ഡാൽമിയ കമ്പനി ഏക്കറുകളോളം ഭൂമി കൈയടക്കുന്നു; പ്രതിഷേധിച്ച് 5000 ആദിവാസികളുടെ 100 കി.മീ പദയാത്ര

ന്യൂഡൽഹി: ഒഡിഷയിലെ സുന്ദർഗർ ജില്ലയിലെ ഏക്കറുകണക്കിന് ആദിവാസി ഭൂമി ഡാൽമിയ സിമെന്റ് കമ്പനി നിയമവിരുദ്ധമായി കൈയടക്കുന്നെന്ന് ആരോപണം. ഭൂമി തട്ടിയെടുക്കുന്നെന്ന് ആരോപിച്ച് ആയിരക്കണക്കിന് ആദിവാസികൾ രംഗത്തിറങ്ങി. കലക്ടറേറ്റിലേക്ക് 100 കിലോമീറ്ററോളം പദയാത്രനടത്തിയാണ് ആദിവാസികൾ പ്രതിഷേധിച്ചത്. ഒക്ടോബർ 18ന് ആരംഭിച്ച പദയാത്ര 21നാണ് കലക്ടറേറ്റിൽ എത്തിയത്.

ജനസംഗതൻ ഫോറം ഫോർ ഗ്രാമ സഭയുടെ നേതൃത്വത്തിൽ ജില്ലയിലെ കക്കുട, അലന്ത, കെശ്രമാൽ, ജഗാർപൂർ പഞ്ചായത്തുകളിലെ അംഗങ്ങളുൾപ്പെടെയുള്ളവർ പദയാത്രയിൽ ഒത്തുചേർന്നു. കലക്ടറേറ്റിൽ എത്തിയ പ്രതിഷേധക്കാർ കലക്ടറെ കാണണമെന്ന് അറിയിച്ചെങ്കിലും 7 മണിവരെ അദ്ദേഹം കാണാൻ കൂട്ടാക്കിയില്ല. പ്രതിഷേധം കടുത്തതോടെ ഇവരെ കാണാൻ കലക്ടർ നിർബന്ധിതനാവുകയായിരുന്നു. തുടർന്ന് 22ന് സമരക്കാരുമായി ചർച്ച നടത്താമെന്ന് ഉറപ്പു നൽകി.

കലക്ടറെ കാണാതെ തിരികെ പോകാൻ കൂട്ടാക്കാത്ത പ്രതിഷേധക്കാർ തണുപ്പ് സഹിച്ച കലക്ടറേറ്റ് പരിസരത്താണ് അന്ന് രാത്രി തങ്ങിയതെന്ന് ജനസംഗതൻ ഫോറം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. 22ന് ഇവരുമായി ചർച്ച നടത്തിയ കലക്ടർ നിവേദനം സ്വീകരിക്കുകയും അത് മുഖ്യമന്ത്രിക്കും ഗവർണർക്കും രാഷ്ട്രപതിക്കും അയക്കുമെന്നും വ്യക്തമാക്കി. മറുപടി ലഭിക്കുന്നത് വരെ ഭൂമിയേറ്റെടുക്കൽ തടയുമെന്നും കലക്ടർ ഉറപ്പുനൽകിയെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി.

ആദിവാസികൾ ഭൂമി വിട്ടുനൽകാൻ വിസമ്മതിച്ചിട്ടും മേൽപ്പറഞ്ഞ പഞ്ചായത്തുകളുടെ കീഴിലുള്ള 750 ഏക്കർ ഭൂമി ഡാൽമിയ സിമന്റ് കമ്പനിക്ക് നൽകിയെന്ന് പ്രസ്താവനയിൽ ആരോപിച്ചു. ഈ ഭൂമിയിടപാട് തുടർന്നാൽ 57 ഗ്രാമങ്ങളിലെ 60,000 ആദിവാസികൾ കുടിയിറക്കപ്പെടുകയും തൊഴിൽരഹിതരാകുകയും ചെയ്യുമെന്ന് പ്രസ്താവനയിൽ സൂചിപ്പിക്കുന്നു. 2020 ജനുവരി 26ന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള സർക്കാറിന്റെ നിർദേശം നിരസിക്കുകയും അതിനെതിരെ ഫോറം പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. എന്നാൽ സംസ്ഥാന സർക്കാരും ഭരണസമിതിയും ഡാൽമിയ കമ്പനിയും ചേർന്ന് സാമൂഹികാഘാത പഠനം നടത്താതെയും അറിയിപ്പ് നൽകാതെയുമാണ് ഭൂമിയേറ്റെടുക്കൽ നടപടികൾ ആരംഭിച്ചതെന്ന് സമരക്കാർ പറയുന്നു.

ഞങ്ങൾ ആദിവാസികൾക്ക് ഭൂമിയെന്നത് താമസിക്കാനുള്ള ഇടം മാത്രമല്ല, ശരീരത്തിന്റെ തന്നെ ഭാഗമാണെന്നും ഒരു ഇഞ്ച് ഭൂമി പോലും ഡാൽമിയക്ക് നൽകില്ലെന്നും ജനസംഗതൻ ഫോറം ഫോർ ഗ്രാമ സഭ പ്രസിഡന്റ് ബിബോൾ തോപ്പെ മുന്നറിയിപ്പ് നൽകി.

Tags:    
News Summary - 5,000 Adivasis in Odisha Protest 'Illegal' Land Acquisition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.