ശശികലക്ക് പ്രത്യേക സെല്ലുകളും ബാരിക്കേഡുകളും; രണ്ടാം റിപ്പോർട്ടിലും ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

ബംഗളുരു: അണ്ണാ ഡി.എ.കെ നേതാവ് ശശികലക്ക് ജയിലിൽ ഏർപ്പെടുത്തിയ സൗകര്യങ്ങളെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകളുമായി ഡി.ഐ.ജി രൂപയുടെ രണ്ടാം റിപ്പോർട്ട്. ശശികലക്ക് ബംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലിൽ പ്രത്യേകം അടുക്കളയും വനിതാ തടവുകാരുടെ സഹായങ്ങളും അടക്കം നിരവധി ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് നേരത്തേ രൂപ റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന് രൂപക്കെതിരെ ആരോപണങ്ങളുയരുകയും പിന്നീട് ഇവരെ ട്രാഫിക്കിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു. അതിനിടെയാണ് തന്‍റെ കണ്ടെത്തലുകളെ ന്യായീകരിക്കുന്ന രണ്ടാം റിപ്പോർട്ട് രൂപ പുറത്തുവിട്ടിരിക്കുന്നത്.

ജയിലിൽ ശശികലയുടെ വ്യക്തിപരമായ യോഗത്തിന് വേണ്ടി മാത്രം അഞ്ച് സെല്ലുകൾ തുറന്നിടുകയാണ് പതിവ്. ശശികല താമസിക്കുന്ന മുറിക്കടുത്തുള്ള ഇടനാഴി ബാരിക്കേഡുകൾ വെച്ച് തടഞ്ഞിട്ടുണ്ട്. മറ്റുള്ളവർക്ക് ഇതുവഴി പ്രവേശനമില്ല. പ്രത്യേകം പാത്രങ്ങളിലാണ് ഇവർക്ക് ഭക്ഷണം നൽകുന്നത്. വിശ്രമിക്കാനും ഉറങ്ങാനും മറ്റ് സൗകര്യങ്ങൾ അനുവദിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 

കഴിഞ്ഞയാഴ്ച പുറത്തുവന്ന റിപ്പോർട്ട് കർണാടകയിൽ വലിയ രാഷ്ട്രീയ ചലനത്തിന് ഇടയാക്കിയിരുന്നു. ജയിൽ ഡി.ജി.പി എച്ച്.എസ്.എൻ റാവുവിനെതിരെയും റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. ജയിലിലെ സൗകര്യങ്ങൾക്കുവേണ്ടി ശശികല രണ്ട് കോടി രൂപ കൈക്കൂലി നൽകിയെന്നും ഇതിൽ ഒരു പങ്ക് ജിയൽ ഡി.ജി.പി കൈപ്പറ്റിയെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.

സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ റിപ്പോർട്ട് പുറത്തുവന്നതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യയും രൂപക്കെതിരെ അഭിപ്രായപ്രകടനം നടത്തി. സർവീസ് നിയമങ്ങൾ മറികടക്കുന്ന പ്രവൃത്തിയാണ് ഓഫിസർ നടത്തിയതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. രൂപ മാധ്യമപ്രവർത്തകരെ സമീപിച്ചത് സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും ഇതിൽ അന്വേഷണം നടക്കുകയാണെന്നുമാണ് ഇപ്പോൾ അധികൃതർ നൽകുന്ന വിശദീകരണം. 
 

Tags:    
News Summary - 5 Cells Were Left Unlocked For VK Sasikala's Personal Use- india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.