വെള്ളം മോഷ്ടിച്ച കര്‍ഷകന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ വരള്‍ച്ചബാധിത പ്രദേശമായ ബുണ്ടെല്‍ഖണ്ഡില്‍ വെള്ളം മോഷ്ടിച്ചതിന് കര്‍ഷകനെ അറസ്റ്റ് ചെയ്തു. ബുണ്ടെല്‍ഖണ്ഡിലെ മഹോബയിലെ ഊര്‍മിള്‍ ഡാമില്‍നിന്ന് വെള്ളം മോഷ്ടിച്ചുവെന്നാരോപിച്ചാണ് 55കാരനായ ഹിര ലാല്‍ യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഹിര ലാല്‍ ഡാമിലെ ഒരു വാല്‍വ് നശിപ്പിച്ച് തന്‍െറ കൃഷിയിടത്തിലേക്ക് ചെറിയ കനാല്‍ വഴി വെള്ളം തിരിച്ചുവിട്ടതായി പൊലീസ് ആരോപിക്കുന്നു. എന്നാല്‍, വാല്‍വ് നേരത്തേ പൊട്ടിയതാണെന്നും ചോര്‍ന്നുപോകുന്ന വെള്ളം കൃഷിയിടത്തിലേക്കു തിരിച്ചുവിടുക മാത്രമാണ് ചെയ്തതെന്നും ഹിര ലാലിന്‍െറ കുടുംബം പറയുന്നു. തങ്ങളുടെ തെറ്റ് മറച്ചുവെക്കാന്‍ വേണ്ടി അവര്‍ ഹിര ലാലിനെ മറയാക്കുകയാണെന്നും അവര്‍ ആരോപിച്ചു. ഡാമിന്‍െറ വാല്‍വ് തകര്‍ത്ത ഹിര ലാല്‍ അതില്‍നിന്നുള്ള വെള്ളം കൃഷിക്കുപയോഗിക്കുന്നതിനായി ഒരു കുഴിയില്‍ സൂക്ഷിക്കുകയായിരുന്നുവെന്ന് മഹോബ എസ്.പി ഗൗരവ് സിങ് പറഞ്ഞു. മഹോബ ജലവകുപ്പിലെ ജോയന്‍റ് എന്‍ജിനീയര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അധീനതയിലുള്ള വസ്തു നശിപ്പിച്ചെന്ന പേരില്‍ ഹിര ലാലിനെതിരെ 430, 353 വകുപ്പുകള്‍ ചുമത്തിയതായും അദ്ദേഹം അറിയിച്ചു. തുടര്‍ച്ചയായി മൂന്നാം വര്‍ഷവും കനത്ത വരള്‍ച്ചയാണ് ഉത്തര്‍പ്രദേശിലെ ബുണ്ടെല്‍ഖണ്ഡ് മേഖല അഭിമുഖീകരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.