തലസ്ഥാനത്തിന് ഉത്സവമായി സംവാദത്തിന്‍െറ സമ്മേളനം

ന്യൂഡല്‍ഹി: രണ്ടു ദിവസമായി തലസ്ഥാനത്ത് നടന്ന ഇന്ത്യ അന്താരാഷ്ട്ര ഇസ്ലാമിക് അക്കാദമിക് കോണ്‍ഫറന്‍സ് വിജ്ഞാന വിനിമയത്തിന്‍െറയും സംവാദങ്ങളുടെയും ഉത്സവമായി.  രാഷ്ട്രീയം, സാമ്പത്തിക ശാസ്ത്രം, കര്‍മശാസ്ത്രം, മാധ്യമധര്‍മം, സ്ത്രീ മുന്നേറ്റം, ലിംഗനീതി, ദേശീയത തുടങ്ങി വിഷയങ്ങളില്‍ നടന്ന സമ്മേളനത്തില്‍ അഞ്ഞൂറിലേറെ പ്രതിനിധികള്‍ പങ്കുചേര്‍ന്നു. 225 പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. മൂര്‍ച്ചയേറിയ സംവാദങ്ങളുടെയും ക്രിയാത്മക ചിന്തകളുടെയും നിര്‍ദേശങ്ങളുടെയും അകമ്പടിയിലാണ് ഓരോ സെഷനും അവസാനിച്ചത്.  

അടിച്ചമര്‍ത്തപ്പെടുന്ന സമൂഹങ്ങളോട് ഐക്യപ്പെടുന്നതും അവര്‍ക്കായി പോരാട്ടങ്ങളില്‍ അണിചേരുന്നതും ഇസ്ലാമിക വിശ്വാസത്തിന്‍െറ അടിസ്ഥാനശിലയാണെന്ന് ഊന്നിപ്പറഞ്ഞ പ്രബന്ധങ്ങള്‍ ഇസ്ലാമിനെതിരെ സൃഷ്ടിക്കപ്പെടുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളും തുറന്നുകാട്ടി.   സ്റ്റുഡന്‍റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ (എസ്.ഐ.ഒ) സംഘടിപ്പിച്ച സമ്മേളനത്തിന്‍െറ വിവിധ സെഷനുകള്‍ക്ക് പ്രഫ. നിവേദിതാ മേനോന്‍, ഡോ. സഫറുല്‍ ഇസ്ലാം ഖാന്‍, എം.ടി. അന്‍സാരി, ജെനി റൊവേന, ഡോ. എം.എച്ച്. ഇല്യാസ്, ഡോ. ബദീഉസ്സമാന്‍, ഷീബാ അസ്ലം ഫലാഹി, ഡോ. എറിക് വിംഗിള്‍, റോബര്‍ട്ട് ഫ്ളഷര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഇന്ത്യയിലെ പ്രമുഖ സര്‍വകലാശാലകളിലെയും ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാര്‍ഥികള്‍ക്കു പുറമെ യു.കെ, തുര്‍ക്കി, മലേഷ്യ, ഇന്തോനേഷ്യ, ഇറാന്‍, ഹംഗറി, മെക്സികോ, ബംഗ്ളാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളാണ് പങ്കെടുത്തത്. സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രബന്ധങ്ങളുടെ സമാഹാരം ഈ വര്‍ഷം അവസാനം പുറത്തിറക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.