ഉറി ആക്രമണം: പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം വിളിക്കണം -കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഉറി ഭീകരാക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ സുരക്ഷാസ്ഥിതി വിലയിരുത്താന്‍ രണ്ടു ദിവസത്തെ പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം വിളിക്കണമെന്ന് കോണ്‍ഗ്രസ്. വാചകക്കസര്‍ത്തിനപ്പുറത്തെ നടപടിക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നില്ളെന്ന് കുറ്റപ്പെടുത്തിയ കോണ്‍ഗ്രസ്, പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനത്തിലൂടെ പാകിസ്താനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യവും മുന്നോട്ടുവെച്ചു. ഡല്‍ഹിയിലെ പാക് ഹൈകമീഷനിലെയും ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈകമീഷനിലെയും അംഗബലം കുറക്കണമെന്നതാണ് മറ്റൊരു നിര്‍ദേശം. മിക്കവാറും പൂര്‍ണമായൊരു സാമ്പത്തിക ഉപരോധം പാകിസ്താനു മേല്‍ ഏര്‍പ്പെടുത്തണം. പാകിസ്താനുള്ള സാമ്പത്തിക സഹായം കുറക്കുന്നതിന് പ്രമുഖ ലോകശക്തികളുമായി സംഭാഷണം നടത്തണം.

ബലൂചിസ്താന്‍ നേതാവ് ബുഗ്തിക്ക് അഭയം നല്‍കുന്ന കാര്യം കേന്ദ്രം താമസിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വി വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. പാകിസ്താനെ പാഠം പഠിപ്പിക്കാന്‍ പാകത്തില്‍ സിന്ധു നദീജല കരാര്‍ റദ്ദാക്കാന്‍ വകുപ്പുണ്ട്. ഉടമ്പടി സംബന്ധിച്ച നിയമത്തിലെ വിയന പ്രമാണം 62ാം അനുഛേദ പ്രകാരം സിന്ധുനദീജല കരാറില്‍നിന്ന് പിന്മാറാന്‍ ഇന്ത്യക്ക് കഴിയും. ചോരയും വെള്ളവും ഒന്നിച്ചുപോകില്ളെന്നും മറ്റുമുള്ള വലിയ വര്‍ത്തമാനങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കാന്‍ പറ്റും. എന്നാല്‍, അത്തരം പ്രഖ്യാപനങ്ങളുടെ കാര്യത്തില്‍ സംയമനം പാലിക്കണം. കരാര്‍ വ്യവസ്ഥകള്‍ക്കുള്ളില്‍നിന്നു പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍, വിവിധ മേഖലകളില്‍ ഡാം നിര്‍മിക്കാന്‍ കഴിയും. അങ്ങനെ ചെയ്യുന്നത് പാകിസ്താനെ ദോഷകരമായി ബാധിക്കും. ഇക്കാര്യങ്ങളിലെല്ലാം തീരുമാനമെടുക്കേണ്ടത് സര്‍ക്കാറാണെന്നും എന്നാല്‍, കര്‍മശേഷി പ്രകടമാക്കുന്നില്ളെന്നും അഭിഷേക് സിങ്വി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.