ലഖ്നോ: ഉയരക്കുറവിന്റെ പേരിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയാത്തതിന്റെ വിഷമത്തിലായിരുന്നു യു.പിയിലെ ശാമിൽ ജില്ലയിൽ താമസിക്കുന്ന അസീം മൻസൂരി. ഇക്കാര്യം പറഞ്ഞ് അസീം മുട്ടാത്ത വാതിലുകളില്ല. നിരവധി രാഷ്ട്രീയക്കാരോടും സങ്കടം ബോധിപ്പിച്ചു. 2019ൽ അന്നത്തെ യു.പി മുഖ്യമന്ത്രിയായിരുന്ന അഖിലേഷ് യാദവിനെ കണ്ടും പരാതി പറഞ്ഞു.
ഏറെ അലഞ്ഞെങ്കിലും മനസിനിണങ്ങിയ പെൺകുട്ടിയെ കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് അദ്ദേഹം ഇപ്പോൾ. വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെയും നേരിട്ട് ക്ഷണിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം സൂചിപ്പിച്ച് അസീം ട്വീറ്റ് ചെയ്തിട്ടുണ്ട്. നവംബർ ഏഴിനാണ് അസീമും ബുഷറയും തമ്മിലുള്ള വിവാഹം.
അസീം 2021 മാർച്ചിലാണ് തന്റെ മനസിന് ഇണങ്ങിയ പെൺകുട്ടിയെ കണ്ടുപിടിച്ചത്. മൂന്നടിയാണ് ബുഷ്റയുടെ ഉയരം. ഹാപർ സ്വദേശിനിയാണ്. ഇക്കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം. ബിരുദധാരിയാണ് ബുഷറ. കോസ്മറ്റിക് കട നടത്തുന്ന അസീമിന് സാമാന്യം നല്ല വരുമാനം ലഭിക്കുന്നുണ്ട്. കുടുംബത്തിലെ ഏറ്റവും ഇളയ ആളാണ്.
2.3 അടിയാണ് അസീമിന്റെ ഉയരം. സഹപാഠികളുടെ കളിയാക്കൽ സഹിക്കാൻ കഴിയാതായതോടെയാണ് അഞ്ചാം ക്ലാസിൽ പഠനം നിർത്തിയത്. അന്നു തൊട്ട് കടയിൽ സഹോദരനെ സഹായിക്കാൻ ഒപ്പം കൂടിയതാണ്.
''വരുന്ന നവംബർ ഏഴിനാണ് എന്റെ വിവാഹം. വിവാഹ ക്ഷണക്കത്ത് മോദിക്കും യോഗിക്കും നൽകും. ഡൽഹിയിലെത്തി പ്രധാനമന്ത്രിയെ നേരിൽ ക്ഷണിക്കാനാണ് ആഗ്രഹിക്കുന്നത്''-അസീം പറഞ്ഞു. വിവാഹദിനത്തിൽ അണിയാൻ പ്രത്യേകം ഷെർവാണിയും സ്യൂട്ടും തയ്പിച്ചു വെച്ചിട്ടുണ്ട് അസീം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.