ജെ.എന്‍.യുവിലേത് രാഷ്ട്രീയ ദിശാമാറ്റത്തിന്‍െറ സൂചന –ബാപ്സ നേതാവ് രാഹുല്‍ സോന്‍പിംപിള്‍

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല യൂനിയന്‍ തെരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തിലെ ദിശാമാറ്റത്തിന്‍െറ സൂചനയായി കാണണമെന്ന് ബാപ്സ നേതാവ് രാഹുല്‍ സോന്‍പിംപിള്‍. ദലിതുകളുടെയും മുസ്ലികളുടെയും യോജിച്ച രാഷ്ട്രീയ മുന്നേറ്റത്തിന്‍െറ ചര്‍ച്ചക്ക് തുടക്കമിടാന്‍ കഴിഞ്ഞതാണ് ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പിന്‍െറ വിജയമെന്നും രാഹുല്‍ വിലയിരുത്തി. ന്യൂഡല്‍ഹിയില്‍ ഇന്ത്യ ഇസ്ലാമിക് ഇന്‍റര്‍നാഷനല്‍ അക്കാദമിക് കോണ്‍ഫറന്‍സില്‍ രാജ്യത്തെ വിദ്യാര്‍ഥിരാഷ്ട്രീയത്തിന്‍െറ ഭാവി സംബന്ധിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു ജെ.എന്‍.യുവില്‍ ഇത്തവണ മുഖ്യധാരാ രാഷ്ട്രീയ സംഘടനകളെ ഞെട്ടിച്ച ‘ബാപ്സ’യുടെ നേതാവ് രാഹുല്‍ സോന്‍പിംപിള്‍.

ഉത്തരേന്ത്യയിലെ ഏതൊരു ഗ്രാമത്തിലെയുംപോലെ ജെ.എന്‍.യുവിലെ ഓരോ ഡിപാര്‍ട്മെന്‍റിലുമുണ്ട് ദലിത്, മുസ്ലിം വിവേചനം. ആനുകാലികങ്ങളില്‍ ഇരകള്‍ക്കുവേണ്ടി ലേഖനങ്ങളെഴുതിക്കൊണ്ടിരിക്കുന്ന ഇടതുപക്ഷ ബുദ്ധിജീവികളൊന്നും തങ്ങളുടെ ഫാക്കല്‍റ്റികളില്‍ ദലിതനെ നിയമിക്കില്ല. യോഗ്യതയില്ളെന്നാണ് കാലങ്ങളായി പറയുന്ന ന്യായം.  ദലിതന്‍െറയും മുസ്ലിമിന്‍െറയും കാര്യങ്ങള്‍ അവരല്ല, തങ്ങളാണ് സംസാരിക്കാന്‍ പ്രാപ്തരെന്നാണ് ഇടതുപക്ഷ സംഘടനകളുടെ നിലപാട്. ദലിതനും മുസ്ലിമും ഇടതുപക്ഷത്തിനൊപ്പം നിന്നാല്‍ അത് അവകാശപ്പോരാട്ടമാകും.

ദലിതന്‍ സ്വന്തം പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാണിച്ചാല്‍ സ്വത്വവാദവും മുസ്ലിം സ്വന്തം പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാണിച്ചാല്‍ മതമൗലികവാദവുമാകും ഇടതുപക്ഷത്തിന്. എസ്.ഐ.ഒയുമായി ചേര്‍ന്ന് ബാപ്സ ഇത്തവണ കാമ്പസിലെ പതിവ് രാഷ്ട്രീയ ചര്‍ച്ചകളെ മാറ്റിമറിച്ചു.
അടുത്ത വര്‍ഷവും ബാപ്സയും എസ്.ഐ.ഒയും യോജിച്ചുനില്‍ക്കുമെന്നും ജെ.എന്‍.യുവിലെ ബ്രാഹ്മണിക്കല്‍ ഇടതുപക്ഷം അതോടെ ഇല്ലാതാകുമെന്നും രാഹുല്‍ അവകാശപ്പെട്ടു.

ഷിംല ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്മിനിസ്ട്രേറ്റിവ് സര്‍വിസ് റിസര്‍ച് ഫെലോ രവി ചന്ദ്രന്‍, വൈ.എഫ്.ഡി.എ ജനറല്‍ സെക്രട്ടറി ഹെബ അഹ്മദ്, അംബേദ്കര്‍ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ മുന്‍ നേതാവ് മുഹമ്മദ് ഷാ, എസ്.ഐ.ഒ കേന്ദ്ര കമ്മിറ്റി അംഗം നഹാസ് മാള എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജെ.എന്‍.യുവിലെ ഗവേഷകന്‍ ആര്‍.എസ്. വസീം മോഡറേറ്ററായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.