570 കോടി വിശാഖപട്ടണത്തേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കിയിരുന്നതായി റിസര്‍വ് ബാങ്ക്

കോയമ്പത്തൂര്‍: തിരുപ്പൂരിന് സമീപം തെരഞ്ഞെടുപ്പ് കമീഷന്‍ അധികൃതര്‍ പിടികൂടിയ 570 കോടി രൂപയുടെ കറന്‍സി വിശാഖപട്ടണത്തേക്ക് കൊണ്ടുപോകുന്നതിന് ഏപ്രില്‍ 18ന് അനുമതി നല്‍കിയിരുന്നതായി റിസര്‍വ് ബാങ്ക് അധികൃതര്‍ മദ്രാസ് ഹൈകോടതിയെ അറിയിച്ചു. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകനായ ട്രാഫിക് രാമസ്വാമി സമര്‍പ്പിച്ച ഹരജിയിലാണ് റിസര്‍വ് ബാങ്കിന്‍െറ വിശദീകരണം. ഇതിന് മുമ്പും ഇത്തരത്തില്‍ വന്‍ തുക ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ടെന്നും റിസര്‍വ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.
മൂന്ന് ട്രക്കുകളില്‍നിന്നായി പിടികൂടിയ 570 കോടി രൂപ തെരഞ്ഞെടുപ്പ് കമീഷന്‍ ആദായനികുതി വകുപ്പിന് കൈമാറിയിരുന്നു. പിന്നീട് സുരക്ഷ കണക്കിലെടുത്ത് ആദായനികുതി വകുപ്പിന്‍െറ നിര്‍ദേശപ്രകാരം തിരുപ്പൂര്‍ കലക്ടറേറ്റില്‍നിന്ന് കറന്‍സി കോയമ്പത്തൂര്‍ എസ്.ബി.ഐ മുഖ്യ ബ്രാഞ്ചിന്‍െറ ചെസ്റ്റിലേക്ക് മാറ്റുകയായിരുന്നു. ലോറികളിലുണ്ടായിരുന്ന പണം മുഴുവന്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ എണ്ണി തിട്ടപ്പെടുത്തി 570 കോടി രൂപയാണെന്ന് സ്ഥിരീകരിച്ചു. എസ്.ബി.ഐ-ആര്‍.ബി.ഐ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച രേഖകള്‍ പൊലീസും ആദായനികുതി അധികൃതരും പരിശോധിച്ചു. ക്രമവിരുദ്ധമായ നടപടികളൊന്നും ഉണ്ടായിട്ടില്ളെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ പണം കൊണ്ടുപോകുന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷനെ അറിയിക്കാത്തത് മാത്രമാണ് ചെറിയ വീഴ്ചയായതെന്നും ആദായനികുതി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഐ.ടി അധികൃതരും പൊലീസും നല്‍കിയ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ ബുധനാഴ്ച ഉച്ചക്ക് ശേഷം പണം എസ്.ബി.ഐക്ക് ഒൗദ്യോഗികമായി കൈമാറുകയായിരുന്നു. ഇക്കാര്യം എസ്.ബി.ഐ വാര്‍ത്താക്കുറിപ്പില്‍ സ്ഥിരീകരിച്ചു. മാര്‍ച്ചിലാണ് വിശാഖപട്ടണത്തിലെ എസ്.ബി.ഐ സ്പെഷല്‍ കറന്‍സി അഡ്മിനിസ്ട്രേഷന്‍ ശാഖ കോയമ്പത്തൂരില്‍നിന്ന് പണം കൊണ്ടുവരുന്നതിന് അനുമതി ആവശ്യപ്പെട്ടിരുന്നത്. ട്രക്കുകളില്‍ കോടികളുടെ കറന്‍സി പിടികൂടിയതുമായി ബന്ധപ്പെട്ട് രാഷ്ട്രീയകക്ഷി നേതാക്കളും മാധ്യമങ്ങളും നടപടിക്രമങ്ങളിലെ ദുരൂഹത ഉയര്‍ത്തിക്കാണിച്ചിരുന്നു. അതിനിടെയാണ് പ്രശ്നം മദ്രാസ് ഹൈകോടതിയിലത്തെിയത്. എസ്.ബി.ഐ-ആര്‍.ബി.ഐ അധികൃതര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.