രോഹിതിനും കനയ്യക്കും ഇറോം ശര്‍മിള സ്കോളര്‍ഷിപ്


ന്യൂഡല്‍ഹി: സായുധസേനാ പ്രത്യേകാധികാര നിയമത്തിനെതിരെ പോരാടുന്ന  ഇറോം ശര്‍മിളയുടെ പേരില്‍ ഏര്‍പ്പെടുത്തിയ സ്കോളര്‍ഷിപ് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ മരണംവരിച്ച രോഹിത് വെമുലക്കും ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ഥി യൂനിയനും. ജാതിവെറിക്കെതിരെ പോരാടുകയും മരണശേഷം രാജ്യത്തെ വിദ്യാര്‍ഥി-പൗരാവകാശസമൂഹത്തെ പോരാട്ടവീഥിയിലത്തെിക്കുകയും ചെയ്ത രോഹിതിന് മരണാനന്തര ബഹുമതിയായാണ് സ്കോളര്‍ഷിപ്. വിദ്യാര്‍ഥി അവകാശ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് കണക്കിലെടുത്ത് വിദ്യാര്‍ഥി യൂനിയനെ പ്രതിനിധാനംചെയ്ത് പ്രസിഡന്‍റ് കനയ്യ കുമാറിനാണ് പുരസ്കാരം നല്‍കിയത്. അനീതിക്കെതിരെ ഇറോം ശര്‍മിള മുന്നോട്ടുവെക്കുന്ന പോരാട്ടരാഷ്ട്രീയത്തിനു സമാനമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ബിരുദാനന്തരബിരുദ വിദ്യാര്‍ഥികള്‍ക്കായി ഡല്‍ഹി സര്‍വകലാശാല അധ്യാപിക ഡോ. നന്ദിനി സുന്ദര്‍ 2012ല്‍ ഏര്‍പ്പെടുത്തിയതാണ്  ഈ അംഗീകാരം. സംഘര്‍ഷ മേഖലകളില്‍നിന്നു വരുന്നവരോ കരിനിയമങ്ങള്‍ക്കെതിരെ പൊരുതുന്നവരോ ആയ വിദ്യാര്‍ഥികളില്‍നിന്ന് നാമനിര്‍ദേശം ക്ഷണിച്ചാണ് പുരസ്കാരം നല്‍കിവന്നിരുന്നത്. എന്നാല്‍, ഇക്കുറി രാജ്യത്തെ പൗരാവകാശമുന്നേറ്റങ്ങള്‍ക്ക് കരുത്തുപകര്‍ന്ന രോഹിതിനും ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയനും നല്‍കാന്‍ സമിതി സംയുക്തമായി തീരുമാനിക്കുകയായിരുന്നു. അരലക്ഷം രൂപയുടെ പുരസ്കാരം രോഹിതിനു വേണ്ടി ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല ജോയന്‍റ് ആക്ഷന്‍ കമ്മിറ്റി അംഗം വെങ്കടും ജെ.എന്‍.എസ്.യുവിനുവേണ്ടി കനയ്യ, രാമനാഗ എന്നിവരും ജെ.എന്‍.യു അധ്യാപക അസോസിയേഷന്‍ പ്രസിഡന്‍റ് അജയ് പട്നായിക്കില്‍നിന്ന് ഏറ്റുവാങ്ങി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.