മുസ്ലിംകളെ ശുദ്ധീകരിക്കണം; പ്രീണനമില്ല –മോദി

കോഴിക്കോട്: ന്യൂനപക്ഷങ്ങളോട്, വിശേഷിച്ച് മുസ്ലിംകളോട് 50 വര്‍ഷം മുമ്പ് ഭാരതീയ ജനസംഘം പ്രസിഡന്‍റ് ദീനദയാല്‍ ഉപാധ്യായ സ്വീകരിച്ച നയം തുടരാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. മുസ്ലിംകളെ പ്രീണിപ്പിക്കുകയോ അവഹേളിക്കുകയോ ചെയ്യാതെ അവരെ ശുദ്ധീകരിക്കുകയെന്നതാണ് ഈ നയമെന്നും മോദി കൂട്ടിച്ചേര്‍ത്തു. മൂന്നുനാള്‍ നീണ്ട ബി.ജെ.പി ദേശീയ കൗണ്‍സിലിന് സമാപനം കുറിച്ച് കോഴിക്കോട് സ്വപ്ന നഗരിയില്‍ നടത്തിയ പ്രസംഗത്തിലാണ് അധികാരമേറ്റശേഷം ഇതാദ്യമായി മുസ്ലിം ന്യൂനപക്ഷത്തോടുള്ള തന്‍െറ നയം പ്രധാനമന്ത്രി വ്യക്തമാക്കിയത്.
കാലിക്കറ്റ് നമുക്ക് കോഴിക്കോട് ആയതുപോലെയാണ് അന്നത്തെ ഭാരതീയ ജനസംഘം ഇന്ന് ഭാരതീയ ജനതാ പാര്‍ട്ടിയായത് എന്ന് മോദി പറഞ്ഞു. ‘എല്ലാവരുടെയും ക്ഷേമവും എല്ലാവരുടെയും സന്തോഷവും’ എന്നതായിരുന്നു 50 വര്‍ഷം മുമ്പ് ഇതേ നഗരത്തില്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ദീനദയാല്‍ ഉപാധ്യായ ഉയര്‍ത്തിപ്പിടിച്ച നയം. സമൂഹത്തിലെ ഒരംഗവും അസ്പൃശ്യനായിരിക്കാന്‍ പാടില്ളെന്ന് അദ്ദേഹം പഠിപ്പിച്ചു. ന്യൂനപക്ഷങ്ങളോടുള്ള നയം എന്തായിരിക്കണമെന്ന കാര്യത്തില്‍ 50 വര്‍ഷം മുമ്പ് ദീനയാല്‍ ഉപാധ്യായയുടെ കാഴ്ചപ്പാട് എന്തായിരുന്നുവെന്നാണ് നാം നോക്കേണ്ടത്. മതേതരത്തിന് വികൃതമായ പരികല്‍പന നല്‍കുകയും ദേശഭക്തി തെറ്റായ കാര്യമായി കരുതുകയും ചെയ്തിരുന്ന കാലത്താണ് ദീനദയാല്‍ ഉപാധ്യായ തന്‍െറ കാഴ്ചപ്പാട് മുന്നോട്ടുവെച്ചത്.
മുസല്‍മാനെ പ്രീണിപ്പിക്കേണ്ട, അവഹേളിക്കുകയും വേണ്ട, പകരം അവരെ ശുദ്ധീകരിക്കുകയാണ് വേണ്ടതെന്നായിരുന്നു  ദീനദയാല്‍ ഉപാധ്യായയുടെ നയം. മുസല്‍മാനെ വോട്ട് ബാങ്കായി പരിചരിക്കാതെ അവനെ അവനായിതന്നെ കാണുകയാണ് വേണ്ടതെന്നും ഉപാധ്യായ ഓര്‍മിപ്പിച്ചിരുന്നു. പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി വര്‍ഷത്തില്‍ ഈ നയം നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണ് നമ്മള്‍. ഇതുകൊണ്ടാണ് ‘സബ് കാ സാഥ് സബ് കാ വികാസ്’ (എല്ലാവരോടുമൊപ്പം എല്ലാവരുടെയും വികസനം) നാം മുദ്രാവാക്യമാക്കിയത്. എല്ലാവരുടെയും വികസനത്തിനായി നാം കഠിനപരിശ്രമം നടത്തണം.
സമ്പന്നന്‍ താഴത്തേട്ടിലേക്ക് വന്ന്, അവരെ കൈപിടിച്ച് ഉയര്‍ത്തിയെങ്കില്‍ മാത്രമേ സമൂഹത്തില്‍ തുല്യത ഉണ്ടാകൂ എന്ന് ദീനദയാല്‍ ഉപാധ്യായ പറഞ്ഞിട്ടുണ്ട്. എല്ലാവരെയും തുല്യരാക്കാന്‍ അതാണ് ചെയ്യേണ്ടത്. നമ്മുടെ പാര്‍ട്ടി സമൂഹത്തിലെ പാവങ്ങള്‍ക്കുവേണ്ടിയുള്ളതാണ്. നമ്മുടെ എല്ലാ പദ്ധതികളും താഴത്തേട്ടിലുള്ളവര്‍ക്കാണ്. സമൂഹത്തിലെ അസന്തുലനം എങ്ങനെ ഇല്ലാതാക്കാമെന്ന് നാം ആലോചിക്കണം. അതിനായി പുതിയ പദ്ധതികള്‍ ആവശ്യമില്ല. കഴിഞ്ഞ സര്‍ക്കാര്‍ ശ്രദ്ധവെക്കാതിരുന്ന ക്ഷേമപദ്ധതികള്‍ നടപ്പാക്കിയാല്‍തന്നെ മതി. നിലവിലുള്ള 80 കേന്ദ്ര പദ്ധതികള്‍ ദീനദയാലിന്‍െറ ജന്മശതാബ്ദി വര്‍ഷത്തില്‍ നടപ്പാക്കാന്‍ പരിശ്രമിക്കണം. പാവപ്പെട്ടവരുടെ വികസന വര്‍ഷമായി ഈ വര്‍ഷം നാം തെരഞ്ഞെടുത്തിരിക്കുന്നു.
രാജ്യത്ത് തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങളെക്കുറിച്ച് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും മോദി പറഞ്ഞു. ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ ഇത് അനിവാര്യമാണ്. വ്യത്യസ്ത സമയങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച് തനിക്ക് നിരവധി പരാതികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിനാല്‍, തെരഞ്ഞെടുപ്പ് പരിഷ്കരണം സംബന്ധിച്ച് രാജ്യമെങ്ങും ഈ വര്‍ഷം ചര്‍ച്ചകള്‍ സംഘടിപ്പിക്കണമെന്നും മോദി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.