ന്യൂനപക്ഷ പീഡനങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ സംയുക്ത ധര്‍ണ

ന്യൂഡല്‍ഹി: ഭരണഘടനയെ വെല്ലുവിളിച്ചും രാജ്യത്തെ സമാധാനം തകര്‍ത്തും ദലിതുകള്‍ക്കും മുസ്ലിംകള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ വര്‍ഗീയ ശക്തികള്‍ അഴിച്ചുവിടുന്ന അതിക്രമങ്ങള്‍ക്ക് അവസാനമുണ്ടാക്കണമെന്നാവശ്യപ്പെട്ട് തലസ്ഥാനത്ത് പിന്നാക്ക രാഷ്ട്രീയ സംഘടനകളുടെ സംയുക്ത ധര്‍ണ. ദേശീയ-പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടായ്മയായി രൂപവത്കരിച്ച യു.പി ഇത്തിഹാദ് ഫ്രണ്ടിന്‍െറ ആഭിമുഖ്യത്തില്‍ ജന്തര്‍മന്തറിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റശേഷം രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചതായി ഒൗദ്യോഗിക കണക്കുകളില്‍ നിന്നുതന്നെ വ്യക്തമാണെന്ന് ധര്‍ണയില്‍ സംസാരിച്ച നേതാക്കള്‍ പറഞ്ഞു.

എന്നാല്‍, പ്രധാനമന്ത്രി കുറ്റകരമായ മൗനം തുടരുകയാണ്. ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങള്‍ തകര്‍ക്കാനും വര്‍ഗീയ ധ്രുവീകരണം വളര്‍ത്താനുമുള്ള ശ്രമങ്ങള്‍ക്കെതിരെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനവും സമര്‍പ്പിച്ചു. അംബേദ്കര്‍ സമാജ് പാര്‍ട്ടി പ്രസിഡന്‍റ് തേജ്സിങ്, പര്‍ച്ചാം പാര്‍ട്ടി പ്രസിഡന്‍റ് സലീം പീര്‍സാദ, ഇന്ത്യന്‍ നാഷനല്‍ ലീഗ് അധ്യക്ഷന്‍ പ്രഫ. മുഹമ്മദ് സുലൈമാന്‍, വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ദേശീയ അധ്യക്ഷന്‍ എസ്.ക്യു.ആര്‍. ഇല്യാസ്, അവാമി വികാസ് പാര്‍ട്ടി പ്രസിഡന്‍റ് ഷംസീര്‍ പത്താന്‍, സമാജ്വാദി ജനതാ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശ്യാംജി ത്രിപാഠി എന്നിവര്‍ സംസാരിച്ചു.

ഗോരക്ഷയുടെ മറവില്‍ അതിക്രമം നടത്തുന്ന സംഘങ്ങളെ നിരോധിക്കണമെന്നും അക്രമത്തിനിരയായവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.