മുംബൈ: ആർ.എസ്.എസ് പ്രവർത്തകൻ 2014ൽ സമർപ്പിച്ച മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഭിവണ്ടി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി. തന്റെ പുതിയ ജാമ്യക്കാരനായി പാർട്ടി മഹാരാഷ്ട്ര അധ്യക്ഷൻ ഹർഷവർധൻ സപ്കലിന്റെ പേര് അദ്ദേഹം സമർപ്പിച്ചു. ഹർഷവർധൻ സപ്കൽ, മറ്റു മുതിർന്ന നേതാക്കൾ എന്നിവർക്കൊപ്പമാണ് രാഹുൽ കോടതിയിൽ എത്തിയത്.
താണെ ജില്ലയിലെ കോടതിയിലേക്ക് പോകുന്നതിനിടെ മുലുന്ദ് ടോൾ പ്ലാസയിൽ വെച്ച് ബി.ജെ.പി പ്രവർത്തകർ രാഹുലിനെ കരിങ്കൊടി കാണിച്ചു. ഡൽഹിയിലെ എ.ഐ ഉച്ചകോടിക്കിടെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിലൂടെ ഇന്ത്യയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് കരിങ്കൊടി കാണിച്ചത്.
2014ൽ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സൊനാലെയിൽ നടത്തിയ പ്രസംഗത്തിൽ ഗാന്ധി വധത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന് പ്രസ്താവന നടത്തിയെന്ന് ആരോപിച്ചാണ് രാജേഷ് കുന്ദെ എന്നയാൾ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. 2016ൽ മുൻ കേന്ദ്ര മന്ത്രി ശിവരാജ് പാട്ടീൽ ജാമ്യക്കാരനായാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. ശിവരാജ് പാട്ടീൽ കഴിഞ്ഞ ഡിസംബർ 12ന് അന്തരിച്ചതിനെ തുടർന്നാണ് പുതിയ ജാമ്യക്കാരൻ വേണ്ടിവന്നത്.
പുതിയ ജാമ്യ ബോണ്ട് സമർപ്പിക്കുന്നതുൾപ്പെടെയുള്ള നടപടി ക്രമങ്ങൾ 15 മിനിറ്റിനകം പൂർത്തിയാക്കി രാഹുൽ മുംബൈയിലേക്ക് മടങ്ങി. കേസ് ഏപ്രിൽ നാലിന് പരിഗണിക്കുന്നതിനായി മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.