ദലിതുകള്‍ പ്രവേശിക്കാതിരിക്കാന്‍ ഹാസ്സനില്‍ ക്ഷേത്രോത്സവം ഉപേക്ഷിച്ചു

ബംഗളൂരു: ഹാസ്സനില്‍ ദലിതുകളുടെ ക്ഷേത്രപ്രവേശത്തെ എതിര്‍ത്ത ഉന്നതജാതിക്കാര്‍ രഥോത്സവം ഉപേക്ഷിച്ചു. അര്‍സികെരെ താലൂക്കിലെ അറകെരെ ഗ്രാമത്തില്‍ ഏപ്രില്‍ ഒന്നിന് നടക്കേണ്ടിയിരുന്ന വാര്‍ഷിക രഥോത്സവമാണ് ദലിതുകള്‍ പങ്കെടുക്കുമെന്ന് ഭയന്ന് ഒഴിവാക്കിയത്. ക്ഷേത്രോത്സവത്തില്‍ നേരിടുന്ന വിവേചനം അവസാനിപ്പിക്കണമെന്നും കരിയമ്മ ക്ഷേത്രത്തില്‍ പ്രവേശം നല്‍കണമെന്നും ചൂണ്ടിക്കാട്ടി ഹാസ്സന്‍ അഡീഷനല്‍ ഡെപ്യൂട്ടി കമീഷണര്‍ കെ.എം. ജാനകിക്ക് ദലിതുകള്‍ പരാതി നല്‍കിയിരുന്നു. ഇതിന്‍െറഭാഗമായി ഞായറാഴ്ച വിളിച്ചുചേര്‍ത്ത യോഗത്തിലാണ് രാഥോത്സവം ഉപേക്ഷിക്കുന്നതായി ഉന്നതജാതിക്കാരുടെ പ്രതിനിധികള്‍ അറിയിച്ചത്.

ഗ്രാമത്തില്‍ തൊട്ടുകൂടായ്മ നിലനില്‍ക്കുന്നുണ്ടെന്നും ദലിതുകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശം നിഷേധിക്കുകയാണെന്നും പരാതിയില്‍ പറയുന്നു. ഗ്രാമത്തിലെ റോഡുകള്‍ വൃത്തിയാക്കുന്നത് ഉള്‍പ്പെടെയുള്ള പാരമ്പര്യ ആചാരങ്ങള്‍ അനുഷ്ഠിക്കാന്‍ നിര്‍ബന്ധിതരാകുകയാണ്. വിഷയത്തില്‍ പരിഹാരം കാണുന്നതിന്‍െറ ഭാഗമായി കമീഷണര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് യോഗം വിളിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ദലിത് സമുദായത്തിലെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. ഉത്സവത്തിന്‍െറ ഭാഗമായി ഉന്നതജാതിക്കാരുടെ കോളനികള്‍ സന്ദര്‍ശിക്കുന്ന ബാന്‍ഡ് സംഘങ്ങള്‍ തങ്ങളുടെ കോളനികളും സന്ദര്‍ശിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ പങ്കെടുത്ത ഉന്നതജാതിക്കാര്‍ ഇതിനെ എതിര്‍ക്കുകയും ക്ഷേത്രത്തില്‍ പ്രവേശം നല്‍കില്ളെന്നും വ്യക്തമാക്കി. ഗ്രാമത്തില്‍ 1400 വീടുകളാണുള്ളത്. ദലിതുകളുടെ സാന്നിധ്യം നൂറു കുടുംബങ്ങളിലൊതുങ്ങും. വാര്‍ഷികോത്സവമായ കരിയമ്മ ജാത്ര മഹോത്സവത്തില്‍ ദലിതുകള്‍ക്കുള്ള വിവേചനം അവസാനിപ്പിക്കണമെന്നായിരുന്നു ഇവരുടെ പ്രധാന ആവശ്യം. ക്ഷേത്രത്തില്‍ പ്രവേശം അനുവദിക്കുമെന്നും വിവേചനം അവസാനിപ്പിക്കുമെന്നും യോഗത്തില്‍ ഉന്നതജാതിക്കാര്‍ ആദ്യം തീരുമാനമെടുത്തെങ്കിലും പിന്നീട് മാറ്റുകയായിരുന്നെന്ന് മഡിഗ ദണ്ടോര ഹൊറത്ത സമിതി ജില്ലാ പ്രസിഡന്‍റ് വിജയ്കുമാര്‍ പറഞ്ഞു. ഇതിനെതിരെ സംഘടന പ്രതിഷേധധര്‍ണ നടത്തും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.