പുരുഷന്മാർ ജാഗ്രതൈ: രാജ്യത്ത് കോവിഡ് മരണങ്ങളിൽ 70 ശതമാനവും പുരുഷന്മാർ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരിൽ 70 ശതമാനം പേരും പുരുഷന്മാർ. വൈറസ് ബാധിക്കുന്ന 30 ശതമാനം സ്ത്രീകൾ മാത്രമാണ് മരണത്തിന് കീഴടങ്ങുന്നത്. ഇതുകൂടാതെ, മരണപ്പെട്ടവരിൽ 47 ശതമാനം പേരും 60 വയസിന് താഴെയുള്ളവരാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. കോവിഡ് ബാധിച്ച് 1,10,116 പേരാണ് രാജ്യത്താകെ മരണമടഞ്ഞത്.

60 വയസിന് മുകളിലുള്ളവർക്ക് കോവിഡ് ബാധിക്കുന്നത് മാരകമാകുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, രാജ്യത്ത് ആകെ മരണത്തിന്‍റെ 53 ശതമാനം മാത്രമാണ് 60ന് മുകളിലുള്ളവർ. മരിച്ചവരിൽ 35 ശതമാനം പേർ 45നും 60നും ഇടയിൽ പ്രായമുള്ളവരാണ്.

26നും 44നും ഇടയിൽ പ്രായമുള്ളവർ ആകെ മരണത്തിന്‍റെ 10 ശതമാനമാണ്. 18നും 25നും ഇടയിൽ പ്രായമുള്ള ഒരു ശതമാനം പേർ മാത്രമാണ് മരിച്ചത്.

60ന് മുകളിലുള്ള കോവിഡ് രോഗികളിൽ മറ്റ് അസുഖങ്ങളുള്ള 24.6 ശതമാനം പേർ മരണത്തിന് കീഴടങ്ങി. മറ്റ് അസുഖങ്ങളില്ലാത്ത 60ന് മുകളിലുള്ള രോഗികളിൽ 4.8 ശതമാനമാണ് മരണനിരക്ക്.

45നും 60നും ഇടയിൽ പ്രായമുള്ള മറ്റ് അസുഖങ്ങളുള്ളവരിൽ 13.9 ശതമാനം പേർ മരിച്ചു. മറ്റ് അസുഖങ്ങളില്ലാത്തവരിൽ 1.5 ശതമാനമാണ് മരണനിരക്ക്.

ആകെ മരണനിരക്കിൽ, മറ്റ് അസുഖങ്ങളുള്ള കോവിഡ് രോഗികളിൽ 17.9 ശതമാനം പേരും മരണത്തിന് കീഴടങ്ങി. മറ്റ് അസുഖങ്ങളില്ലാത്തവരിൽ 1.2 ശതമാനം മാത്രമാണ് മരിച്ചത്.

രാജ്യത്ത് കോവിഡ് പോസിറ്റിവിറ്റി നിരക്കിൽ കുറവ് വന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. സെപ്റ്റംബർ ഒമ്പതിനും 15നും ഇടക്ക് 8.50ശതമാനം ആയിരുന്ന പോസിറ്റിവിറ്റി നിരക്ക് നിലവിൽ 6.24 ആയി കുറഞ്ഞിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.