ഇസ്രായേലിൽ നിന്ന് 25,000 ഇന്ത്യക്കാരെ ഒഴിപ്പിക്കും; ഇറാനിലുള്ള 200 വിദ്യാർഥികൾ അർമേനിയ അതിർത്തി കടന്നു

ന്യൂഡൽഹി: ഇസ്രായേൽ -ഇറാൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇരുരാജ്യങ്ങളിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നടപടി തുടങ്ങിയതായി റിപ്പോർട്ട്. ഇസ്രായേൽ തലസ്ഥാനമായ തെൽഅവീവിൽ നിന്ന് ജോർഡൻ, ഈജിപ്ത് അതിർത്തി വഴി ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാനാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെ തീരുമാനം. 25,000തോളം പേരെയെങ്കിലും ഒഴിപ്പിക്കേണ്ടി വരുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.

ഇന്ത്യൻ പൗരന്മാർക്ക് ബന്ധപ്പെടാൻ +972 54-7520711, +972 54-3278392 എന്നീ ടെലിഫോൺ നമ്പറുകളും cons1.telaviv@mea.gov.in ഇമെയ്‍ൽ സൗകര്യവും ഇസ്രായേലിലെ ഇന്ത്യൻ എംബസി എക്സിലൂടെ പുറത്തുവിട്ടു. എന്നാൽ, സ്ഥിതിഗതികൾ നോക്കി ഇസ്രായേൽ വിടാമെന്നാണ് മലയാളികൾ തീരുമാനിച്ചിട്ടുള്ളത്. 

അതിനിടെ, ഇറാനിലും ഇന്ത്യൻ പൗരന്മാരെ ഒഴുപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇറാനിൽ നിന്നും 200റോളം വിദ്യാർഥികൾ അർമേനിയ വഴി അതിർത്തി കടന്നു. ഇറാനിലെ ഇന്ത്യൻ പൗരന്മാർ തെഹ്റാനിലെ എംബസിയുമായി ഉടൻ ബന്ധപ്പെടണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതിനായി +989010144557, +989128109115, +989128109109 എന്ന ടെലിഫോൺ നമ്പർ ഉപയോഗിക്കാമെന്ന് എക്സിലൂടെ ഇറാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.

ഇറാനിൽ കുടുങ്ങി കിടക്കുന്ന പതിനായിരത്തോളം വരുന്ന വിദ്യാർഥികളെ സുരക്ഷിതമായി ഒഴിപ്പിക്കാനാണ് ഇന്ത്യൻ അധികൃതരുടെ ശ്രമം. ഇറാൻ വ്യോമപാത അടച്ച സാഹചര്യത്തിൽ അസർബൈജാൻ, തുർക്മിസ്താൻ, അഫ്ഗാനിസ്താൻ എന്നീ അതിർത്തികൾ വഴി പുറത്തെത്തിക്കാനാണ് നീക്കം. 

പൗരന്മാരെ ഒഴിപ്പിക്കുന്ന വിഷയത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ഇസ്രായേൽ, ഇറാൻ വിദേശകാര്യ മന്ത്രിമാരുമായി സംസാരിച്ചു. ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിന് ഇരു വിദേശകാര്യ മന്ത്രിമാരും പിന്തുണ അറിയിച്ചിട്ടുണ്ട്.

ഇന്ത്യക്ക് എല്ലാ പിന്തുണയും നൽകുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രാലയ വക്താവ് ജനറൽ എഫി ഡെഫ്രിനും വ്യക്തമാക്കി. ഒഴിപ്പിക്കൽ നടപടിയിൽ ഇറാനിലെ സർവകലാശാലകൾ കൂടി പങ്കുചേരണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

ആശങ്കയിലായ ഇരു രാജ്യങ്ങളിലെയും പൗരന്മാരുമായി ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ആശയവിനിമയം നടത്തുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ മുഴുവൻ ഇന്ത്യൻ പൗരന്മാരും ഇന്ത്യൻ വംശജരും ജാഗ്രത പാലിക്കണം, ഇസ്രായേൽ, ഇറാൻ അധികാരികൾ പുറപ്പെടുവിക്കുന്ന സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കണം, രാജ്യത്തിനുള്ളിൽ അനാവശ്യ യാത്രകൾ ഒഴിവാക്കുക, സുരക്ഷാ ഷെൽട്ടറുകൾക്ക് സമീപം തുടരുക, പ്രാദേശിക അധികാരികൾ നിർദേശിക്കുന്ന സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കണം തുടങ്ങിയ നിർദേശങ്ങൾ എംബസികൾ പുറപ്പെടുവിച്ചിട്ടുണ്ട്.

അതേസമയം, ഇസ്രായേൽ-ഇറാൻ യുദ്ധം അഞ്ചാം ദിവസവും തുടരുകയാണ്. ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇറാനിൽ 220 പേരും ഇറാന്‍റെ പ്രത്യാക്രമണത്തിൽ 24 ഇസ്രായേലികളും കൊല്ലപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - 25,000 Indians to be evacuated from Israel; 200 students in Iran cross Armenia border

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.