സിന്ധുനദീതട സ്ഥലത്ത് 5000 വർഷം പഴക്കമുള്ള ആഭരണ നിർമാണശാല കണ്ടെത്തി

ചണ്ഡിഗഢ്: ഹരിയാനയിലെ സിന്ധുനദീതടപ്രദേശമായ രാഖി ഗർഹിയിൽ 5000 വർഷം പഴക്കമുള്ള ആഭരണ നിർമാണശാല കണ്ടെത്തിയതായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. 32 വർഷത്തോളമായി രാഖി ഗർഹിയിൽ പ്രവർത്തിക്കുന്ന പുരാവസ്തു വകുപ്പിന്‍റെ പ്രധാന കണ്ടെത്തലായാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. ഹരിയാനയിലെ ഹിസാർ ജില്ലയിലാണ് രാഖി ഗാർഹി സ്ഥിതി ചെയ്യുന്നത്.


കഴിഞ്ഞ രണ്ട് മാസത്തിനിടെ പുരാവസ്തുവകുപ്പ് രാഖി ഗർഹിയിൽ നിരവധി കണ്ടെത്തലുകൾ നടത്തിയിട്ടുണ്ട്. സിന്ധുനദിതട സംസ്കാരകാലത്തെ വീടുകളുടെ ഘടന, അടുക്കള സമുച്ചയം, 5000 വർഷം പഴക്കമുള്ള ആഭരണ നിർമാണ ഫാക്ടറി എന്നിവയെല്ലാം ഇതിൽപ്പെടും. രാഖി ഗാർഹി സിന്ധുനദിതട കാലത്തെ വളരെ പ്രധാനപ്പെട്ട വ്യാപാര കേന്ദ്രമായാണ് കരുതപ്പെടുന്നത്.

ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ചെമ്പ്, സ്വർണാഭരണങ്ങൾ, മൺപാത്രങ്ങൾ, രാജമുദ്രകൾ, കുട്ടികളുടെ കളിപ്പാട്ടങ്ങൾ എന്നിവ ആഭരണ നിർമാണശാലയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.


കഴിഞ്ഞ 20 വർഷങ്ങളായി രാജ്യത്തിന്‍റെ വിവിധയിടങ്ങളായ സിനൗലി, ഹസ്തിനപുരി, രാഖിഗർഹി എന്നിവിടങ്ങളിൽ നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നതായി എ.എസ്.ഐ അഡീഷണൽ ഡയറക്ടർ ജനറൽ ഡോ. സഞ്ജയ് മഞ്ജുൾ പറഞ്ഞു. രാഖിഗർഹിയിലെ ജനങ്ങൾ ഹസ്തിനപുരിയിലെ ജനങ്ങളുടെ പൂർവ്വികർ ആയിരുന്നുവെന്നും ഇതിൽ നിന്നാണ് സംസ്കാരത്തിന് വികാസവും ചലനവും ഉണ്ടായതെന്ന് കണക്കാകുന്നതായും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - 5000-year-old jewellery factory found in Haryana’s Indus Valley site Rakhi Garhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.