അശാന്തിയുടെ താഴ്വരയായി മണിപ്പൂർ; ​ബോംബാക്രമണത്തിൽ കുട്ടിക​ൾ കൊല്ലപ്പെട്ടതിൽ വ്യാപക പ്രതി​ഷേധം, അഞ്ചുദിവസത്തെ അടച്ചിടൽ

ഇംഫാൽ: മണിപ്പൂരിൽ ബോംബ് ആക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടതിന് പിന്നാലെ, പ്രതിഷേധം കനക്കുന്നു. സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ ആഹ്വാനം ചെയ്ത അഞ്ചുദിവസത്തെ ബന്ദ് ജനജീവിതം സ്തംഭിപ്പിച്ചു. ഏപ്രിൽ 19നാണ് ബന്ദ് ആരംഭിച്ചത്. മൈതേയ് സമുദായത്തിൽപ്പെട്ട സ്ത്രീകളുടെ കൂട്ടായ്മയായ മീര പൈബിസ്, വിവിധ സിവിൽ സൊസൈറ്റി സംഘടനകൾ, സംയുക്ത ആക്ഷൻ കമ്മിറ്റി എന്നിവരുടെ നേതൃത്വത്തിലാണ് ബന്ദ്.

ട്രോങ്‌ലാവോബി സംഭവത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചാണ് ഇംഫാൽ ഈസ്റ്റിൽ വലിയ ജനക്കൂട്ടം തെരുവിലിറങ്ങിയത്. ഏപ്രിൽ ഏഴിനാണ് ബിഷ്ണുപൂർ ജില്ലയിലെ മൊയ്‌രാങ് ട്രോങ്‌ലാവോബി ഗ്രാമത്തിലെ വീടിന് നേരെ ബോംബാക്രമണമുണ്ടായത്. കുക്കി-സോ ഗ്രൂപ്പുകളുടെ ആധിപത്യമുള്ള കുന്നിൻപ്രദേശങ്ങളിൽ നിന്നുള്ളവരാണ് ബോംബെറിഞ്ഞതെന്നാണ് കരുതുന്നത്. ആക്രമണത്തിൽ അഞ്ചുവയസ്സുകാരനും അഞ്ചുമാസം പ്രായമുള്ള കുഞ്ഞും കൊല്ലപ്പെടുകയും വീടിന് കേടുപാടുകളുണ്ടാവുകയും ചെയ്തു. സംഘർഷ സാധ്യതയുണ്ടായിരുന്ന പ്രദേശത്ത് ആക്രമണം പരിഭ്രാന്തി പടർത്തി. ഉത്തരവാദികളായവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഇരകൾക്ക് നീതി ലഭ്യമാക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ബന്ദിനെ തുടർന്ന് മാർക്കറ്റുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫിസുകൾ തുടങ്ങിയവ അടഞ്ഞുകിടഞ്ഞു. ഗതാഗതം തടസപ്പെട്ടു. ചില പ്രദേശങ്ങളിൽ അവശ്യ സേവനങ്ങൾ മാത്രമാണ് പ്രവർത്തിച്ചത്.

വ്യാപകമായ പ്രതിഷേധങ്ങളുടെ ഭാഗമായി ഞായറാഴ്ച വൈകുന്നേരം താഴ്‌വര ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്. ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ് ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ രാത്രി റാലികൾ സംഘടിപ്പിച്ചു. ഏപ്രിൽ 23 വരെ ബന്ദ് തുടരുമെന്നും ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കൂടുതൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകി.

കാക്ചിങ് ജില്ലയിൽ ഉൾപ്പെടെ ചില സ്ഥലങ്ങളിൽ പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടി. പലയിടത്തും പ്രക്ഷോഭകരെ പിരിച്ചുവിടാൻ സുരക്ഷാ സേന കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചതായി പൊലീസ് പറഞ്ഞു.

അതേസമയം, ഇംഫാലിന്റെ വിവിധ പ്രദേശങ്ങളിൽ മീര പൈബിസ് നയിക്കുന്ന രാത്രി റാലികളിൽ സാമൂഹിക വിരുദ്ധർ നുഴഞ്ഞുകയറുകയും അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നുണ്ടെന്ന് മണിപ്പൂർ പൊലീസ് പറഞ്ഞു. സമാധാനവും ഐക്യവും നിലനിർത്തുന്നതിന് നിയമ നിർവ്വഹണ ഏജൻസികളുമായി സഹകരിക്കാനും അക്രമം, പൊതുമുതൽ നശിപ്പിക്കൽ, മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയിൽ നിന്ന് വിട്ടുനിൽക്കാനും പൊലീസ് അഭ്യർഥിച്ചു. അക്രമത്തിൽ ഏർപ്പെടുന്നവർക്കെതിരെയും, പ്രകോപനം സൃഷ്ടിക്കുന്നവർക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

പ്രതിഷേധങ്ങൾ കണക്കിലെടുത്ത് സെൻസിറ്റീവ് പ്രദേശങ്ങളിൽ സുരക്ഷ കർശനമാക്കിയിട്ടുണ്ട്. കോങ്ബ ബസാർ, വാങ്ഖൈ, കോങ്പാൽ എന്നിവയുൾപ്പെടെ ഇംഫാൽ ഈസ്റ്റിന്റെ ചില ഭാഗങ്ങളിലും പ്രതിഷേധം ശക്തമായതോടെ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്.

Tags:    
News Summary - 5 day shutdown in Manipur over child deaths in bomb attack protests turn violent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.